ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി. സിബിഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. സംസ്ഥാന സര്‍ക്കാരിന്‍റെ അന്വേഷണം പോരേയെന്ന് കോടതി ചോദിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി ആവശ്യമില്ല. നമ്പി നാരായണന് സംസ്ഥാന സര്‍ക്കാര്‍ ആദ്യം നഷ്ടപരിഹാരം നല്‍കട്ടേയെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് പിന്നീട് തുക ഈടാക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. കേസില്‍ വാദം കേള്‍ക്കല്‍ നാളെയും തുടരും.


ഐഎസ്ആര്‍ഒ ചാരക്കേസ് നമ്പി നാരായണനെ കുരുക്കിയത് അന്വേഷിക്കാമെന്ന് സിബിഐ സുപ്രീംകോടതില്‍ നിലപാട് അറിച്ചിരുന്നു. നമ്പി നാരായണനെ കേസില്‍ കുരുക്കി പീഡിപ്പിച്ചുവെന്നും കസ്റ്റഡി പീഡനം നടന്നുവെന്നും സിബിഐ വ്യക്തമാക്കി.


ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. വീട് വിറ്റായാലും ഉദ്യോഗസ്ഥര്‍ നഷ്ടപരിഹാരം നല്‍കട്ടെയെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.


ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയിലാണു വാദം തുടരുന്നത്. എതിര്‍കക്ഷികള്‍ ആവശ്യപ്പെട്ടതനുസരിച്ചാണു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കേസ് ഇന്നത്തേക്കു മാറ്റിവച്ചത്.


1994 നവംബര്‍ 30നാണ് നമ്പി നാരായണന്‍ ചാരക്കേസില്‍ അറസ്റ്റിലായത്. എന്നാല്‍, അദ്ദേഹത്തിന്‍റെ പേരിലുള്ള കേസ് തെറ്റാണെന്ന് സി.ബി.ഐ. റിപ്പോര്‍ട്ട് നല്‍കുകയും കോടതി അതംഗീകരിക്കുകയും ചെയ്തു. കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും സി.ബി.ഐ. ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, കേസ് അവസാനിപ്പിച്ച് സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.