ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശന വിധിയിലെ പുനഃപരിശോധനാ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. തുറന്നകോടതിയില്‍ വാദം വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ ചേംബറില്‍ ഇരുന്നാകും ജഡ്ജിമാര്‍ പരിശോധിക്കുക.


COMMERCIAL BREAK
SCROLL TO CONTINUE READING

4 റിട്ട‌് ഹര്‍ജികള്‍ രാവിലെയും 49 പുനഃപരിശോധനാഹര്‍ജികള്‍ ഉച്ച കഴിഞ്ഞ് മൂന്നിനും കേള്‍ക്കും. 
പുനഃപരിശോധനാ ഹര്‍ജികള്‍ ചീഫ്ജസ്റ്റിസ് രഞ‌്ജന്‍ ഗോഗോയ‌് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ച‌് ആണ് പരിഗണിക്കുക. 
ചീഫ‌്ജസ‌്റ്റിസിന‌് പുറമെ കേസില്‍ നേരത്തെ വിധി പറഞ്ഞ എ എം ഖാന്‍വില്‍ക്കര്‍, ആര്‍ എഫ‌് നരിമാന്‍, ഡി വൈ ചന്ദ്രചൂഡ‌്, ഇന്ദുമല്‍ഹോത്ര എന്നിവരും ഉണ്ടാകും.


റിട്ട‌് ഹര്‍ജികള്‍ ചീഫ‌്ജസ‌്റ്റിസ‌് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ‌് പരിഗണിക്കുക. ജസ‌്റ്റിസുമാരായ സഞ‌്ജയ‌് കിഷന്‍ കൗള്‍, കെ എം ജോസഫ‌് എന്നിവരാണ‌് അംഗങ്ങള്‍. ഇന്ത്യന്‍ യങ് ലോയേഴ‌്സിന്‍റെ ഹര്‍ജിയില്‍ മുന്‍ ചീഫ‌്ജസ‌്റ്റിസ‌് ദീപക‌് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ച‌് സെപ്റ്റംബര്‍ 28ന‌് പുറപ്പെടുവിച്ച വിധിക്കെതിരെയാണ‌് പുനഃപരിശോധനാ ഹര്‍ജികള്‍.


പന്തളം കൊട്ടാരം, തന്ത്രി കണ‌്ഠര‌് രാജീവര‌്, മുഖ്യതന്ത്രി, ശബരിമല ആചാരസംരക്ഷണഫോറം, എന്‍എസ‌്‌എസ‌്, അയ്യപ്പസേവാസമാജം തുടങ്ങി നിരവധി സംഘടനകളും വ്യക്തികളുമാണ‌് ഹര്‍ജി നല്‍കിയത‌്.


വിശ്വാസത്തിനുള്ള മൗലിക അവകാശത്തിന് എതിരായാണ് സുപ്രീംകോടതി വിധിയെന്ന് ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധന ഹര്‍ജികള്‍. 


ഭരണഘടന ബെഞ്ചിന്‍റെ വിധിയില്‍ ഗുരുതരമായ പിഴവുണ്ടെന്നും 14ാം അനുഛേദം അനുസരിച്ച് ആചാരാനുഷ്ടാനങ്ങള്‍ പരിശോധിച്ചാല്‍ മതങ്ങള്‍ തന്നെ ഇല്ലാതാകും എന്നും ഹര്‍ജികളില്‍ പറയുന്നുണ്ട്.  
അതേസമയം, ഭരണഘടന ബെഞ്ചിലെ പുതിയ അംഗമായ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി എന്ത് നിലപാട് സ്വീകരിച്ചാലും എല്ലാ സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കണം എന്ന ആവശ്യപ്പെട്ട് മൂന്ന് ജഡ്ജിമാര്‍ ഭരണഘടന ബെഞ്ചിലുണ്ട്. വിധിയില്‍ ഈ ജഡ്ജിമാര്‍ ഉറച്ചുനിന്നാല്‍ പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളിപ്പോകും. 


മണ്ഡലകാലത്തിന് മുമ്പ് ശബരിമലയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് ഇന്നത്തെ കോടതി നടപടികള്‍. കഴിഞ്ഞ സെപ്റ്റംബര്‍ 28നാണ് ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച്‌ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്.