സന്നിധാനം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന്‍റെ പേരില്‍ കേരളത്തിലെമ്പാടും പ്രതിഷേധം നടക്കുമ്പോള്‍ ശബരിമല ശാന്തമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്ത് ഹര്‍ത്താലായിരുന്നിട്ടുപോലും ശബരിമലയിലെത്തുന്ന അയ്യപ്പഭക്തരുടെ എണ്ണത്തില്‍ യാതൊരു  കുറവൊന്നുമില്ല. ഈ വക പ്രതിഷേധങ്ങളൊന്നും ഭക്തരെ ബാധിക്കുന്നില്ല. 


ഹര്‍ത്താല്‍ ദിനമായ ഇന്ന് രാവിലെ മുതല്‍ നല്ല തിരിക്കായിരുന്നു സന്നിധാനത്ത് അനുഭവപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.  പുലര്‍ച്ചെ ആറ് മണിയോടെതന്നെ കാല്‍ലക്ഷം പേര്‍ ദര്‍ശനം നടത്തി. ശേഷവും ഭക്തജനങ്ങളുടെ എണ്ണത്തില്‍ യാതൊരു കുറവുമില്ലായിരുന്നു. നെയ്യഭിഷേകവും മറ്റ് പൂജകളും സാധാരണപോലെ നടന്നു. സന്നിധാനത്തോ പരിസരത്തോ എവിടെയും ഒരു പ്രതിഷേധവുമില്ല.  


അതേസമയം, എന്തു സംഭവിച്ചാലും നേരിടാന്‍ തയ്യാറായി പൊലീസ് സന്നിധാനത്തും പരിസരത്തും എല്ലാ നിമിഷവും തയ്യാറാണ്. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ അയ്യപ്പഭക്തരെല്ലാം സാധാരണപോലെ ശബരിമലയിലെത്തി ദര്‍ശനം കഴിഞ്ഞ് മടങ്ങുകയാണിപ്പോള്‍.


ഇന്നലെ പുലര്‍ച്ചയാണ് ബിന്ദുവും കനകദുര്‍ഗ്ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയത്. പിന്നാലെ പലയിടങ്ങളിലും പ്രതിഷേധവും അക്രമവും തുടങ്ങി. അപ്പോഴെല്ലാം ശബരിമലയും പരിസരവും ശാന്തമായിരുന്നു. രാത്രി ഹരിവരാസനം ചൊല്ലി നട അടക്കും വരെ സാധാരണപോലെയായിരുന്നു നാമജപം. യാതൊരു പ്രതിഷേധ നീക്കവും എവിടെയും ഉണ്ടായിരുന്നില്ല.