ജയ്പൂര്‍: മുംബൈക്കെതിരായ അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്സ്മാനുള്ള ഓറഞ്ച് ക്യാപ്പ് തിരിച്ചു പിടിച്ച് രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി താരം സഞ്ജു സാംസണ്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബംഗളൂരു നായകന്‍ വിരാട് കോലിയെ മറികടന്നാണ് സഞ്ജു ഓറഞ്ച് ക്യാപ്പ് വീണ്ടും തിരിച്ചുപിടിച്ചത്. ആറ് മത്സരങ്ങളില്‍ നിന്ന് 239 റണ്‍സാണ് ഇപ്പോള്‍ സഞ്ജുവിന്‍റെ പേരിലുള്ളത്.


അഞ്ച് കളികളില്‍ 231 റണ്‍സ് നേടിയിട്ടുള്ള വിരാട് കോലി തന്നെയാണ് രണ്ടാം സ്ഥാനത്ത്. അടുത്ത മത്സരത്തില്‍ കോലിയടക്കമുള്ളവര്‍ സഞ്ജുവിനെ മറികടക്കാന്‍ സാധ്യതയുണ്ട്. 230 റണ്‍സുമായി ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്യാംസണ്‍ മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ മൂന്ന് കളികളില്‍ മാത്രം ഇറങ്ങിയ ക്രിസ് ഗെയ്ല്‍ 229 റണ്‍സുമായി നാലാമതുണ്ട്. 223 റണ്‍സുമായി ഇന്ത്യന്‍ ടീമില്‍ ധോണിയുടെ പിന്‍ഗാമിയാവാനുള്ള പോരാട്ടത്തില്‍ സഞ്ജുവിന് വെല്ലുവിളി ഉയര്‍ത്തുന്ന റിഷഭ് പന്താണ് അഞ്ചാം സ്ഥാനത്ത്.


ആദ്യ മത്സരത്തില്‍ ഹൈദരാബാദിനെതിരെ 49 റണ്‍സും രണ്ടാം മത്സരത്തില്‍ ഡല്‍ഹിക്കെതിരെ 37 റണ്‍സും അടിച്ചെടുത്ത സഞ്ജു മൂന്നാം മത്സരത്തില്‍ വെടിക്കെട്ട് അര്‍ദ്ധ സെഞ്ചുറി നേടിയാണ് ഓറഞ്ച് ക്യാപ്പ് തലയിലണിഞ്ഞത്. 45 പന്തില്‍ 92 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്.  എട്ട് കോടിക്കാണ് സഞ്ജുവിനെ രാജസ്ഥാന്‍ നിലനിര്‍ത്തിയത്. ഇത്രയൊക്കെ നല്‍കേണ്ടതുണ്ടോവെന്ന് ചോദിച്ചവര്‍ക്കെല്ലാമുള്ള മറുപടിയാണ് സഞ്ജുവിന്‍റെ പ്രകടനങ്ങള്‍.