പ്യോങ്യാങ്: അമേരിക്ക എന്ന മുതലാളിത്ത രാജ്യവും ഉത്തരകൊറിയ എന്ന കമ്മ്യൂണിസ്റ്റ് രാജ്യവും തമ്മില്‍ സിംഗപ്പൂരില്‍ നടത്തിയ കൂടിക്കാഴ്ച ലോകത്തിന് പുതിയ ചരിത്രമാണ് നല്‍കിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഉത്തരകൊറിയന്‍ മേധാവി കിം ജോങ് ഉന്‍ പറഞ്ഞത് 'കഴിഞ്ഞതെല്ലാം മറക്കുന്നു, ലോകം ഇനി വലിയ മാറ്റങ്ങള്‍ക്ക് സാക്ഷിയാകും' എന്നാണ്. പക്ഷെ, ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ ചരിത്ര കൂടിക്കാഴ്ചയെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ ഉത്തരകൊറിയന്‍ ജനത അറിഞ്ഞത് ഇന്നലെ മാത്രമാണ്!


COMMERCIAL BREAK
SCROLL TO CONTINUE READING

മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണമുള്ള ഉത്തരകൊറിയയില്‍ അച്ചടിക്കുന്ന ഏക പത്രമായ റൊഡോങ് സിന്‍മന്‍ എന്ന ഭരണകക്ഷിയുടെ മുഖപത്രത്തില്‍ ഇന്നലെ മുന്‍പേജിലായിരുന്നു വാര്‍ത്ത വന്നത്. ഇതോടെ പത്രങ്ങള്‍ ലഭിക്കുന്ന ഭൂര്‍ഗര്‍ഭ റെയില്‍വേ സ്‌റ്റേഷനുകളിലും മറ്റ് പൊതുയിടങ്ങളിലും വാര്‍ത്ത വായിക്കാന്‍ വന്‍ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്.


രാജ്യത്തെ ഏക ടെലിവിഷന്‍ ചാനലിലും ഇന്നലെ സംപ്രേഷണം ചെയ്തത് കിം-ട്രംപ് കൂടിക്കാഴ്ച സംബന്ധിച്ച വാര്‍ത്തകളായിരുന്നു. വാര്‍ത്ത‍ അവതരിപ്പിച്ചത് കിമ്മിന്‍റെ ഇഷ്ടപ്പെട്ട ടിവി അവതാരക റി ചന്‍ ഹീയും. പ്രമുഖ നഗരകേന്ദ്രങ്ങളിലെല്ലാം വലിയ സ്‌ക്രീനുകളില്‍ ടെലിവിഷന്‍ സംപ്രേഷണം ലൈവായി കാണിച്ചു. ലോക ശ്രദ്ധയാകര്‍ഷിച്ച കൂടിക്കാഴ്ചയെന്നാണ് ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ കിം-ട്രംപ് ഉച്ചകോടിയെ വിശേഷിപ്പിച്ചത്.


എയര്‍ ചൈന വിമാനത്തില്‍ കിം സിംഗപ്പൂരില്‍ പറന്നിറങ്ങുന്ന ദൃശ്യങ്ങളാണ് ഉത്തരകൊറിയയില്‍ വ്യാപകമായി സംപ്രേഷണം ചെയ്തത്. ഉത്തരകൊറിയ-ചൈന ബന്ധം എത്രകണ്ട് ദൃഢമാണെന്ന് കാട്ടിക്കൊടുക്കാനാണ് ദൃശ്യങ്ങള്‍ ലൈവ് ചെയ്തതെന്നും ഇതിനെ വ്യഖ്യാനിക്കാം.


എന്തായാലും ട്രംപുമായുളള കൂടിക്കാഴ്ച മേഖലയില്‍ സമാധാനം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നവരാണ് കൊറിയക്കാരില്‍ ഏറെയും. ഇരുവരുടേയും കൂടിക്കാഴ്ചയെ ഉത്തരകൊറിയക്കാര്‍ ശരിക്ക് ആഘോഷിക്കുക തന്നെയാണ്.