തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌റ്റേഡിയങ്ങളെയും മറ്റു കായിക അടിസ്ഥാന സൗകര്യങ്ങളെയും സ്വയംപര്യാപ്തമാകുന്ന നിലയിലേക്ക് ഉയര്‍ത്താന്‍ വിപുലമായ പദ്ധതികള്‍ തയ്യാറാക്കുന്നതിന് സ്‌പോട്‌സ് കേരള ഫൗണ്ടേഷന്‍ (SKF) ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. കായിക വകുപ്പിന് കീഴിലുള്ള എസ് കെ എഫിന്റെ ആദ്യത്തെ സമ്പൂര്‍ണ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഇന്ന് മാർച്ച് 31 വ്യാഴാഴ്ച ചേര്‍ന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എസ്കെഎഫിന്റെ പുതിയ 4 ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ചുമതലയേറ്റു. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടന്ന യോഗത്തില്‍ എസ് കെ എഫ് ചെയര്‍മാന്‍ കൂടിയായ കായിക മന്ത്രി വി അബ്ദുറഹിമാന്‍ അദ്ധ്യക്ഷനായിരുന്നു.


നിലവില്‍ സംസ്ഥാനത്ത് കളിക്കളങ്ങളുടെ പരിപാലനത്തിന് കൃത്യമായ സംവിധാനമില്ല. അതിനാല്‍ കളിക്കളങ്ങള്‍ നശിക്കുന്നുവെന്ന പരാതികള്‍ക്ക് പരിഹാരമായാണ് എസ്കെഎഫ് പരിപാലനവും നവീകരണവും നിര്‍വഹിക്കാന്‍ പദ്ധതി തയ്യാറാക്കുന്നത്. ഉടമസ്ഥത ഉള്‍പ്പെടെ സ്‌റ്റേഡിയങ്ങളും മറ്റു കളിക്കളങ്ങളുമുള്ള ഓരോ മേഖലകളിലെയും വിഷയങ്ങള്‍ വ്യത്യസ്തമാണ്. അതനുസരിച്ച് എല്ലാവരും അംഗീകരിക്കുന്ന തരത്തിലുള്ള ധാരണാപത്രം തയ്യാറാക്കാനും എസ്കെഎഫ് നടപടി സ്വീകരിക്കും. ഈ ധാരണാപത്രം അനുസരിച്ചാകും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍.


സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്  ജെ മേഴ്‌സി കുട്ടന്‍, എ പ്രദീപ് കുമാര്‍, വി പി അനില്‍ കുമാര്‍, മുഹമ്മദ് ആഷിഖ്  എന്നിവരാണ് പുതിയ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍.  കായിക-യുവജന കാര്യ വകുപ്പ് സെക്രട്ടറി എം ശിവശങ്കറാണ് വൈസ് ചെയര്‍മാന്‍.


കായിക മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണത്തിനും പരിപാലനത്തിനും രൂപീകരിച്ചതാണ് എസ് കെ എഫ്. 23.09.2021ലാണ് ആദ്യ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്നത്. കായികവകുപ്പിന് കീഴിലെ എഞ്ചിനിയറിങ്ങ് വിഭാഗം എസ് കെ എഫില്‍ ലയിപ്പിച്ചു. ഒപ്പം, കായിക വകുപ്പിന് കീഴിലെ മുഴുവന്‍ കളിക്കളങ്ങളുടെയും പരിപാലന ചുമതലയും കൈമാറിയിരുന്നു. എസ് കെ എഫില്‍ നാല്‍പ്പതോളം എഞ്ചിനിയര്‍മാരെ പുതുതായി നിയോഗിച്ചിട്ടുമുണ്ട്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.