കൊച്ചി: ശബരിമലയില്‍ രണ്ട് സ്ത്രീകള്‍ പ്രവേശിച്ചത് സമരത്തിന്‍റെ പരാജയമാണെന്ന് രാഹുല്‍ ഈശ്വര്‍. ഇതു കേസിനെ ദുര്‍ബലമാക്കാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ രാഹുല്‍ കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ യുവതി ശശികല ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നു മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്നും വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

വേറെ പത്തു യുവതികള്‍ കയറി എന്നും പറയുന്നുണ്ട്. ഇതെല്ലാം കേസിന് ബലം കൂട്ടുന്നതിനുള്ള തന്ത്രമാണ്. ശബരിമലയില്‍ ഇഷ്ടംപോലെ സ്ത്രീകള്‍ പ്രവേശിക്കുന്നുണ്ട്, ഒരു കുഴപ്പവുമില്ല എന്നു വരുത്തിത്തീര്‍ത്ത് സുപ്രീം കോടതിയില്‍ കേസ് പരിഗണിക്കുമ്പോള്‍ ബലം കിട്ടുന്നതിനു വേണ്ടിയുള്ള കള്ളക്കളിയാണ് ഇതൊക്കെയെന്ന് രാഹുല്‍ ആരോപിച്ചു. 


പിണറായി വിജയനെ പോലെ ഒരാളില്‍ നിന്ന് ഇത്തരം കള്ളത്തരങ്ങള്‍ പ്രതീക്ഷിച്ചിട്ടില്ലയെന്നും ശ്രീലങ്കന്‍ യുവതി ശബരിമല സന്ദര്‍ശിച്ചതിന്‍റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തു വിടാന്‍ മുഖ്യമന്ത്രി തയാറാവണമെന്നും രാഹുല്‍ ചോദിച്ചു. 


സന്നിധാനത്തു നിന്നെന്ന പേരില്‍ പുറത്തു വിട്ട ചിത്രത്തിലെ ഇരുമുടിക്കെട്ടിന്‍റെ നിറം മാറിയത് എങ്ങനെയാണ്? മഞ്ഞ ഇരുമുടിക്കെട്ട് എന്തു മാജിക്കിലാണ് അവരുടെ തലയിലെത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ദൃശ്യങ്ങളുടെ തെളിവു ചോദിക്കുമ്പോള്‍ ശ്രീലങ്കന്‍ യുവതി ശബരിമല സന്ദര്‍ശിച്ചെന്നാണ് ഞങ്ങളുടെ നിലപാട് എന്നാണ് ഉത്തരവാദിത്തപ്പെട്ട ചിലര്‍ പമാക്കി.


ദേവസ്വം ബോര്‍ഡും ദേവസ്വം മന്ത്രിയും അറിയാതെ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ചത് മുഖ്യമന്ത്രി ഉള്‍പ്പെടുന്ന കണ്ണൂര്‍ ലോബിയുടെ ഇടപെടലാണ്. ശബരിമലയില്‍ ദളിത് സ്ത്രീ കയറിയതിനാണ് ശുദ്ധിക്രിയകള്‍ ചെയ്തതെന്നു പ്രചരിപ്പിക്കുന്ന മുഖ്യമന്ത്രിയാണ് ജാതി രാഷ്ട്രീയം കളിക്കുന്നതെന്നും അയ്യപ്പ ധര്‍മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍ ആരോപിച്ചു.


പൊലീസ് സേനയെ ഉപയോഗിച്ച് വരെ കള്ളം പ്രചരിപ്പിക്കുകയാണ് മുഖ്യമന്ത്രി. പൊലീസിനോട് രഹസ്യമായി ചോദിച്ചപ്പോള്‍ ശ്രീലങ്കന്‍ യുവതി അവിടെ കയറിയിട്ടില്ലെന്നാണ് പറഞ്ഞത്. പൊലീസിനും മുഖ്യമന്ത്രിക്കും നട്ടെല്ലുണ്ടെങ്കില്‍ ഞങ്ങളെ വകഞ്ഞു മാറ്റി സ്ത്രീകളെ ദര്‍ശനം നടത്തുകയാണ് വേണ്ടത്. യുവതികളെ ട്രാന്‍സ്‌ജെന്‍ഡറുകളെന്ന് കള്ളം പറഞ്ഞ്, പതിനെട്ടാം പടി കയറ്റാതെ പിന്‍ ഗേറ്റിലൂടെ ദര്‍ശനത്തിന് കൊണ്ടു പോകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


പരിഹാര ക്രിയ നടത്തിയത് ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമാണ്. തന്ത്രി വിശദീകരണം കൊടുക്കും. തന്ത്രി ചെയ്തതാണ് ശരി. ശബരിമല ദേവസ്വം ബോര്‍ഡിന്‍റെ ഉടമസ്ഥതയില്‍ ഉള്ളതാണെന്ന് പറയുന്നത് തെറ്റാണ്. മേല്‍കോയ്മയ്ക്കും അധികാരത്തിനും വേണ്ടിയാണ് ദേവസ്വം ബോര്‍ഡ് ഇതെല്ലാം ചെയ്യുന്നതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.