തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദർശനത്തിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടുകയെന്ന ലക്ഷ്യത്തോടെയാണ് രാഹുൽ കേരളത്തിലെത്തുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നാഗർകോവിലിലെ പാർട്ടി റാലിക്ക് ശേഷം രാഹുൽ ഗാന്ധി ഇന്ന് വൈകീട്ട് തിരുവനന്തപുരത്തെത്തും. സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച് മുതിർന്ന നേതാക്കളുമായി രാഹുൽ ചർച്ച നടത്തിയേക്കും. 


വൈകുന്നേരം തിരുവനന്തപുരം വഴി കൊച്ചിക്ക് പോകുന്ന രാഹുല്‍ തൃശൂര്‍ രാമനിലയത്തിലാണ് വിശ്രമിക്കുക. നാളെ തൃപ്രയാറില്‍ ഫിഷര്‍മാന്‍ പാര്‍ലമെന്റ് പരിപാടിയില്‍ പങ്കെടുക്കുന്ന അദ്ദേഹം തുടര്‍ന്ന് കണ്ണൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ ഷുഹൈബിൻറെ കുടുംബാംഗങ്ങളെ കാണും.  


അവിടെനിന്നും ഹെലിക്കോപ്റ്റര്‍ മാര്‍ഗ്ഗം കാസർക്കോട്ടെത്തി പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും വീടുകളും സന്ദ‌ർശിക്കും. വൈകുന്നേരം കോഴിക്കോട് കടപ്പുറത്തെ ജനമഹാറാലിയിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. ജനമഹാറാലിയിലൂടെ കോൺഗ്രസ്സിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകും.