Ramayana Masam 2021: രാമായണം ഇരുപത്തിയേഴാം ദിനം പാരായണം ചെയ്യേണ്ട ഭാഗം

Ramayana Masam 2021: കര്‍ക്കടക മാസത്തിനെ നാം രാമായണ മാസം എന്നും വിളിക്കുന്നുണ്ട്. കാരണം കർക്കിടകം തുടങ്ങിയാൽ എല്ലാ ഹിന്ദു ഭവനങ്ങളിലും രാമായണം വായിക്കാന്‍ തുടങ്ങും.   

Written by - Ajitha Kumari | Last Updated : Aug 12, 2021, 01:49 PM IST
  • രാമായണ പാരായണം ഇരുപത്തിയേഴാം ദിനം
  • ഇന്നേ ദിനം പാരായണം ചെയ്യേണ്ട ഭാഗം
Ramayana Masam 2021: രാമായണം ഇരുപത്തിയേഴാം ദിനം പാരായണം ചെയ്യേണ്ട ഭാഗം

Ramayana Masam 2021: കര്‍ക്കടക മാസത്തിനെ നാം രാമായണ മാസം എന്നും വിളിക്കുന്നുണ്ട്. കാരണം കർക്കിടകം തുടങ്ങിയാൽ എല്ലാ ഹിന്ദു ഭവനങ്ങളിലും രാമായണം വായിക്കാന്‍ തുടങ്ങും. അതുകൊണ്ടുതന്നെ ഈ മാസം മുഴുവനും രാമായണം പാരായണം ചെയ്യുകയാണ് വേണ്ടത്. 

ഒരു മാസത്തെ പാരായണത്തിലൂടെ രാമായണം പൂര്‍ണമായി വായിച്ചു തീര്‍ക്കണമെന്നാണ് വിശ്വാസം. ബാലകാണ്ഡത്തിലെ ശ്രീരാമ രാമ രാമ എന്ന ഭാഗത്തില്‍ നിന്നായിരിക്കണം രാമായണപാരായണം ആരംഭിക്കേണ്ടത്. ഏതൊരു ഭാഗം വായിക്കുന്നതിനുമുന്‍പും ബാലകാണ്ഡത്തിലെ ഈ ഭാഗം പാരായണം ചെയ്തതിനുശേഷം വേണം വായിക്കാന്‍.

Also Read: Onam 2021: അത്തം പിറന്നു.. തിരുവോണത്തിന് ഇനി പത്തു ദിവസം 

ഇരുപത്തിയേഴാം  ദിനമായ ഇന്ന് ഏത് ഭാഗമാണ് രാമായണത്തിൽ വായിക്കേണ്ടത് എന്ന് നോക്കാം..  

ഇന്ദ്രജിത്തിന്റെ വിജയം

മക്കളും തമ്പിമാരും മരുമക്കളു-

മുള്‍ക്കരുത്തേറും പടനായകന്മാരും

മന്ത്രികളും മരിച്ചീടിനാരേറ്റവ-

രെന്തിനി നല്ലതു ശങ്കര! ദൈവമേ!’

ഇത്ഥം വിലാപിച്ച നേരത്തു ചെന്നിന്ദ്ര-

ജിത്തും നമസ്കരിച്ചീടിനാന്‍ താതനെ

‘ഖേദമുണ്ടാകരുതേതുമേ മാനസേ

താതനു ഞാനിഹ ജീവിച്ചിരിക്കവേ

ശത്രുക്കളെക്കൊലചെയ്തു വരുന്നതു-

ണ്ടത്തലും തീര്‍ത്തിങ്ങിരുന്നരുളേണമേ!

സ്വസ്ഥനായ്‌ വാഴുക ചിന്തയും കൈവിട്ടു

യുദ്ധേ ജയിപ്പാനനുഗ്രഹിക്കേണമേ!’

എന്നതു കേട്ടു തനയനേയും പുണര്‍-

‘ന്നെന്നേ സുഖമേ ജയിച്ചു വരിക നീ’

