ആലപ്പുഴ: ശബരിമല സ്ത്രീ പ്രവേശനം തടഞ്ഞു കൊണ്ടുള്ള സമരത്തില്‍ ബിജെപിക്കൊപ്പം എസ്എന്‍ഡിപിയില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നയത്തിനെതിരെ എസ്എന്‍ഡിപിയും ബിജെപിയും ഒന്നിച്ചുനിന്ന് പോരാടണമെന്നാണ് ഇന്നലെ വെള്ളാപ്പള്ളി നടേശനെ വേദിയിലിരുത്തി അമിത് ഷാ പറഞ്ഞതിന് പിന്നാലെയാണ് പ്രതികരണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

അമിത് ഷാ ഉദ്ദേശിച്ചത് എസ്എന്‍ഡിപിയെയല്ല, ബിഡിജെഎസിനെ ആയിരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ഡിപി ഭക്തര്‍ക്കൊപ്പമാണ്. പക്ഷെ സമരത്തിനില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.


എന്‍എസ്എസും എസ്എന്‍ഡിപിയും ഒപ്പം നില്‍ക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. ശിവഗിരിയില്‍ വെള്ളാപ്പള്ളിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇത്. ശിവഗിരിയില്‍ യതിപൂജ മണ്ഡല മഹായജ്ഞ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ശബരിമല വിഷയത്തില്‍ എസ്എന്‍ഡിപിയും ബിജെപിയും ഒന്നിച്ച് നിന്ന് പോരാടണമെന്ന് അമിത് ഷാ പറഞ്ഞത്. എസ്എന്‍ഡിപിയും ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റും ഒന്നിച്ചുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് ഹിന്ദു സമൂഹത്തിന് നല്ലതെന്നും അമിത് ഷാ പറ‍ഞ്ഞിരുന്നു.