തിരുവനന്തപുരം: വടക്കാഞ്ചേരി കൂട്ട ബലാൽസംഗക്കേസിലെ സി.പി.എം നഗരസഭാ കൗൺസിലർ അടക്കമുള്ളവരെ സിപിഎം സംരക്ഷിക്കുകയാണെന്ന് പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.  


COMMERCIAL BREAK
SCROLL TO CONTINUE READING

വടക്കാഞ്ചേരിയിലെ യുവതിയുടെ ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയിരുന്നു. അനിൽ അക്കര എം.എൽ.എയാണ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്കിയത്. 


ഇതിനു മറുപടിയായി ഗുരുവായൂര്‍ എസിപിയുടെ നേതൃത്വത്തില്‍ കേസ് ഗൗരവമായി അന്വേഷിക്കുന്നു എന്നും സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമം ഗൗരവമായി അന്വേഷിക്കുമെന്നും മുഖം നോക്കാതെ പ്രതികള്‍ക്കെതിരേ നടപടിയെടുക്കുമെന്നും  മന്ത്രി എ.കെ ബാലന്‍ മറുപടി നല്‍കി.‍ 


എന്നാല്‍,  പ്രതിപക്ഷത്തിന് ഇനിയും പരാതിയുണ്ടെങ്കില്‍ അത് എസിപിയോട് പറയണമെന്ന്‍ മന്ത്രി പറഞ്ഞത് പ്രതിപക്ഷ ബഹളത്തിനിടയാക്കുകയും പിന്നീട് നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോകുകയും ചെയ്തു.  


ഇന്നലെയാണ് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയോടൊപ്പം വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തില്‍ യുവതി കൂട്ടബലാല്‍സംഗത്തെകുറിച്ച് ഞെട്ടിക്കുന്ന്സ് വെളിപ്പെടുത്തലുകള്‍ നടത്തിയത്. സിപിഐഎം പ്രാദശിക നേതാവ് ജയന്തന്‍, ബിനീഷ്, ജനീഷ്, ഷിബു എന്നിവര്‍ ചേര്‍ന്നാണ് തന്നെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയതെന്ന് യുവതി പറഞ്ഞു.


2014ല്‍ സ്‌കൂള്‍ അവധിക്കാലത്താണ് സംഭവം നടന്നത്. ഇക്കൊല്ലം ഓഗസ്റ്റ് 14നാണ് പരാതി നല്‍കിയത്.  വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന ഭീഷണിയെത്തുടര്‍ന്നാണ് പരാതി നല്‍കാന്‍ വൈകിയതെന്നും ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു. യുവതിയുടെ ഭർത്താവ്, നടിയും സാമൂഹിക പ്രവർത്തകയുമായ പാർവതി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.