വമ്പന‍ാം പുത്രനും കുമ്പിട്ടു താതനെ-

ത്തന്‍പടയോടും നടന്നു തുടങ്ങിനാന്‍

ശംഭുപ്രസാദം വരുത്തുവാനായ്ച്ചെന്നു

ജംഭാരിജിത്തും നികുംഭില പുക്കിതു

സംഭാരജാലവും സംപാദ്യ സാദരം

സംഭാവ്യ ഹോമമാരംഭിച്ചിതന്നേരം

രക്തമാല്യ‍ാംബര ഗന്ധാനുലേപന-

യുക്തനായ്ത്തത്ര ഗുരൂപദേശാന്വിതം

ഭക്തിപൂണ്ടുജ്ജ്വലിപ്പിച്ചഗ്നിദേവനെ

ശക്തി തനിയ്ക്കു വര്‍ദ്ധിച്ചുവരുവാനായ്‌

നക്തഞ്ചരാധിപപുത്രനുമെത്രയും

വ്യക്തവര്‍ണ്ണസ്വരമന്ത്രപുരസ്കൃതം

കര്‍ത്തവ്യമായുള്ള കര്‍മ്മം കഴിച്ചഥ

ചിത്രഭാനുപ്രസാദത്താലതിദ്രുതം

ശസ്ത്രാസ്ത്രചാപരഥാദികളോടുമ-

ന്തര്‍ദ്ധാനവിദ്യയും ലബ്ധ്വാ നിരാകുലം

ഹോമസമാപ്തി വരുത്തിപ്പുറപ്പെട്ടു

രാമാദികളൊടു പോരിനായാശരന്‍

പോര്‍ക്കളം പുക്കോരുനേരം കപികളും

രാക്ഷസരെച്ചെറുത്താര്‍ത്തടുത്തീടിനാന്‍

മേഘജാലം വരിഷിക്കുന്നതുപോലെ

മേഘനാദന്‍ കണ തൂകിത്തുടങ്ങിനാന്‍

പാഷാണപര്‍വ്വതവൃക്ഷാദികള്‍കൊണ്ടു

ഭീഷണന്മാരായ വാനരവീരരും

ദാരുണമായ്‌ പ്രഹരിച്ചുതുടങ്ങിനാര്‍

വാരണവാജിപദാതിരഥികളും

അന്തകന്‍തന്‍ പുരിയില്‍ച്ചെന്നു പുക്കവര്‍-

ക്കന്തം വരുന്നതു കണ്ടൊരു രാവണി

സന്താപമോടുമന്തര്‍ദ്ധാനവും ചെയ്തു

സന്തതം തൂകിനാന്‍ ബ്രഹ്മാസ്ത്രസഞ്ചയം

വൃക്ഷങ്ങള്‍ വെന്തു മുറിഞ്ഞു വീഴുംവണ്ണ-

മൃക്ഷപ്രവരന്മാര്‍ വീണു തുടങ്ങിനാര്‍

വമ്പര‍ാം മര്‍ക്കടന്മാരുടെ മെയ്യില്‍ വ-

ന്നമ്പതും നൂറുമിരുനൂറുമഞ്ഞൂറും

അമ്പുകള്‍ കൊണ്ടു പിളര്‍ന്നു തെരുതെരെ-

ക്കമ്പം കലര്‍ന്നു മോഹിച്ചു വീണീടിനാര്‍

അമ്പതുബാണം വിവിദനേറ്റൂ പുന-

രൊമ്പതും മൈന്ദനുമഞ്ചുഗജന്‍മേലും

തൊണ്ണൂറുബാണം നളനും തറച്ചിത-

വണ്ണമേറ്റു ഗന്ധമാദനന്‍ മെയ്യിലും

ഈരൊമ്പതേറ്റിതു നീലനും മുപ്പതു-

മീരഞ്ചു ബാണങ്ങള്‍ ജ‍ാംബവാന്‍മെയ്യിലും

ആറു പനസനു, മേഴു വിനത,നീ-

രാറു സുഷേണനുമെട്ടു കുമുദനും

ആറഞ്ചു ബാണമൃഷഭനും, കേസരി-

ക്കാറുമൊരമ്പതുംകൂടെ വന്നേറ്റിതു

പത്തുശതബലിക്കൊമ്പതു ധൂമ്രനും

പത്തുമൊരെട്ടും പ്രമാഥിയ്ക്കുമേറ്റിതു

പത്തും പുനരിരുപത്തഞ്ചുമേറ്റിതു

ശക്തിയേറും വേഗദര്‍ശി,ക്കതുപോലെ

നാല്‍പതുകൊണ്ടു ദധിമുഖന്‍മെയ്യിലും

നാല്‍പത്തിരണ്ടു ഗവാക്ഷനുമേറ്റിതു

മൂന്നു ഗവയനുമഞ്ചു ശരഭനും

മൂന്നുമൊരു നാലുമേറ്റു സുമുഖനും

ദുര്‍മ്മുഖനേറ്റിതിരുപത്തിനാലമ്പു

സമ്മാനമായറുപത്തഞ്ചു താരനും

