US Election: തിരഞ്ഞെടുപ്പിന് മുന്‍പുള്ള സംവാദം, ട്രംപിനെ പിന്തള്ളി ജോ ബൈഡന്
പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, അമേരിക്കയില്‍ തിരഞ്ഞെടുപ്പ് പ്രചാരണരംഗം ചൂടുപിടിയ്ക്കുകയാണ്...
വാഷിംഗ്ടണ്‍ ഡിസി: പ്രസിഡന്റ് തിരഞ്ഞെടുപ്പിന് (US President Election) ദിവസങ്ങള്‍ മാത്രം ശേഷിക്കേ, അമേരിക്കയില്‍ തിരഞ്ഞെടുപ്പ് പ്രചാരണരംഗം ചൂടുപിടിയ്ക്കുകയാണ്...
പല ഘട്ടങ്ങളായി നടക്കുന്ന പ്രചാരണത്തില്‍ ഇപ്പോള്‍ നടക്കുന്നത് ഇരു പാര്‍ട്ടികളുടെയും പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ പങ്കെടുക്കുന്ന സംവാദമാണ്.
സ്ഥാനാര്‍ഥികളുടെ സംവാദത്തിന് ശേഷം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ (Donald Trump) മുന്നില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനാണെന്ന് (Joe Biden) റിപ്പോര്‍ട്ടുകള്‍. വാള്‍സ്ട്രീറ്റ് ജേര്‍ണല്‍/ എ ബി സി ന്യൂസ് വോട്ടെടുപ്പിലാണ് ഇക്കാര്യം വ്യക്തമായത്.
പുതിയ വോട്ടെടുപ്പില്‍ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരില്‍ 53% ബൈഡനെ പിന്തുണക്കുമ്പോള്‍ 39% മാത്രമാണ് ട്രംപിനെ അംഗീകരിക്കുന്നത്. സംവാദത്തിന് ശേഷം രണ്ടു ദിവസം പിന്നിടുമ്പോഴേയ്ക്കും ട്രംപ് കോവിഡ് ബാധിതനാവുകയും ചെയ്തു. കഴിഞ്ഞ മാസം എട്ടു പോയിന്റും ജൂലൈയില്‍ 11 പോയിന്റും ബൈഡന് സ്വന്തമാക്കിയിരുന്നു.
അതേസമയം, ട്രംപിന് കാര്യങ്ങള്‍ തിരിച്ചു പിടിക്കാനാവുമെന്ന വിശ്വാസമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രകടിപ്പിക്കുന്നത്. സംവാദത്തിനിടയില്‍ ട്രംപ് പല തവണ എതിരാളിയെ തടസ്സപ്പെടുത്തിയത് വോട്ടര്‍മാരെ സ്വാധീനിച്ചുവെന്നു വിലയിരുത്തപ്പെടുത്തുന്നുണ്ട്.
ഡെമോക്രാറ്റുകളില്‍ 84% വും സംവാദത്തില്‍ ബൈഡന് മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നാണ് കരുതുന്നത്. എന്നാല്‍, ട്രംപ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് റിപ്പബ്ലിക്കന്മാരില് പോലും 54 ശതമാനത്തിന് മാത്രമാണ് അഭിപ്രായമുള്ളത്. സ്ഥാനാര്‍ഥികളില്‍ ഇരുവരും നന്നായില്ലെന്ന അഭിപ്രായക്കാര്‍ 17 ശതമാനമാണ്.
പ്രസിഡന്റാകാനുള്ള മികച്ച സ്വഭാവം ബൈഡനാണെന്ന് 58%വും ട്രംപിനാണെന്ന് 26%വും അഭിപ്രായപ്പെട്ടു.
അതേസമയം, ഡൊണാള്‍ഡ് ട്രംപ് കോവിഡ് ബാധിതനായതോടെ തിരഞ്ഞെടുപ്പിന് മുന്നേയുള്ള തുടർ സംവാദങ്ങൾ അനിശ്ചിതത്വത്തിലായിരിയ്ക്കുകയാണ്.
ഒക്ടോബർ 15ന് മിയാമിയിലും ഒക്ടോബർ 22ന് ടെന്നിസിയിലെ നാഷ് വില്ലെയിലും രണ്ട് സംവാദങ്ങൾ കൂടി നടക്കാനുണ്ടെങ്കിലും ട്രംപ് കോവിഡ് ബാധിതനായതോടെ അവയെകുറിച്ചുള്ള വിശദമായ കാര്യങ്ങൾ പുറത്തുവന്നിട്ടില്ല.
സംവാദം മാറ്റി വയ്ക്കുമോ അതോ ഉപേക്ഷിക്കുമോ എന്ന കാര്യങ്ങളിലൊന്നും വ്യക്തത വന്നിട്ടില്ല. അതേസമയം, വൈസ് പ്രസിഡന്റ് സ്ഥാനാർഥികളുടെ സംവാദം ബുധനാഴ്ച യൂട്ടാ സർവകലാശാലയിൽ അരങ്ങേറും.