ആലപ്പുഴ: ശബരിമല സമരത്തിന് പിന്നില്‍ സവര്‍ണലോബിയെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തമ്പ്രാക്കന്‍മാരെന്ന് കരുതുന്ന ചിലരാണ് തീരുമാനങ്ങള്‍ക്ക് പിന്നില്‍. ഒരു രാജാവും ഒരു ചങ്ങനാശേരിയും ഒരു തന്ത്രിയുമാണ് സമരത്തിന് പിന്നിലെന്നും വെള്ളാപ്പള്ളി ആരോപിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

അയ്യപ്പസംഗമത്തിന് രാഷ്ട്രീയലക്ഷ്യം തന്നെയായിരുന്നുവെന്നും യുഡിഎഫിന് സര്‍വനാശം സംഭവിക്കുകയും വോട്ടുകള്‍ ബിജെപിയിലേക്ക് പോകുമെന്നും അദ്ദേഹം ആരോപിച്ചു. എന്തൊക്കെയായാലും ഇടതുപക്ഷത്തിന് ഒരു ചുക്കും സംഭവിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. പൊതുജനം കഴുതയാണെന്ന് ആരും കരുതരുതെന്ന് പറഞ്ഞ വെള്ളാപ്പള്ളി സംഗമത്തിന് പോകാതിരുന്ന തന്റെ തീരുമാനം ശരിയായിരുന്നുവെന്നും പറഞ്ഞു.


ഹിന്ദുക്കള്‍ക്ക് വേണ്ടിയാണെങ്കില്‍ എസ്എന്‍ഡിപിയോട് കൂടി ആലോചിക്കണമായിരുന്നു. ടി.പി സെന്‍കുമാറിനെ കാട്ടി എസ്എന്‍ഡിപി പ്രാതിനിധ്യം പറയേണ്ട. സര്‍ക്കാരിന് അപചയമില്ലെന്നും കോടതി ഉത്തരവ് അംഗീകരിക്കാന്‍ ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനി വരുന്ന വിധി എന്തായാലും അംഗീകരിച്ച് സമാധാനത്തിന് തയ്യാറാകണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. 


പുത്തരിക്കണ്ടത്ത് നടന്ന അയ്യപ്പസംഗമത്തിന് രാഷ്ട്രീയലക്ഷ്യമുണ്ടെന്ന് പറഞ്ഞ വെള്ളാപ്പള്ളി  മാതാ അമൃതാനന്ദമയി എത്തുന്നിടത്ത് ആളുകൂടും അതുതന്നെയാണ് പുത്തരിക്കണ്ടത്ത് ഉണ്ടായതെന്നും കൂട്ടിചേര്‍ത്തു.


സമദൂരം പറയുമെങ്കിലും എന്‍എസ്എസിന് എല്ലാ കാലവും ഒരു ദൂരമുണ്ടായിരുന്നു. ജനങ്ങള്‍ക്ക് അത് ഇപ്പോള്‍ നേരിട്ട് ബോധ്യപ്പെട്ടു എന്നതാണ് നേര്. ബിഡിജെഎസുമായി തനിക്ക് ബന്ധമില്ല. ഒരു പാര്‍ട്ടിയുമായും ഇനി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. എനിക്ക് ചില തെറ്റുകള്‍ പറ്റിയിട്ടുണ്ട്. ബിജെപിക്കാര്‍ തന്ന ഹെലികോപ്ടറില്‍ താന്‍ പോയിട്ടുണ്ട്. അത് തെറ്റാണെന്ന് മനസിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.