ജ്യോതിര്‍മ്മുഖനുമറുപതേറ്റു, പുന-

രാതങ്കമോടമ്പതഗ്നിവദനനും

അംഗദന്‍മേലെഴുപത്തഞ്ചു കൊണ്ടിതു-

തുംഗന‍ാം സുഗ്രീവനേറ്റു ശരശതം

ഇത്ഥം കപികുലനായകന്മാരറു-

പത്തേഴു കോടിയും വീണിതു ഭൂതലേ

മര്‍ക്കടന്മാരിരുപത്തൊന്നു വെള്ളവു-

മര്‍ക്കതനയനും വീണോരനന്തരം

ആവതില്ലേതുമിതിന്നു നമുക്കെന്നു

ദേവദേവന്മാരുമന്യോന്യമന്നേരം

വ്യാകുലം പൂണ്ടു പറഞ്ഞുനില്‍ക്കേ, രുഷാ

രാഘവന്മാരെയുമെയ്തു വീഴ്ത്തീടിനാന്‍

മേഘനാദന്‍ മഹാവീര്യവൃതധരന്‍

ശോകവിഷണ്ണമായ്‌ നിശ്ചലമായിതു

ലോകവും കൂണപാധീശജയത്തിനാ-

ലാഖണ്ഡലാരിയും ശംഖനാദം ചെയ്തു

വേഗേന ലങ്കയില്‍ പുക്കിരുന്നീടിനാന്‍

ലേഖസമൂഹവും മാഴ്കീ ഗതാശയാ

Also Read: Horoscope 12 August 2021: ഇന്ന് മിഥുനം, തുലാം, ചിങ്ങം, കന്നി എന്നീ 4 രാശിക്കാർക്ക് ബിസിനസിൽ മാറ്റങ്ങൾ ഉണ്ടാകും

ഔഷധാഹരണയാത്ര

കൈകസീനന്ദനനായ വിഭീഷണന്‍

ഭാഗവതോത്തമന്‍ ഭക്തപരായണന്‍

പോക്കുവന്‍ മേലിലാപത്തു ഞാനെന്നൊര്‍ത്തു

പോര്‍ക്കളം കൈവിട്ടു വാങ്ങി നിന്നീടിനാന്‍

കൊള്ളിയും മിന്നിക്കിടക്കുന്നതില്‍ പ്രാണ-

നുള്ളവരാരെന്നറിയേണമെന്നോര്‍ത്തു

നോക്കി നോക്കിസ്സഞ്ചരിച്ചു തുടങ്ങിനാ-

നാക്കമേറും വായുപുത്രനുമന്നേരം

ആരിനിയുള്ളതൊരു സഹായത്തിനെ-

ന്നാരായ്കവേണമെന്നോര്‍ത്തവനും തദാ

ശാഖാമൃഗങ്ങള്‍ കിടക്കുന്നവര്‍കളില്‍

ചാകാതവരിതിലാരെന്നു നോക്കുവാന്‍

ഏകാകിയായ്‌ നടക്കുന്നനേരം തത്ര

രാഘവഭക്തന്‍ വിഭീഷണനെക്കണ്ടു

തമ്മിലന്യോന്യമറിഞ്ഞു ദുഃഖം പൂണ്ടു

നിര്‍മ്മലന്മാര്‍ നടന്നീടിനാര്‍ പിന്നെയും

പാഥോജസംഭവനന്ദനന്‍ ജ‍ാംബവാന്‍

താതനനുഗ്രഹം കൊണ്ടു മോഹം തീര്‍ന്നു

കണ്ണുമിഴിപ്പനരുതാഞ്ഞിരിക്കുമ്പോള്‍

ചെന്നു വിഭീഷണന്‍ ചോദിച്ചിതാദരാല്‍

‘നിന്നുടെ ജീവനുണ്ടോ കപിപുംഗവ?

നന്നായിതെങ്കില്‍ നീയെന്നെയറിഞ്ഞിതോ?

‘കണ്ണു മിഴിച്ചുകൂടാ രുധിരം കൊണ്ടു

നിന്നുടെ വാക്കു കേട്ടുള്ളില്‍ വിഭാതി മേ

രാക്ഷസരാജന്‍ വിഭീഷണനെന്നതു

സാക്ഷാല്‍ പരമാര്‍ത്ഥമെന്നോടു ചൊല്ലുക’

‘സത്യം വിഭീഷണനായതു ഞാനെടോ!

സത്യമതേ’ പുനരെന്നതു കേട്ടവന്‍

ചോദിച്ചിതാശരാധീശ്വരന്‍തന്നോടു

‘ബോധമുണ്ടല്ലോ ഭവാനേറ്റമാകയാല്‍

മേഘനാദാസ്ത്രങ്ങളേറ്റു മരിച്ചൊരു

ശാഖാമൃഗങ്ങളില്‍ നമ്മുടെ മാരുതി

ജീവനോടേ പുനരെങ്ങാനുമുണ്ടെങ്കി-

ലാവതെല്ല‍ാം തിരയേണമിനിയെടോ!’

