ദോഹ: 2022ലെ ഫിഫ ലോക കപ്പിനായുള്ള ഒരുക്കങ്ങളില്‍ ഖത്തറിന് പുതിയ റെക്കോര്‍ഡ്. അല്‍ വക്റ സ്റ്റേഡിയത്തിലെ ടര്‍ഫ് നിര്‍മ്മാണം ഏറ്റവും കുറഞ്ഞ സമയം കൊണ്ട് പൂര്‍ത്തിയാക്കിയതിനാണ് ലോക റെക്കോര്‍ഡ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒന്‍പത് മണിക്കൂറും 15 മിനിറ്റും മാത്രമെടുത്താണ് സ്റ്റേഡിയത്തില്‍ പുല്ല് വെച്ച് പിടിപ്പിച്ചത്. ഫിഫ ലോക കപ്പിനായി ഖത്തറില്‍ ഒരുങ്ങുന്ന എട്ട് സ്റ്റേഡിയങ്ങളിലൊന്നാണ് അല്‍ വക്റ. സ്റ്റേഡിയത്തിലെ 90 ശതമാനം ജോലികളും ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 


കഴിഞ്ഞ ദിവസം നടന്ന ടര്‍ഫ് നിര്‍മ്മാണം വിദഗ്ധരെ അണിനിരത്തി റെക്കോര്‍ഡ് സമയം കൊണ്ട് പൂര്‍ത്തിയാക്കിയാണ് ഖത്തര്‍ കായിക ലോകത്തെ ഞെട്ടിച്ചത്. ഈ രംഗത്ത് നേരത്തെ ഖത്തര്‍ തന്നെ സ്വന്തമാക്കിയ റെക്കോര്‍ഡാണ് ഇപ്പോള്‍ തിരുത്തിക്കുറിച്ചത്. 


ലോകകപ്പിനായി പണികഴിപ്പിച്ച ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലെ ടര്‍ഫ് തയ്യാറാക്കിയതായിരുന്നു നിലവിലുണ്ടായിരുന്ന റെക്കോര്‍ഡ്. അന്ന് 13 മണിക്കൂറും 15 മിനിറ്റുമാണ് സമയമെടുത്തിരുന്നതെങ്കില്‍ ഇപ്പോള്‍ നാല് മണിക്കൂര്‍ കൂടി സമയം കുറച്ച് സ്വന്തം റെക്കോര്‍ഡിനെ തിരുത്തിക്കുറിച്ച് കരുത്ത് തെളിയിച്ചിരിക്കുകയാണ് ഖത്തര്‍.


40,000 കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്റ്റേഡിയം 2014 മെയിലാണ് നിര്‍മ്മാണം തുടങ്ങിയത്. 2019ന്‍റെ ആദ്യ പകുതിയില്‍ തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.