ഇസ്ലാമാബാദ്: നിരോധിത തീവ്രവാദ സംഘടനകളായ ലഷ്‌കര്‍ ഇ ത്വയ്ബയും ജയ്‌ഷെ മുഹമ്മദും തങ്ങളുടെ മണ്ണില്‍ സജീവമായി പ്രവര്‍ത്തുക്കുന്നുണ്ടെന്ന് സമ്മതിച്ച് പാക് വിദേശകാര്യ മന്ത്രി ഖ്വാജാ ആസിഫ്. പാക്‌ മാധ്യമമായ ജിയോ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സമ്മതിച്ചത്. ഇതാദ്യമായാണ് ഈ രണ്ട് സംഘടനകളും സ്വന്തം മണ്ണില്‍ പ്രവര്‍ത്തിക്കുന്നതായി പാകിസ്ഥാന്‍ സമ്മതിക്കുന്നത്.


പാക്കിസ്ഥാനിൽ ഭീകരർ പ്രവർത്തിക്കുന്നുണ്ടെന്നും അതിന് ആശ്ചര്യപ്പെടേണ്ടതില്ലെന്നും, ഇത്തരത്തില്‍ അന്താരാഷ്ട്ര തലത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയ സംഘടനകളെ പാകിസ്ഥാനും വിലക്കിയതാണെന്നും ആസിഫ് പറഞ്ഞു.  കഴിഞ്ഞ ദിവസം ചൈനയില്‍ നടന്ന ബ്രിക്‌സ് ഉച്ചക്കോടിക്കിടെ രാജ്യത്തലവന്മാര്‍ ഈ സംഘടനകളെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചിരുന്നു. ഇവര്‍ നടത്തുന്ന ആക്രമണങ്ങളെ ഇന്ത്യയടക്കമുള്ള ബ്രിക്‌സ് രാജ്യങ്ങള്‍ അപലപിക്കുകയും ചെയ്തിരുന്നു.  എന്നാല്‍ ബ്രിക്‌സില്‍ ചൈനയെടുത്ത നിലപാടുകളെ ഔദ്യോഗിക നിലപാടായി കാണാനാവില്ലെന്നും ഖ്വാജാ ആസിഫ് പറഞ്ഞു. പക്ഷെ, ഖ്വാജാ ആസിഫിന്‍റെ ഈ സമ്മതം ബ്രിക്സ് ഉച്ചകോടിയിൽ ലോകരാജ്യങ്ങള്‍ ഉന്നയിച്ച ആരോപണത്തെ ശരിവയ്ക്കുന്നതായിട്ടാണ് വിലയിരുത്തുന്നത്.