ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ അറസ്റ്റിലായ കാര്‍ത്തി ചിദംബരം അന്വേഷണസംഘത്തോടുള്ള നിസഹകരണം തുടരുന്നു. സിബിഐയ്ക്ക് തന്‍റെ മൊബൈല്‍ പാസ്വേഡ് നല്‍കില്ലെന്ന് കാര്‍ത്തി ചിദംബരം പരസ്യമായി വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേസുമായി ബന്ധപ്പെട്ട് ഇന്ന് കോടതിയില്‍ ഹാജരാക്കപ്പെട്ട കാര്‍ത്തി ചിദംബരം ദേശീയ മാധ്യമമായ എന്‍ഡിടിവിയ്ക്ക് നല്‍കിയ പ്രതികരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ത​ന്‍റെ മൊ​ബൈ​ൽ പാസ്വേഡ് സിബി​ഐ​ക്ക് നല്‍കിയിട്ടില്ലെന്നും ഇനി കൈ​മാ​റു​ക​യു​മി​ല്ലെ​ന്നും കാര്‍ത്തി ചിദംബരം പറഞ്ഞു. 


വ്യ​ക്തി​പ​ര​മാ​യ വി​വ​ര​ങ്ങ​ളും ചി​ത്ര​ങ്ങ​ളു​മു​ള്ള ഫോ​ൺ എ​ന്തി​നാ​ണ് അ​വ​ർ​ക്ക് കൈ​മാ​റു​ന്ന​ത്? 2016 ലേതാണ് തന്‍റെ ഫോ​ൺ. 2008ല്‍ നടന്ന സംഭവുമായി ബന്ധപ്പെട്ടാണ് കേസ്. ഇവ ത​മ്മി​ൽ ബ​ന്ധ​മി​ല്ലെ​ന്നും കാ​ർ​ത്തി വ്യക്തമാക്കി. 


കാര്‍ത്തി ചിദംബരത്തിന് ജാമ്യം നിഷേധിച്ച കോടതി മാര്‍ച്ച് 12 വരെ കാര്‍ത്തിയെ സിബിഐ കസ്റ്റഡിയില്‍ വിടാന്‍ അനുമതി നല്‍കുകയായിരുന്നു. കേസില്‍ കാര്‍ത്തി ചിദംബരത്തിന്‍റെ ഇടപെടലിനെ സാധൂകരിക്കുന്ന കൂടുതല്‍ രേഖകള്‍ ലഭ്യമായിട്ടുണ്ടെന്ന സിബിഐയുടെ വാദം പരിഗണിച്ചാണ് കസ്റ്റഡിയില്‍ വിടാന്‍ കോടതി അനുമതി നല്‍കിയത്. 


അന്വേഷണസംഘവുമായി കാര്‍ത്തി ചിദംബരം സഹകരിക്കുന്നില്ലെന്ന് നേരത്തെ തന്നെ കോടതിയെ സിബിഐ അറിയിച്ചിരുന്നു. അതിനാല്‍ കാര്‍ത്തി ചിദംബരത്തെ നാര്‍ക്കോ ടെസ്റ്റിന് വിധേയനാക്കണമെന്നാണ് സിബിഐ വാദം. ഇതിന് അനുമതി തേടി സിബിഐ കോടതിയെ സമീപിച്ചിട്ടുണ്ട്. കാര്‍ത്തി ചിദംബരത്തിന്‍റെയും ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് ഭാസ്കരരാമന്‍റെയും ഹര്‍ജി മാര്‍ച്ച് 15ന് കോടതി പരിഗണിക്കും. 


മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.എന്‍.എക്സ് മീഡിയ കമ്പനിക്ക് വിദേശത്ത് നിന്ന് പണം സ്വീകരിക്കുന്നതിന് വിദേശ നിക്ഷേപ പ്രമോഷന്‍ ബോര്‍ഡിന്‍റെ അംഗീകാരം നേടിയെടുക്കാന്‍ കാര്‍ത്തി ചിദംബരം മൂന്നരക്കോടി കോഴ വാങ്ങിയെന്നതാണ്  ആരോപണം. ബോര്‍ഡിന്‍റെ ക്ലിയറന്‍സ് ലഭിക്കാന്‍ കാര്‍ത്തി ചിദംബരം നിയമവിരുദ്ധ മാര്‍ഗങ്ങള്‍ തേടിയെന്നും സിബിഐ ആരോപിക്കുന്നു.