ലണ്ടന്‍: യൂറോപ്യൻ യൂണിയനിൽ തുടരണോ വേണ്ടയോ  എന്നു തീരുമാനിക്കാനുള്ള ഹിതപരിശോധന ബ്രിട്ടനിൽ തുടങ്ങി.  ഏഴിന് തുടങ്ങിയ  പോളിങ് രാത്രി10മണി വരെ നീളും. എല്ലാ വോട്ടര്‍മാര്‍ക്കും പോസ്റ്റല്‍ ബാലറ്റിന് അവകാശമുള്ള ബ്രിട്ടനില്‍ നല്ളൊരു ശതമാനവും ഇതിനകം വോട്ടവകാശം രേഖപ്പെടുത്തിക്കഴിഞ്ഞു. വെള്ളിയാഴ്ച രാവിലെയോടെ ഫലമറിയാം. യൂണിയൻ വിടുക അഥവാ ‘ബ്രെക്സിറ്റ്’ (ബ്രിട്ടിഷ് എക്സിറ്റ്)  എന്നാണ് ഫലമെങ്കില്‍  രാജ്യാന്തര തലത്തിൽ വലിയ ചലനങ്ങൾക്കു കാരണമാകും അത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതിനിടെ, ബ്രെക്സിറ്റ് സംബന്ധിച്ച ടെലിവിഷന്‍ സംവാദം അഭിപ്രായഭിന്നതയില്‍ കലാശിച്ചു. പ്രചാരണത്തിന്‍റെ അവസാനദിനമായിരുന്നു  ലണ്ടനിലെ വെംബ്ളി സ്റ്റേഡിയത്തില്‍ ബി.ബി.സിയുടെ നേതൃത്വത്തില്‍ ബ്രെക്സിറ്റിനെ അനുകൂലിക്കുന്നവരുടെയും എതിര്‍ക്കുന്നവരുടെയും സംവാദം സംഘടിപ്പിച്ചത്. അനുകൂലിക്കുന്നവരുടെ ‘ലീവ്’ പാനല്‍ നയിച്ചത് ലണ്ടന്‍ മുന്‍ മേയര്‍ ബോറിസ് ജോണ്‍സണും എതിര്‍ക്കുന്നവരുടെ ‘റിമെയ്ന്‍’ പാനല്‍ നയിച്ചത് ലണ്ടന്‍ മേയര്‍ സാദിഖ് ഖാനുമായിരുന്നു. സംവാദത്തില്‍ കൂടുതലും ചര്‍ച്ചചെയ്യപ്പെട്ടത് കുടിയേറ്റം, ബ്രിട്ടന്‍റെ സാമ്പത്തികവ്യവസ്ഥ, പരമാധികാരം എന്നീ വിഷയങ്ങളായിരുന്നു.


ഇതാദ്യമായല്ല ബ്രിട്ടന്‍ യൂറോപ്യൻ യൂണിയനിൽ തുടരണോ വേണ്ടയോ  എന്നു തീരുമാനിക്കാനുള്ള ഹിതപരിശോധന നടത്തുന്നത്.1975ല്‍ യൂറോപ്യൻ സാമ്പത്തിക സംഘത്തിൽ തുടരണോ എന്നു നിശ്ചയിക്കാൻ  ബ്രിട്ടനിൽ ഹിതപരിശോധന നടന്നിരുന്നു. അന്ന് 67% പേർ തുടരുന്നതിനെ അനുകൂലിച്ചതുകൊണ്ട് ഇപ്പോഴും  ബ്രിട്ടൻ യൂണിയനില്‍ തുടർന്നു. 


യൂറോപ്യന്‍ യൂനിയന്‍ അംഗത്വം ബ്രിട്ടന്‍ തുടരണോ വേണ്ടയോ എന്നതു സംബന്ധിച്ചാണ്  ഹിതപരിശോധന നടക്കുന്നത്.ബ്രിട്ടിഷ്, ഐറിഷ്, കോമണ്‍വെല്‍ത്ത് പൗരന്‍മാര്‍ വോട്ട് ചെയ്യും. ബ്രിട്ടനില്‍ താമസിക്കുന്ന 18 തികഞ്ഞവര്‍ക്കാണ് വോട്ട് രേഖപ്പെടുത്താന്‍ അവസരം. ബ്രിട്ടന് പുറത്തുള്ളവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരമുണ്ട്. യൂറോപ്യന്‍ യൂനിയന്‍ പൗരന്‍മാര്‍, അവര്‍ ബ്രിട്ടനില്‍ താമസിക്കുന്നവരായാലും വോട്ട് ചെയ്യാനാകില്ല. ചിലര്‍ പോസ്റ്റല്‍ വോട്ടുകള്‍ രേഖപ്പെടുത്തിക്കഴിഞ്ഞു.