തിരുവനന്തപുരം: സോളാർ ജുഡീഷ്യൽ കമ്മീഷന് മുന്‍പാകെ സരിത. എസ്. നായർ ഹാജരാക്കിയ കത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കളുടെ പേരുകൾ അടങ്ങിയ നാല് പേജുകൾ കൂട്ടിച്ചേർത്തത് കെ. ബി ഗണേഷ്‌കുമാർ എംഎൽഎയുടെ നിര്‍ദ്ദേശപ്രകാരമെന്ന് സരിതയുടെ മുൻ അഭിഭാഷകൻ ഫെനി ബാലകൃഷ്ണന്‍റെ വെളിപ്പെടുത്തല്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ മൊഴിയിലാണ് ഫെനി ഇക്കാര്യം വ്യക്തമാക്കിയത്.


2015 മേയ് 13ന് കൊട്ടാരക്കയിൽ വെച്ചാണ് ഗൂഢാലോചന നടന്നതെന്നാണ് ഫെനി മൊഴി നൽകിയിരിക്കുന്നത്. ഗണേഷിന്‍റെ പിഎ പ്രദീപ്കുമാറും ബന്ധു ശരണ്യ മനോജും ഗൂഢാലോചനയിൽ പങ്കെടുത്തു. 


സരിതയുടെ കത്ത് പത്തനംതിട്ട ജില്ലാ ജയിലിൽ താൻ കൈപ്പറ്റുമ്പോൾ ഇരുപത്തിയൊന്ന് പേജാണുണ്ടായിരുന്നത്. എന്നാൽ സോളാർ കമ്മീഷനിൽ ഹാജരാക്കിയ കത്ത് 25 പേജുണ്ടായിരുന്നു. കത്ത് ജയിലിൽ നിന്ന് കൈപ്പറ്റിയ ശേഷം ബന്ധുവായ ശരണ്യ മനോജിനെ ഏൽപ്പിക്കുകയായിരുന്നു. ഗണേഷിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് സരിത നാല് പേജുകൾ കൂടി എഴുതി ചേർത്തത്.


ഗണേഷിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയതാണ് ഇതിന് പിന്നിലെ പ്രകോപനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കേസില്‍പ്പെടുത്താനും സരിതയും ഗണേഷ്‌കുമാറും ശ്രമിച്ചതായി ഫെനി ആരോപിച്ചു. ഈ നീക്കങ്ങൾ എതിർത്തതാണ് താനുമായുള്ള സരിതയുടെ ബന്ധം വഷളാക്കിയതെന്നും ഫെനി ബാലകൃഷ്ണൻ പറയുന്നു.