കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യ പ്രതിയായ ജോളിക്ക് തക്കതായ ശിക്ഷ തന്നെ ഉറപ്പാക്കുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന വടകര റൂറല്‍ എസ്പി കെജി.സൈമണ്‍ വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേസില്‍ ജോളിക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. റോയ് തോമസിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ വിശദീകരണം.


ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് മുന്നോട്ട് പോകുന്നതെന്ന് പറഞ്ഞ എസ്പി ഈ കേസിലെ പ്രധാന സാക്ഷികള്‍ റോയ് തോമസിന്‍റെ മക്കളാണെന്നും മക്കളുടെ മൊഴി നിര്‍ണായകമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.


അതേസമയം ജോളി തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നെന്നും എസ്പി പറഞ്ഞു. കടലക്കറിയിലും വെള്ളത്തിലും സയനൈഡ് കലര്‍ത്തിയാണ് ജോളി ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിട്ടുള്ളത്.


കേസില്‍ 1800 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത്. 246 സാക്ഷികളാണുള്ളത്. 322 ഡോക്യുമെന്റ്‌സും 22 മെറ്റീരിയല്‍ ഒബ്‌ജെക്ട്‌സും സമര്‍പ്പിച്ചു. കേസില്‍ നാല് പ്രതികളാണ് ഉള്ളത്. ജോളി ഒന്നാം പ്രതിയും, എംഎസ് മാത്യു രണ്ടാം പ്രതിയുമാണ്. പ്രജുകുമാര്‍, മനോജ് എന്നിവരാണ് മൂന്നും നാലും പ്രതികള്‍. കേസില്‍ മാപ്പ് സാക്ഷികള്‍ ഇല്ല. 


കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍, വിഷം കൈവശം സൂക്ഷിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.


കൂടത്തായിയിലെ കൂട്ടമരണക്കേസില്‍ സംശയമുണ്ടെന്ന് ഉന്നയിച്ച് മരിച്ച ടോം തോമസ്-അന്നമ്മ ദമ്പതികളുടെ മകനായ റോജോ നല്‍കിയ പരാതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കല്ലറ തുറന്ന് പരിശോധന നടത്തിയത്. ഇതോടെയാണ് മരണത്തിന്‍റെ ചുരുളഴിയുന്നത്‌. 


റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകന്‍ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ ആല്‍ഫൈന്‍ (2), അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ (68) എന്നിവരാണ് മരണപ്പെട്ടത്. 


2002 ഓഗസ്റ്റ് 22ന് അന്നമ്മയിലൂടെയാണ് കൂടത്തായി കൂട്ടമരണങ്ങളുടെ പരമ്പരയിലെ ആദ്യമരണം സംഭവിക്കുന്നത്. പിന്നീട് വര്‍ഷങ്ങളുടെ ഇടവേളയില്‍ അഞ്ച് മരണങ്ങള്‍.