തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തിയ ഗവര്‍ണറെ തടഞ്ഞ സംഭവത്തില്‍ പ്രതിപക്ഷത്തിനെതിരെ നടപടിയെടുക്കണമോ എന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രതിപക്ഷ പ്രതിഷേധം എങ്ങനെ വേണമെന്ന് അവര്‍ക്ക് തീരുമാനിക്കാമെങ്കിലും ബുധനാഴ്ച നടന്നത് സംഭവിക്കാന്‍ പാടില്ലാത്ത നടപടിയാണെന്ന് സ്പീക്കര്‍ പറഞ്ഞു. 


മന്ത്രിസഭ അംഗീകരിച്ച പോളിസിയാണ് ഗവര്‍ണര്‍ സഭയെ അറിയിക്കുന്നത്. അതിന് മാറ്റം വരുത്താന്‍ മുന്‍കാലങ്ങളിലെ ഗവര്‍ണര്‍മാരും തയ്യാറായിട്ടില്ല. ഇപ്പോഴത്തെ ഗവര്‍ണറും തയ്യാറായിട്ടില്ല. -സ്പീക്കര്‍ പറയുന്നു. 


ഗവർണറെ തിരിച്ചുവിളിക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രമേയം അവതരണത്തിന്‌ സമയം നിശ്ചയിച്ചിട്ടില്ലാത്തവയുടെ പട്ടികയിലാണ്‌ ഉൾപ്പെടുത്തിയിട്ടുള്ളത്‌. 


അതിനു സമയം നിശ്ചയിക്കണോ എന്ന കാര്യത്തില്‍ കാര്യോപദേശ സമിതിയുമായി കൂടിച്ചേര്‍ന്ന് തീരുമാനമെടുക്കും. സര്‍ക്കാര്‍ നിശ്ചയിച്ച പരിപാടികള്‍ക്ക് ശേഷം മാത്രമേ പ്രമേയം പരിഗണിക്കൂ.


അതേസമയം, പ്രതിപക്ഷാംഗങ്ങളെ വാച്ച് ആന്‍ഡ് വാര്‍ഡ് കൈയേറ്റം ചെയ്തതായി പരാതി ലഭിച്ചിട്ടുണ്ടെന്നും അത് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബലംപ്രയോഗം കൂടാതെ ഗവര്‍ണര്‍ ഉള്‍പ്പടെയുളളവര്‍ക്ക് വഴിയൊരുക്കാനുള്ള നിര്‍ദേശമാണ് വാച്ച് ആന്‍ഡ് വാര്‍ഡിന് നല്‍കിയിരുന്നത്.