പാലാ: പാലായിൽ എന്തൊക്കെ സംഭവിച്ചാലും യുഡിഎഫ് സ്ഥാനാർത്ഥിയെ ബാധിക്കില്ലെന്നും ഉപതിരഞ്ഞെടുപ്പില്‍ ജോസ് ടോം മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ജോസ് കെ. മാണി. 


COMMERCIAL BREAK
SCROLL TO CONTINUE READING

പാലാ ഉപതിരഞ്ഞെടുപ്പിൽ പാർട്ടിയിൽ എല്ലാവരും ഒറ്റക്കെട്ടായി നിന്നിട്ടില്ലെന്നും, ചിലർക്കൊക്കെ കുതന്ത്രവും കുടിലബുദ്ധിയുമായിരുന്നുവെന്നും അതൊക്കെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രതിഫലിച്ചിട്ടുണ്ടെന്ന പി. ജെ. ജോസഫ് വിഭാഗം നേതാവ് ജോയ് എബ്രഹാമിന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ, ജോയ് എബ്രഹാമിനുള്ള മറുപടി യുഡിഎഫ് നൽകുമെന്നും ജോസ് കെ മാണി പറഞ്ഞു. 


ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥിക്കെതിരായ പരാമർശമാണ് ജോയ് എബ്രഹാം നടത്തിയിരിക്കുന്നത്.  ഇത് വെറും പാർട്ടി പ്രശ്നമല്ല. യുഡിഎഫിനെ ദുർബലപ്പെടുത്തുന്ന പരാമർശങ്ങൾ ഒന്നും നടത്തില്ലെന്നും ജോസ് കെ മാണി പറഞ്ഞു. 


അഞ്ച് സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. യുഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കുകയാണ് അടുത്ത ലക്ഷ്യമെന്നും ജോസ് കെ. മാണി വ്യക്തമാക്കി.


തിരഞ്ഞെടുപ്പ് ദിവസം ജോയി എബ്രഹ൦ നടത്തിയ പരാമർശത്തിൽ പി. ജെ. ജോസഫിനെ അതൃപ്തി അറിയിച്ച് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു.


ജോയ് എബ്രഹാമിന്‍റെ പ്രസ്താവന അനവസരത്തിലെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു. യുഡിഎഫ്‌ വിഷയം ഗൗരവമായി എടുത്തിട്ടുണ്ടെന്നും പാര്‍ട്ടി നേതൃത്വത്തിന് പരാതി നൽകുമെന്നും സ്റ്റീഫൻ പറഞ്ഞു. വോട്ട് കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാകാം പ്രസ്താവന. കൂടുതൽ പ്രതികരണത്തിനില്ലെന്നും യുഡിഎഫ് നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.