നിറപുത്തരി പൂജ; ശബരിമല നട ഇന്ന് തുറക്കും
പൂജകൾക്ക് ആവശ്യമായ നെൽക്കതിരുകൾ സന്നിധാനത്ത് എത്തിച്ചിട്ടുണ്ട്
നിറപുത്തരി പൂജയ്ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്കാണ് നട തുറക്കുന്നത്. പൂജകൾക്ക് ആവശ്യമായ നെൽക്കതിരുകൾ സന്നിധാനത്ത് എത്തിച്ചിട്ടുണ്ട്. നിറപുത്തിരി പൂജ നാളെ പുലർച്ചെ 5.40നും ആറ് മണിക്കും മധ്യേ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിലാണ് നടക്കുന്നത്.
ചെട്ടികുളങ്ങര ക്ഷേത്രത്തിലെ പാടശേഖരത്തിൽ വിളയിച്ച നെൽക്കതിരാണ് സന്നിധാനത്ത് എത്തിച്ചത്. പാലക്കാട് കൊല്ലങ്കോട് നിന്ന് അയ്യപ്പ സേവാസംഘത്തിന്റെ കൃഷ്ണകുമാർ സ്വാമിയുടെ നേതൃത്വത്തിൽ കറ്റകൾ എത്തിച്ചു. നാളെ ഉച്ചയ്ക്ക് കളകാഭിഷേകം നടത്തും. പൂജകൾ പൂർത്തിയാക്കി നാളെ രാത്രി 10 മണിക്കാണ് ക്ഷേത്ര നട അടയ്ക്കുന്നത്.
അതേസമയം കനത്ത മഴയുടെ പശ്ചാത്തലത്തിൽ ശബരിമല നിറപുത്തരി ഉത്സവത്തിനായി എത്തുന്ന തീർത്ഥാടകർ അതീവ ജാഗ്രത പുലർത്തണമെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ ഡോ. ദിവ്യ എസ് അയ്യർ അറിയിച്ചു. കാലാവസ്ഥ പ്രതികൂലമായിരിക്കുന്നത് മൂലം മലയോര മേഖലയിലേക്കുള്ള രാത്രി യാത്രകൾ ദുരന്ത നിവാരണ അതോറിറ്റി വിലക്കിയിട്ടുള്ള സാഹചര്യത്തിലാണ് ശബരിമല നിറപുത്തരി മഹോത്സവം നടക്കുന്നത്.
അതിനാൽ തീർത്ഥാടകർ ഏറെ കരുതൽ സ്വീകരിക്കണമെന്നും നിർദേശമുണ്ട്. മാത്രമല്ല, നദികളിൽ ഇറങ്ങരുതെന്ന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവും നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പമ്പാ സ്നാനത്തിന് തീർത്ഥാടകർക്ക് അനുമതിയുണ്ടായിരിക്കില്ല. സ്വാമി അയ്യപ്പൻ റോഡ് വഴി മാത്രമായിരിക്കും തീർത്ഥാടകർക്ക് പ്രവേശനം ഉണ്ടാവുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...