തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കാണാതായവര്‍ക്കുള്ള തിരച്ചിലിന് പ്രതിസന്ധിച്ച് സൃഷ്ടിച്ച് മൂടല്‍മഞ്ഞ്. ബോട്ടുകളിലും വളളങ്ങളിലും നടത്തുന്ന തിരച്ചിലിന് ഇത് വിഘാതം ഉണ്ടാക്കുന്നുവെന്നാണ് വിവരം. അതേസമയം, ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 74 ആയി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബോട്ടുകളില്‍ തിരച്ചില്‍ നടത്തുന്നതിന് മൂടല്‍മഞ്ഞ് തടസമാകുന്നതിനാല്‍ കൂടുതല്‍ ചെറുവള്ളങ്ങള്‍ ഉപയോഗിച്ച് തിരച്ചില്‍ തുടരണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു.


ലക്ഷദ്വീപിൽ മറൈൻ എൻഫോഴ്‌സ്‌മെന്‍റ് വിഭാഗം പത്തു നോട്ടിക്കൽ മൈൽ വരെ തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. കടലിന്‍റെ  ഒഴുക്ക് കൊയിലാണ്ടി തലശേരി ഭാഗത്തേയ്ക്കായതിനാൽ കോഴിക്കോട് തീരപ്രദേശത് തിരച്ചില്‍ നടത്തുന്നതില്‍ അര്‍ത്ഥമില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.


അതിനിടെ, കൊച്ചിയില്‍ നിന്നും കണ്ടെടുത്ത ഒന്‍പത് മൃതദേഹങ്ങളില്‍ ഡി.എന്‍.എ  പരിശോധനയിൽ തിരിച്ചറിയാനായത് ഒരെണ്ണം  മാത്രമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. 


തിരുവന്തപുരത്ത് ഇനിയും തിരിച്ചെത്താൻ ഉള്ളത് 244 പേരാണെന്നാണ് പോലീസിന്‍റെ  പക്കലുള്ള വിവരം.  എന്നാൽ ചെറുവള്ളങ്ങളിൽ പോയ 147 പേരെയും വലിയ  വള്ളങ്ങളിൽ പോയ 97 പേരെയും കണ്ടെത്താൻ ഉണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇതില്‍ ചെറുവള്ളങ്ങളിൽ പോയവരുടെ കാര്യത്തില്‍ ഇപ്പോഴും ആശങ്ക നിലനില്‍ക്കുന്നു. വലിയ വള്ളങ്ങളിൽ പോയവരില്‍ ചിലർ ഫോണിൽ ബന്ധപ്പെട്ടിരുന്നെന്നും അവർ മറ്റു സംസ്ഥാനങ്ങളില്‍ സുരക്ഷിതരാണെന്നും വിവരം ലഭിച്ചിട്ടുണ്ട്. 


ഏറ്റവും കൂടുതൽ ആളുകൾ മരിച്ചതും  നാശനഷ്ടം സംഭവിച്ചതും  തിരുവനതപുരം ജില്ലയിലാണ്. മരിച്ചവരിൽ 35 പേരുടെ മൃതദേഹങ്ങളാണ് ഇനിയും തിരിച്ചറിയാൻ ഉള്ളത്.