ഇംപീച്ച് നടപടിയില്‍ പ്രതികരിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്. യുഎസ് രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും നാണം കെട്ട നടപടിയെന്നാണ് ഇ൦പീച്ച് നടപടിയ്ക്കെതിരെ ട്രംപ് പ്രതികരിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഏകപക്ഷീയമായ നടപടിയാണ് ഡമോക്രാറ്റുകളുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും ജനവിധി അട്ടിമറിക്കാനുള്ള നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.


ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് പ്രമേയം ജനപ്രതിനിധി സഭയിൽ പാസായതിന് പിന്നാലെയാണ് പ്രതികരണം. പ്രമേയത്തിന്‍റെ ആദ്യഭാഗം 197–നെതിരെ 230 വോട്ടിനും രണ്ടാം ഭാഗം 198–നെതിരെ 299 വോട്ടിനുമാണ് പാസായത്.


അധികാര ദുർവിനിയോഗം, യുഎസ് കോൺഗ്രസിന്‍റെ പ്രവർത്തനം തടസ്സപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇംപീച്ച്മെന്‍റ് പ്രമേയം അവതരിപ്പിച്ചത്. 


മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡനെതിരായ കേസുകൾ കുത്തിപ്പൊക്കാൻ ട്രംപ് ഉക്രയിന് മേൽ രാഷ്ട്രീയ സമ്മർദം ചെലുത്തിയെന്നും ആരോപണമുണ്ട്.


പ്രമേയം ഇനി യുഎസ് പാർലമെന്റിന്‍റെ ഉപരിസഭയായ സെനറ്റിന്‍റെ പരിഗണനയ്ക്കെത്തും. ഇംപീച്ച് ചെയ്യപ്പെടുന്ന മൂന്നാമത്തെ യുഎസ് പ്രസിഡന്‍റാണ് ഡോണാൾഡ് ട്രംപ്.


ജനപ്രതിനിധി സഭ പാസ്സാക്കിയെങ്കിലും ട്രംപ് അനുകൂലികൾക്ക് ഭൂരിപക്ഷമുള്ള സെനറ്റിൽ ഇംപീച്ച്മെന്റ് പ്രമേയം പരാജയപ്പെടാനാണ് സാധ്യത.


പ്രമേയം സെനറ്റിൽ പരാജയപ്പെട്ടാലും അടുത്ത വർഷം നടക്കാൻ ഇരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന്‍റെ പ്രതിച്ഛായ തകര്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. 


ഇതിനു മുന്നോടിയായുള്ള നടപടിക്രമങ്ങൾ ചർച്ച ചെയ്യാൻ സഭയുടെ ഹൗസ് റൂള്‍  കമ്മിറ്റി ഇന്നലെ യോഗം ചേര്‍ന്നിരുന്നു. 


435 അംഗ  ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം ഡെമോക്രറ്റുകൾക്കായതിനാൽ പ്രമേയം പാസകുമെന്ന കാര്യം നേരത്തെ തന്നെ ഏകദേശം ഉറപ്പിച്ചിരുന്നു.