മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം വിലയിരുത്താന്‍ മുസ്ലീം ലീഗ് ഈ മാസം 18ന് യോഗം ചേരും. ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കുറയാനിടയായ സാഹചര്യം ഗൗരവത്തോടെ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം മുസ്‌ലിം ലീഗില്‍ ശക്തമായതോടെയാണ് യോഗം ചേരുന്നത്. പ്രചാരണത്തില്‍ ഉണ്ടായ വീഴ്ചകള്‍ ഉള്‍പ്പെടെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി അധ്യക്ഷനെ ഇതിനോടകം സമീപിച്ചു കഴിഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

വേങ്ങരയില്‍ യുഡിഎഫിന്‍റെ വോട്ട് വിഹിതത്തിലാണ് കുറവ് വന്നിരിക്കുന്നത്. ഏകദേശം 7076 വോട്ടുകളുടെ കുറവുണ്ടായി. അതേസമയം എല്‍ഡിഎഫിന് 7793 വോട്ട് വര്‍ധിക്കുകയും ചെയ്തു. വോട്ട് വിഹിതം കുറഞ്ഞത് രാഷ്ട്രീയ ജാഗ്രതയുടെ കുറവാണെന്ന വിമര്‍ശമാണ് പാര്‍ട്ടിയിലുള്ളത്. അതുകൂടാതെ വേങ്ങര ഉപതെരഞ്ഞെടുപ്പ് പ്രചരണ ചുമതല ജില്ലാ കമ്മിറ്റിക്കോ മണ്ഡലം കമ്മിറ്റിക്കോ നല്‍കിയിരുന്നില്ല. ഇതിലും ജില്ലാ നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. 


തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ആസൂത്രണപ്പിഴവുണ്ടായെന്ന അഭിപ്രായം പ്രമുഖ നേതാക്കള്‍ തന്നെ ഹൈദരലി തങ്ങളെ അറിയിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ബുധനാഴ്ച പാര്‍ട്ടിയുടെ സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്. 


വേങ്ങര ഉപതെരെഞ്ഞെടുപ്പില്‍ മുന്നണിയുടെ ഏകോപനം പാളിയെന്നാണ് ഫലം സൂചിപ്പിക്കുന്നതെന്ന് കെ. മുരളീധരന്‍ എംഎല്‍എ. അഭിപ്രായപ്പെട്ടിരുന്നു. യുഡിഎഫിന് ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.