ദാവോസ്: കശ്മീര്‍ വിഷയത്തില്‍ ഇടപെടാമെന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്‌ ട്രംപ്‌.


COMMERCIAL BREAK
SCROLL TO CONTINUE READING

തന്‍റെ മോഹം പാക്‌ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ അടുത്തിരുന്നാണ് ട്രംപ്‌ പങ്കുവെച്ചത്. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ഇത് നാലാം തവണയാണ് ട്രംപ് ഈ വിഷയത്തില്‍ ആവര്‍ത്തിച്ച് ഇടപെടുന്നത്.


സ്വിസ് റിസോര്‍ട്ട് നഗരമായ ദാവോസില്‍ ലോകസാമ്പത്തിക ഫോറം സമ്മേളനത്തിനു മുന്നോടിയായി ട്രംപും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഇക്കാര്യം ട്രംപ്‌ വീണ്ടും ആവര്‍ത്തിച്ചത്.


കൂടിക്കാഴ്ചയില്‍ തങ്ങള്‍ കശ്മീരിനെക്കുറിച്ചും ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധത്തെ സംബന്ധിച്ചും സംസാരിച്ചതായി ട്രംപ് പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ തങ്ങള്‍ക്ക് സഹായിക്കാന്‍ കഴിയുമെങ്കില്‍ തീര്‍ച്ചയായും സഹായിക്കുമെന്നും തങ്ങള്‍ ഇത് നിരീക്ഷിച്ചുവരികയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.


എന്നാല്‍ കശ്മീര്‍ വിഷയം പരിഹരിക്കുവാന്‍ ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറെന്ന് ട്രംപ് ആവര്‍ത്തിച്ചപ്പോഴെല്ലാം ഇന്ത്യ അത് നിരസിക്കുകയാണ് ചെയ്തത്. ഇത് ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്നും അത് ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കും എന്നുമാണ് ഇന്ത്യ ആവര്‍ത്തിച്ചത്.


അഫ്ഗാനിസ്ഥാൻ പോലെ തങ്ങള്‍ സംസാരിക്കാന്‍ താല്‍പര്യപ്പെടുന്ന വിഷയങ്ങള്‍ ഉണ്ടെന്ന്‍  പാക്‌ പ്രധാനമന്ത്രി പറഞ്ഞു. മാത്രമല്ല ഇന്ത്യ ഒരു വലിയ പ്രശ്നമാണെന്നും ഈ വിഷയം പരിഹരിക്കാന്‍ അമേരിക്കയ്ക്ക് മാത്രമേ കഴിയുവെന്നും അമേരിക്ക അതിന്‍റെ പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇമ്രാൻ ഖാന്‍ പറഞ്ഞു.