വിപണിയിലിറങ്ങും മുന്നേ കള്ളന്മാര് കൊണ്ടുപോയത് 2.40 കോടിയുടെ ഐഫോണ്‍ 10!
അല്ലെങ്കില്‍ തന്നെ ഓര്‍ഡര്‍ കൊടുത്ത ആളുകള്‍ക്ക് തന്നെ കിട്ടാനില്ലാത്ത അവസ്ഥയിലാണ് ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ 10. അതിനിടെ സ്റ്റോക്കില്‍ ഉള്ള ഫോണുകള്‍ കൂടി കള്ളന്മാര് കൊണ്ടുപോയാലോ? സാന്‍ഫ്രാന്‍സിസ്കോയില്‍ സംഭവിച്ചത് അതാണ്, ഒന്നും രണ്ടുമല്ല, മുന്നൂറോളം ഐഫോണുകളാണ് ഇവിടെ കള്ളന്മാര് കൊണ്ടുപോയത്. മൊത്തം 2.40 കോടി രൂപ വിലമതിക്കും കളവുമുതല്‍!
പട്ടാപ്പകലാണ് ഈ മോഷണം നടന്നത്. സാന്‍ഫ്രാന്‍സിസ്കോയിലെ ആപ്പിള്‍ സ്റ്റോറിനടുത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ നിന്നും പകല്‍ 11.15 നാണ് കള്ളന്മാര് 313 ഐഫോണുകള്‍ നൈസായി അടിച്ചുമാറ്റിയത്. യുഎസ് പാക്കേജ് ഡെലിവറി കമ്പനിയായ യുപിഎസിന്റെ വാഹനമായിരുന്നു ഇത്. ഇതേക്കുറിച്ച് അന്വേഷണം നടത്തി വരികയാണെന്ന് യുപിഎസ് പറഞ്ഞു.