കൊല്ലം: വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെ തുടര്‍ന്ന് കുറച്ചു ദിവസങ്ങളായി അടച്ചിട്ടിരുന്ന കൊല്ലത്തെ ട്രിനിറ്റി ലൈസിയം സ്കൂള്‍ നാളെ തുറക്കും. കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പൊലീസ് സുരക്ഷയിലായിരിക്കും സ്കൂള്‍ പ്രവര്‍ത്തിക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിദ്യാര്‍ത്ഥികളുമായി ആരോഗ്യകരമായ ബന്ധം വളര്‍ത്തുന്നതിനും നിലനിറുത്തുന്നതിനും അധ്യാപകര്‍ക്ക് ബോധവത്ക്കരണം നല്‍കുമെന്ന് കളക്ടര്‍ വ്യക്തമാക്കി. 


സ്‌കൂള്‍ തുറക്കണോ വേണ്ടയോ എന്ന തീരുമാനമെടുക്കാന്‍ ഇന്നലെ ചേര്‍ന്ന പി.ടി.എ യോഗം സംഘര്‍ഷത്തിലായിരുന്നു കലാശിച്ചത്. ആരോപണവിധേയരായ അധ്യാപകരെ അറസ്റ്റ് ചെയ്യാതെ വിദ്യാലയം തുറക്കാന്‍ കഴിയില്ലെന്ന നിലപാട് ഒരു വിഭാഗം രക്ഷിതാക്കളെടുത്തപ്പോള്‍ മറുവിഭാഗം സ്‌കൂള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടതാണ് സംഘര്‍ഷത്തിന് വഴി വച്ചത്. തുടര്‍ന്ന് തീരുമാനമാകാതെ യോഗം പിരിയുകയായിരുന്നു. 


അധ്യാപകരെ അറസ്റ്റ് ചെയ്യാതെ സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിച്ചാല്‍ സമരവുമായി സ്‌കൂളിനു മുന്നിലേക്ക് വരുമെന്ന് മരണപ്പെട്ട വിദ്യാര്‍ത്ഥിനിയുടെ ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് സംരംക്ഷണം ഏര്‍പ്പെടുത്താന്‍ കളക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 


ഒക്ടോബര്‍ 20നാണ് സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ ഗൗരി എന്ന വിദ്യാര്‍ത്ഥിനിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസത്തിന് ശേഷം ഗൗരി മരണത്തിന് കീഴടങ്ങി. അധ്യാപകരുടെ പീഢനത്തെ തുടര്‍ന്നാണ് ഗൗരി സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയതെന്നാണ് ബന്ധുക്കളുടെ ആരോപണം.