ഇന്ത്യയിൽ വിവാഹിതരായവർക്ക് ദുബായില്‍ വിവാഹമോചനം സാധ്യമോ?
വിവാഹ മോചനം നേടാൻ ആഗ്രഹിക്കുന്നവർക്ക് ദുബായ് വെബ് പോര്‍ട്ടലിൽ ഒരു വ്യക്തിഗത അക്കൗണ്ട് തുടങ്ങി, അതിലൂടെയോ അംഗീകൃത ടൈപ്പിങ് കേന്ദ്രത്തിലൂടെയോ അപേക്ഷ സമർപ്പിക്കാനാകും.
ഇന്ത്യയിൽ വിവാഹിതരായി ദുബായിൽ താമസിക്കുന്ന ദമ്പതികൾക്ക് ദുബായിൽ വിവാഹ മോചനം പറ്റുമോ? പറ്റില്ലെന്നായിരിക്കും ഭൂരിഭാഗം പേരുടെയും ധാരണ. എന്നാൽ ഇത് സാധ്യമാണെന്നതാണ് സത്യം. ദുബായിലെ പേഴ്സണൽ സ്റ്റാറ്റസ് കോടതിയിലാണ് ഇതിനായി അപേക്ഷ നൽകേണ്ടത്. യുഎഇയിലെ വിവാഹമോചന വിഷയങ്ങളിൽ ഇടപെടാൻ ഈ കോടതിക്ക് അധികാരമുണ്ട്. യുഎഇ പേഴ്സണൽ സ്റ്റാറ്റസ് നിയമത്തിൽ 2005ൽ കൊണ്ടുവന്ന ഫെഡറൽ നിയമത്തിന്‍റെ 28ാം വകുപ്പും 1908ലെ ഇന്ത്യൻ സിവിൽ പ്രൊസീജിയർ നിയമത്തിലെ വകുപ്പുകളും ഇത്തരത്തിൽ വിവാഹ മോചനത്തിന് വഴിയൊരുക്കുന്നു. ദമ്പതികളിൽ ഒരാളെങ്കിലും യുഎഇയിലെ താമസക്കാരായിരിക്കണം എന്നത് നിര്‍ബന്ധമാണ്.
വിവാഹ മോചനം നേടാൻ ആഗ്രഹിക്കുന്നവർക്ക് ദുബായ് വെബ് പോര്‍ട്ടലിൽ ഒരു വ്യക്തിഗത അക്കൗണ്ട് തുടങ്ങി, അതിലൂടെയോ അംഗീകൃത ടൈപ്പിങ് കേന്ദ്രത്തിലൂടെയോ അപേക്ഷ സമർപ്പിക്കാനാകും. പേഴ്സണൽ സ്റ്റാറ്റസ് കോടതിയുടെ ഫാമിലി ഗൈഡൻസ് കേന്ദ്രം അപേക്ഷ സ്വീകരിച്ച ശേഷം നേരിട്ടോ ഓൺലൈനായോ ഇരു കക്ഷികളുമായി കൗൺസിലിങ് നടത്തും. തർക്ക പരിഹാരത്തിനായുള്ള ശ്രമങ്ങൾക്ക് ശേഷമാകും വിവാഹ മോചനം പരിഗണിക്കുക.
വേര്‍പിരിയലിൽ ദമ്പതികള്‍ ഉറച്ചു നിന്നാൽ പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് കൗൺസിലിങ് കേന്ദ്രത്തിന്‍റെ ചുമതലയുള്ളയാള്‍ ആവശ്യപ്പെടും. ശേഷം ഇത് ഒരു ജഡ്ജിക്ക് റഫർ ചെയ്യും. വിവാഹ മോചന കേസ് ആയി പരിഗണിക്കുകയും വിവാഹ മോചനത്തിനുള്ള കാരണങ്ങൾ പരിഗണിക്കുകയും ചെയ്യും. ശേഷം വിവാഹ മോചനം അനുവദിച്ചുകൊണ്ടുള്ള വിധി പുറപ്പെടുവിക്കും.
എന്നാല്‍ വിവാഹ മോചനത്തിന് ദമ്പതികളിൽ ആരെങ്കിലും തയ്യാറല്ലെങ്കിൽ കൗൺസിലർ ഇരു കക്ഷികൾക്കും നോട്ടീസ് അയക്കുകയും ഇരുവരോടും കോടതിയിൽ ഹാജരാകാൻ നിർദ്ദേശിക്കുകയും ചെയ്യും. ഈ നോട്ടീസിന്റെ കാലാവധി 60 ദിവസമായിരിക്കും. അപേക്ഷകർ മുസ്ലീങ്ങളല്ലെങ്കിൽ അവർക്ക് ഇന്ത്യൻ നിയമം പരിഗണനയ്ക്കെടുക്കാൻ കോടതിയോട് അപേക്ഷിക്കാനാകും. അപേക്ഷകർ കോടതിയിൽ ഹാജരാകേണ്ടതുണ്ട്. അല്ലെങ്കിൽ പ്രതിനിധിയായി അഭിഭാഷകൻ എത്തണം. ഏതെങ്കിലും കക്ഷി ഹാജരായില്ലെങ്കില്‍ അവരുടെ അസാന്നിധ്യത്തിലുള്ള വിധിയാകും കോടതി പുറപ്പെടുവിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...