കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി; കടകളും ഹോട്ടലുകളും രാത്രി ഒൻപത് വരെ മാത്രം
കടകളും ഹോട്ടലുകളും രാത്രി ഒൻപതിന് അടയ്ക്കണം. പൊതു പരിപാടികൾക്ക് രണ്ട് മണിക്കൂർ മാത്രമാണ് അനുമതി. പരമാവധി 200 പേരെ മാത്രമേ അനുവദിക്കൂ. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് (COVID) നിയന്ത്രണങ്ങൾ ശക്തമാക്കി. കടകളും ഹോട്ടലുകളും രാത്രി ഒൻപതിന് അടയ്ക്കണം. പൊതു പരിപാടികൾക്ക് രണ്ട് മണിക്കൂർ മാത്രമാണ് അനുമതി. പരമാവധി 200 പേരെ മാത്രമേ അനുവദിക്കൂ. സൽക്കാരങ്ങളിൽ ഭക്ഷണം പായ്ക്കറ്റുകളിൽ നൽകണം. മെഗാ ഷോപ്പിങ് ഫെസ്റ്റിവലുകൾ നിരോധിച്ചു. കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. അതേസമയം, സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കാനാണ് സാധ്യതയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ (KK Shailaja) പറഞ്ഞു.
അടുത്ത ആഴ്ച നിർണായകമാണ്. കൂടുതൽ ജാഗ്രത പുലർത്തണം. കൊവിഡ് പ്രതിരോധത്തിന് വാർഡ് തല സമിതികൾ ശക്തമാക്കും. രോഗത്തിന്റെ വ്യാപനം നോക്കി നിയന്ത്രണങ്ങൾ കർശനമാക്കും. സമ്പൂർണ ലോക്ക്ഡൗൺ (Lock down) നിലവിൽ പരിഗണനയിൽ ഇല്ല. കൂടുതൽ വാക്സിൻ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കെകെ ശൈലജ പറഞ്ഞു. ഞായറാഴ്ചത്തെ കണക്ക് പ്രകാരം ഏഴായിരത്തോളം പുതിയ കേസുകളാണ് സംസ്ഥാനത്താകെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എല്ലാ ജില്ലകളിലും പുതിയ കൊവിഡ് ബാധിതരുടെ എണ്ണം 200 കടന്നിരുന്നു. കോഴിക്കോട് ജില്ലയിൽ മാത്രം 1200 പുതിയ കേസുകളാണ് ഒറ്റ ദിവസം റിപ്പോർട്ട് ചെയ്തത്.
ALSO READ: Breaking: Sputnik V വാക്‌സിന് രാജ്യത്ത് അനുമതി
ചില ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയേക്കാൾ കൂടുതലാണെന്നതും സ്ഥിതി ഗുരുതരമാക്കുന്നു. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനമെടുത്തത്. അതേസമയം സംസ്ഥാനത്ത് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 44,389 ആയി ഉയർന്നു. തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം 600 ആയി. വെന്റിലേറ്ററിൽ ഉള്ള രോഗികളുടെ എണ്ണം 173 ആയും ഉയർന്നു. ഇതോടെ മെഡിക്കൽ കോളജ് ആശുപത്രികൾ ഉൾപ്പെടെ പല സർക്കാർ ആശുപത്രികളിലും കിടക്കകളുടെ എണ്ണം വർധിപ്പിക്കേണ്ട അവസ്ഥയാണ്. രോഗികളുടെ എണ്ണവും രോഗം ഗുരുതരമാകുന്നവരുടെ എണ്ണവും കൂടിയതോടെ കൂടുതൽ കിടക്കകൾ അടക്കം സജ്ജീകരിക്കാൻ സർക്കാർ അടിയന്തര നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് ഇതര ചികിത്സകളെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
ALSO READ: ഷിഗല്ല നിയന്ത്രണവിധേയമെന്ന് ആരോഗ്യവകുപ്പ്; ജാഗ്രത തുടരണമെന്ന് നിർദേശം
രോഗ വ്യാപന തീവ്രത കുറയ്ക്കാൻ ക്രഷിങ് ദി കർവ് എന്ന പേരിൽ മാസ് വാക്സിനേഷൻ (Vaccination) ക്യാമ്പുകൾ തുടങ്ങി. എന്നാൽ വാക്സിൻ കുറവ് കാരണം വാക്സിനേഷൻ വിപുലമാക്കാനായിട്ടില്ല. ക്ഷാമം പരിഹരിക്കാൻ 25 ലക്ഷം കൊവിഷീൽഡ് വാക്സിനും 25 ലക്ഷം കൊവാക്സിനും അനുവദിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കിട്ടിയാൽ 45 ദിവസത്തിനുള്ളിൽ 45 വയസിന് മുകളിൽ പ്രായമുള്ളവരുടെയും 60 വയസിന് മുകളിൽ പ്രായമുള്ളവരുടെയും വാക്സിനേഷൻ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...