തിരുവനന്തപുരം: ദേശീയപാത ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ കണ്ണൂര്‍ കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത. കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ നടത്തിയ പ്രസ്താവനയോട് മുന്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ വി. എം സുധീരന്‍ വിയോജിപ്പ്‌ പ്രകടിപ്പിച്ചതോടെയാണ്‌ ഭിന്നത രൂക്ഷമായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വിഷയം പഠിച്ചും പഠിക്കാതെയും പലരും പ്രതികരിക്കുമെന്നും മുരളീധരന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും സുധീരന്‍ വ്യക്തമാക്കിയിരുന്നു. 


വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തിനെതിരെ സിപിഎം പ്രയോഗിക്കുന്നത് പഴയ കമ്മ്യൂണിസ്റ്റ് സമരങ്ങള്‍ അടിച്ചമര്‍ത്തിയ ഫ്യൂഡല്‍ മാടമ്പിമാരുടെ തന്ത്രങ്ങളാണെന്നും വി. എം സുധീരന്‍ ആരോപിച്ചിരുന്നു.


അതേസമയം കീഴാറ്റൂരില്‍ സമരം ചെയ്യുന്ന വയല്‍ക്കിളികള്‍ കോണ്‍ഗ്രസുകാരെന്ന് ആരോപിച്ച് മന്ത്രി ജി. സുധാകരനും രംഗത്തെത്തി‍. വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തിന് പാര്‍ട്ടിയില്‍ പ്രതിസന്ധിയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.


ദേശീയപാത നിര്‍മ്മിക്കുന്നത് ദേശീയപാത അതോറിറ്റിയാണ്. ഏറ്റവും പ്രയാസം കുറഞ്ഞ അലൈന്‍മെന്റിലാണ് പാത നിര്‍മ്മിക്കുന്നതെന്നാണ് അതോറിറ്റി പറയുന്നത്. ആ നിലപാട് അവര്‍ മാറ്റുകയാണെങ്കില്‍ അപ്പോള്‍ പ്രതികരിക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു.