ഇറാന്-US സംഘര്‍ഷം: അതിജാഗ്രതയില്‍ കുവൈത്ത്
ജനുവരി 3ന് പുലര്‍ച്ചെ അമേരിക്ക ബാഗ്ദാദില്‍ നടത്തിയ വ്യോമാക്രമണത്തിന് ഇറാന് പകരംവീട്ടല്‍ ആരംഭിച്ചതോടെ കുവൈത്ത് അതീവ ജാഗ്രതയില്‍.
കുവൈത്ത് സിറ്റി: ജനുവരി 3ന് പുലര്‍ച്ചെ അമേരിക്ക ബാഗ്ദാദില്‍ നടത്തിയ വ്യോമാക്രമണത്തിന് ഇറാന് പകരംവീട്ടല്‍ ആരംഭിച്ചതോടെ കുവൈത്ത് അതീവ ജാഗ്രതയില്‍.
കഴിഞ്ഞ 3നാണ് അമേരിക്ക ബാഗ്ദാദില്‍ വ്യോമാക്രമണം നടത്തുകയും ഇറാനിയന്‍ ഖുദ്സ് ഫോഴ്സ് തലവനാണ് ഖാസിം സുലൈമാനിയേയും ഒപ്പം പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സ് എന്നറിയപ്പെടുന്ന ഇറാന് പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിനേയും കൊലപ്പെടുത്തുന്നത്.
തുടര്‍ന്ന് ഇറാന് അമേരിക്കന്‍ സൈനിക താവളത്തില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 80 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാന് അവകാശപ്പെട്ടു. ഇതോടെ സംഘര്‍ഷം അതിന്റെ പരകോടിയില്‍ എത്തി നില്‍ക്കുകയാണ്.
ഇറാന്-US സംഘര്‍ഷം വര്‍ദ്ധിക്കുമ്പോള്‍ കുവൈത്തിലെ അമേരിക്കന്‍ സൈനിക ക്യാമ്പുകള്‍ ഇറാന് ലക്ഷ്യമിടുമോ എന്ന ആശങ്കയിലാണ് കുവൈത്ത്.
മുന്‍പ്, ഖുദ്സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിക്കാന്‍ കുവൈത്തിലെ സൈനിക ക്യാമ്പാണ് അമേരിക്ക ഉപയോഗിച്ചതെന്ന വാര്‍ത്ത പ്രചരിച്ച ഘട്ടത്തില്‍ തന്നെ ഇത് നിഷേധിച്ച് കുവൈത്ത് രംഗത്തെത്തിയിരുന്നു. ഈ വിഷയത്തില്‍ ഇറാന് സ്ഥാനപതിയുമായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചര്‍ച്ച നടത്തുകയും ചെയ്തു.
അതേസമയം, പ്രത്യക്ഷത്തില്‍ കുവൈത്തിന് ഭീഷണി ഇപ്പോഴില്ല. ആക്രമിക്കുമെന്ന് ഇറാന് മുന്നറിയിപ്പ് നല്കിയ രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്ത് ഉള്‍പ്പെടുന്നില്ല. നയതന്ത്ര നീക്കങ്ങള്‍ നടത്തുന്നതിനൊപ്പം യുദ്ധം ഉണ്ടായാലുള്ള സ്ഥിതി കൈകാര്യം ചെയ്യാനുള്ള മുന്നൊരുക്കവും കുവൈത്ത് നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ആറുമാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കളും മരുന്നും മറ്റു അവശ്യ വസ്തുക്കളും കുവൈത്ത് ശേഖരിച്ചുവെച്ചിട്ടുണ്ട്. കര, വ്യോമ, കടല്‍ നിരീക്ഷണം ശക്തമാക്കി. ബുധനാഴ്ച രാവിലെ ഇറാന് നടത്തിയ ആക്രമണത്തിന് അമേരിക്കയുടെ മറുപടി എത്തരത്തിലാവും എന്നതിനെ ആശ്രയിച്ചാണ് കാര്യങ്ങള്‍.
തിരിച്ചടിച്ചാല്‍ സമ്പൂര്‍ണ്ണ യുദ്ധമെന്നാണ് ഇറാന് മുഴക്കുന്ന ഭീഷണി. അത്തരമൊരു അവസ്ഥയില്‍ കുവൈത്ത് അടക്കം മേഖലയിലെ രാജ്യങ്ങളെല്ലാം ഇതിന്റെ ഭവിഷത്ത് അനുഭവിക്കേണ്ടിവരും.
അതേസമയം, കുവൈത്ത് എക്കാലവും സമാധാനത്തിന്റെ സന്ദേശമാണ് നല്‍കുന്നത്. ഇനിയൊരു യുദ്ധത്തിന് മേഖലക്ക് കെല്പില്ലെന്നും എല്ലാവരും സമാധാനത്തിന്റെ പാതയിലേക്ക് വരണമെന്നുമാണ് അന്താരാഷ്ട്ര സമൂഹത്തിനൊപ്പം കുവൈത്തും ആവശ്യപ്പെടുന്നത്.