Chavakkad Hospital: തലവേദനക്ക് കുത്തിവെപ്പ്, ഏഴ് വയസുകാരന്റെ കാല് തളർന്നു; ഡോക്ടർക്കും നഴ്സിനുമെതിരെ കേസ്
Case against doctor and nurse in Chavakkad: പാലയൂർ സെന്റ് തോമസ് എൽ.പി സ്കൂളിലെ രണ്ടാം ക്ലാസുകാരനായ മുഹമ്മദ് ഗസാലിയുടെ കാലാണ് തളർന്നത്.
തൃശൂർ: ചാവക്കാട് താലൂക്ക് ആശുപത്രിയിൽ തലവേദനക്ക് കുത്തിവെപ്പെടുത്ത ഏഴ് വയസുകാരന്റെ കാല് തളർന്നെന്ന പരാതിയിൽ ഡോക്ടർക്കും നഴ്സിനുമെതിരെ കേസ്. ഡോക്ടറെ ഒന്നാം പ്രതിയും പുരുഷ നഴ്സിനെ രണ്ടാം പ്രതിയുമാക്കിയാണ് ചാവക്കാട് പോലീസ് കേസെടുത്തത്. പാലയൂർ സ്വദേശി ഷാഫിലിന്റെ മകൻ മുഹമ്മദ് ഗസാലിയുടെ ഇടത് കാലിനാണ് കുത്തിവെപ്പെടുത്തത് മൂലം തളർച്ച ബാധിച്ചത്. ഡിസംബർ ഒന്നിനാണ് സംഭവം.
പാലയൂർ സെന്റ് തോമസ് എൽ.പി സ്കൂളിലെ രണ്ടാം ക്ലാസുകാരനായ മുഹമ്മദ് ഗസാലി തലവേദനയെ തുടർന്നാണ് മാതാവുമൊത്ത് താലൂക്ക് ആശുപത്രിയിലെത്തിയത്. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടറെ കാണിച്ചപ്പോൾ രണ്ട് കുത്തിവെപ്പുകൾ എടുക്കാൻ നിർദേശിച്ചു. തുടർന്ന് ഗസാലിയുടെ ഇടതു കൈയ്യിൽ ആദ്യം കുത്തിവെപ്പ് നൽകി. കൈയ്യിൽ വേദന അനുഭവപ്പെടുന്നതായി കുട്ടി പറഞ്ഞപ്പോൾ പുരുഷ നഴ്സ് സിറിഞ്ച് താഴെ വെച്ച് അവിടെ നിന്ന് പോയെന്നും മാതാവ് പിന്നാലെ പോയി പറഞ്ഞിട്ടാണ് നഴ്സ് തിരികെ വന്നതെന്നും പരാതിയിൽ പറയുന്നു. പിന്നീട് അരക്കെട്ടിൽ ഇടതുഭാഗത്തായി കുത്തിവെപ്പ് നൽകി. ഇതോടെ ഇടതുകാലിൽ ശക്തമായ വേദനയും തരിപ്പും അനുഭവപ്പെട്ടു. എഴുന്നേറ്റ് നടക്കാൻ ശ്രമിച്ചപ്പോൾ വീഴാൻ പോകുകയും ഇടത് കാലിന് ബലക്കുറവ് തോന്നുകയും ചെയ്തു. ഇതോടെ കുട്ടിയുടെ മാതാവ് ഡോക്ടറെ ചെന്നുകണ്ട് വിവരം പറഞ്ഞു.
ALSO READ: ശബരിമല സ്പെഷ്യൽ വന്ദേഭാരത് ട്രെയിൻ സർവീസ് ചെന്നൈ-കോട്ടയം റൂട്ടിൽ
കൈയ്യിൽ തടിപ്പുള്ള ഭാഗത്ത് പുരട്ടാൻ ഓയിൻമെന്റ് നൽകിയ ഡോക്ടർ കാലിലേത് മാറിക്കോളുമെന്നും പറഞ്ഞ് വീട്ടിലേക്ക് പറഞ്ഞുവിട്ടു. എന്നാൽ വീട്ടിലെത്തിയിട്ടും മാറ്റമില്ലാതായതോടെ കുട്ടിയെ കോട്ടക്കലിലെ ആശുപത്രിയിലെത്തിച്ചു. മരുന്ന് മാറിയതിനാലോ ഇഞ്ചക്ഷൻ ഞരമ്പിൽ കൊണ്ടതിനാലോ ആവാം കാലിന് തളർച്ചയുണ്ടായതെന്നാണ് അവിടെയുള്ള ഡോക്ടർ പറഞ്ഞത്. ഇതോടെ രക്ഷിതാക്കൾ ചാവക്കാട് പോലീസിന് പുറമെ ആശുപത്രി സൂപ്രണ്ട്, ജില്ല മെഡിക്കൽ ഓഫീസർ, എം.എൽ.എ, ആരോഗ്യമന്ത്രി, ബാലാവകാശ കമീഷൻ എന്നിവർക്കും പരാതി നൽകി. ഇഞ്ചക്ഷൻ എടുത്ത നഴ്സിനും ഡോക്ടർക്കും എതിരെ കർശന നടപടി വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കുട്ടിയുടെ കാലിലെ ഒരു ഞരമ്പിന്റെ ശേഷി പൂർണ്ണമായും നഷ്ടപ്പെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി ജില്ലാ മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് നൽകുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.