ന്യൂഡൽഹി: സൗമ്യ വധക്കേസിൽ സംസ്ഥാന സർക്കാരും സൗമ്യയുടെ അമ്മ സുമതിയും നൽകിയ പുനഃപരിശോധന ഹർജി സുപ്രീംകോടതി നവംബർ 18ലേക്ക്​ മാറ്റി. കേരളാ സർക്കാറും സൗമ്യയുടെ അമ്മ സുമതിയും നൽകിയ ഹരജികളാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് മാറ്റിവെച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കേസിൽ സംസ്ഥാന സർക്കാരിനായി ഹാജരായ അറ്റോർണി ജനറലിനോട് മുമ്പ് ഉന്നയിച്ച ചോദ്യങ്ങൾ മൂന്നംഗ ബെഞ്ച് ആവർത്തിച്ചു. വൈകിട്ട് മൂന്നേകാലിന് ആരംഭിച്ച വാദം ഒന്നേകാൽ മണിക്കൂറോളം നീണ്ടു.


അതേസമയം, വിധിയെ വിമർശിച്ച്​ മുൻ സുപ്രീംകേടതി മുൻ ജഡ്​ജ്​​ മർക്കണ്ഡേയ കട്ജുവിന്‍റെ ഫേസ്ബുക്​ പോസ്​റ്റ്​ ഹരജിയായി പരിഗണിക്കാനും കോടതി തീരുമാനിച്ചു. കട്​ജുവിനോട്​ നേരിട്ട്​ കോടതിയിൽ ഹാജരായി വിശദീകരണം നൽകാനും സുപ്രീംകോടതി നിർദേശിച്ചു.


കേസ്​ നവംബർ 18ന്​ വീണ്ടും കോടതി പരിഗണിക്കും. കേസ്​ പരിഗണിക്കു​​മ്പോള്‍ നേരിട്ട്​ ഹാജരാകാൻ കട്​ജുവിന്​ കോടതി നോട്ടീസ്​ അയച്ചു. വധശിക്ഷ ജീവപര്യന്തമാക്കിയ വിധിയിൽ പിഴവുണ്ടെന്നായിരുന്നു കട്​ജുവി​ന്‍റെ പോസ്​റ്റ്​.


പ്രോസിക്യൂഷൻ തന്നെ ഹാജരാക്കിയ നാലാമത്തെയും നാല്‍പ്പതാമത്തെയും സാക്ഷികൾ നൽകിയ മൊഴിയനുസരിച്ച് പെൺകുട്ടി എടുത്തു ചാടിയതായി പറയുന്നു. ഇതാണ് സത്യമെങ്കിൽ കൊലപാതകത്തിന് ഗോവിന്ദച്ചാമിക്കുള്ള പങ്ക് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും സുപ്രീംകോടതി കഴിഞ്ഞതവണ ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ ഹര്‍ജി പരിഗണിക്കുമ്പോള്‍ മരണകാരണമായ പരുക്ക് ഏല്‍പ്പിച്ചതു ഗോവിന്ദച്ചാമിയാണെന്നും പ്രോസിക്യൂഷന്‍ തെളിയിക്കണം.