കൊച്ചി: ശ്രീലങ്കയില്‍ ഭീകരാക്രമണം നടത്തിയവരുടെ അടുത്ത ലക്ഷ്യം കൊച്ചിയായിരിക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്.  ഇതിന്‍റെ ഭാഗമായി സംസ്ഥാനത്തും പ്രത്യേകിച്ച് തീരദേശത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്തെ സുരക്ഷാ വിഭാഗങ്ങളുടെ കാര്യക്ഷമത പരീക്ഷിക്കുന്നതിനായി നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്‍റെ പ്രത്യേക സംഘം കേരളത്തിലെത്തി. എന്‍എസ്ജിയുടെ 150 അംഗ സംഘമാണ് കൊച്ചിയിലെത്തിയത്. 


വിമാനത്താവള സുരക്ഷാചുമതലയുള്ള സി.ഐ.എസ്.എഫ്, സംസ്ഥാന പൊലീസ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗം എന്നിവയുമായി ചേര്‍ന്ന് ഇന്ന് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മോക് ഡ്രില്‍ നടത്തും.


കൊച്ചിയുടെ തീരപ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കാണുന്ന എല്ലാവരെയും പരിശോധിക്കും. ശ്രീലങ്കയില്‍ നിന്നെത്തുന്നവരുടെ അടക്കം വിദേശികളുടെ യാത്രാരേഖകളും മറ്റും അതീവ ജാഗ്രതയോടെ നിരീക്ഷിക്കാന്‍ എമിഗ്രേഷന്‍ വിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


ഇതിനിടയില്‍ അടുത്തിടെ തലസ്ഥാനത്തെ തന്ത്ര പ്രധാന മേഖലകളില്‍ ഡ്രോൺ കണ്ടെത്തിയ സംഭവങ്ങള്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അതീവ ഗൗരവമായാണ് കാണുന്നത്. ഡ്രോൺ കണ്ടെത്തിയതില്‍ അപാകതയൊന്നും ഇല്ലെന്നാണ് അന്വേഷണത്തിന് ശേഷം പൊലീസ് പറഞ്ഞത്.