കെപിസിസി പുനഃസംഘടന സംബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍  കെപിസിസി ഭാരവാഹി പട്ടിക രണ്ട് ഘട്ടമായി പ്രഖ്യാപിക്കുമെന്ന് പറഞ്ഞത്. വൈസ് പ്രസിഡന്റ്‌,ജനറല്‍ സെക്രട്ടറി എന്നിവരെ ആദ്യം പ്രഖ്യാപിക്കും.വര്‍ക്കിംഗ് പ്രസിഡന്റ്റ് മാരുടെ കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരാള്‍ക്ക്‌ ഒരു പദവി എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് പറഞ്ഞ കെപിസിസി അദ്ധ്യക്ഷന്‍ ജനപ്രതിനിധികള്‍ കഴിവുള്ളവരാണ് അവരുടെ സമയമാണ് പ്രധാനമെന്ന് വിശദീകരിച്ചു. മുഴുവന്‍ സമയ പ്രവര്‍ത്തകരെയാണ് കെപിസിസിക്ക് ആവശ്യമെന്നും ഇക്കാര്യം ഹൈക്കമാന്‍ഡിനും ബോധ്യമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


അതേസമയം ഭാരവാഹി പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യവുമായി ടിഎന്‍ പ്രതാപന്‍ എംപി, വിഡി സതീശന്‍ എംഎല്‍എ,എപി അനില്‍കുമാര്‍ എംഎല്‍എ എന്നിവര്‍ രംഗത്ത് വന്നിരുന്നു.അതേസമയം ഭാരവാഹികളുടെ എണ്ണത്തില്‍ സംസ്ഥാനത്തെ നേതാക്കളുടെ നിലപാടിനോട്  ഹൈക്കമാന്‍ഡ് അതൃപ്തി അറിയിച്ചതായാണ് വിവരം.ജംബോ പട്ടികയുമായി മുന്നോട്ട് പോകാനുള്ള സംസ്ഥാനത്തെ നേതാക്കളുടെ നീക്കത്തെ അംഗീകരിക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറായില്ല. 


മാത്രമല്ല പ്രവര്‍ത്തന മികവ് വിലയിരുത്തി വേണം ഭാരവാഹികളെ നിശ്ചയിക്കാനെന്നും യുവാക്കള്‍ക്കും വനിതകള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഉറപ്പ് വരുത്തണമെന്നും ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.