ചോദിച്ചിതാശു വിഭീഷണ’നെന്തെടോ

വാതാത്മജനില്‍ വാത്സല്യമുണ്ടായതും?

രാമസൗമിത്രിസുഗ്രീവ‍ാംഗദാദിക-

ളാമവരേവരിലും വിശേഷിച്ചു നീ

ചോദിച്ചതെന്തു സമീരണപുത്രനെ

മോദിച്ചതെന്തവനെക്കുറിച്ചേറ്റവും?’

‘എങ്കിലോ കേള്‍ക്ക നീ മാരുതിയുണ്ടെങ്കില്‍

സങ്കടമില്ല മറ്റാര്‍ക്കുമറിഞ്ഞാലും

മാരുതപുത്രന്‍ മരിച്ചിതെന്നാകില്‍ മ-

റ്റാരുമില്ലൊക്കെ മരിച്ചതിനൊക്കുമേ’

സാരസസംഭവപുത്രവാക്യം കേട്ടു

മാരുതിയും ബഹുമാനിച്ചു സാദരം

‘ഞാനിതല്ലോ മരിച്ചീലെ’ന്നവന്‍കാലക്ക-

ലാമോദമുള്‍ക്കൊണ്ടു വീണു വണങ്ങിനാന്‍

ഗാഢമായാശ്ലേഷവും ചെയ്തു ജ‍ാംബവാന്‍

കൂടെത്തലയില്‍ മുകര്‍ന്നു ചൊല്ലീടിനാന്‍

‘മേഘനാദാസ്ത്രങ്ങളേറ്റു മരിച്ചൊരു

ശാഖാമൃഗങ്ങളെയും പിന്നെ നമ്മുടെ

രാഘവന്മാരെയും ജീവിച്ചിരുത്തുവാ-

നാകുന്നവരാരുമില്ല നീയെന്നിയേ

പോകവേണം നീ ഹിമവാനെയും കട-

ന്നാകുലമറ്റു കൈലാസശൈലത്തോളം

കൈലാസസന്നിധിയിങ്കലൃഷഭാദ്രി-

മേലുണ്ടു ദിവ്യൗഷന്ധങ്ങളറികനീ

നാലുണ്ടു ദിവ്യൗഷധങ്ങളവറ്റിനു

നാലിനും നാമങ്ങളും കേട്ടുകൊള്ളുക

മുമ്പില്‍ വിശല്യകരണിയെന്നൊന്നെടോ

പിമ്പു സന്ധാനകരണി മൂന്നാമതും

നല്ല സുവര്‍ണ്ണകരണി നാലാമതും

ചൊല്ലുവന്‍ ഞാന്‍ മൃതസഞ്ജീവനി സഖേ!

രണ്ടു ശൃംഗങ്ങളുയര്‍ന്നു കാണാമവ-

രണ്ടിനും മദ്ധ്യേ മരുന്നുകള്‍ നില്‍പതും

ആദിത്യനോളം പ്രഭയുണ്ടു നാലിനും

വേദസ്വരൂപങ്ങളെന്നുമറിക നീ

വാരാന്നിധിയും വനങ്ങള്‍ ശൈലങ്ങളും

ചാരുനദികളും രാജ്യങ്ങളും കട-

ന്നാരാല്‍ വരിക മരുന്നുകളും കൊണ്ടു

മാരുതനന്ദന! പോക നീ വൈകാതെ’

ഇത്ഥം വിധിസുതന്‍ വാക്കുകള്‍ കേട്ടവന്‍

ഭക്ത്യാ തൊഴുതു മാഹേന്ദ്രമേറീടിനാന്‍

മേരുവിനോളം വളര്‍ന്നു ചമഞ്ഞവന്‍

വാരാന്നിധിയും കുലപര്‍വ്വതങ്ങളും

ലങ്കയും രാക്ഷസരും വിറയ്ക്കും വണ്ണം

ശങ്കാരഹിതം കരുത്തോടലറിനാന്‍

വായുവേഗേന കുതിച്ചുയര്‍ന്നംബരേ

പോയവന്‍ നീഹാരശൈലവും പിന്നിട്ടു

വൈരിഞ്ചമണ്ഡവും ശങ്കരശൈലവും

നേരെ ധരാനദിയുമളകാപുരം

മേരുഗിരിയുമൃഷഭാദ്രിയും കണ്ടു

മാരുതി വിസ്മയപ്പെട്ടു നോക്കീടിനാന്‍

കാലനേമിയുടെ പുറപ്പാട്

മാരുതനന്ദനനൌഷധത്തിന്നങ്ങു

മാരുതവേഗേന പോയതറിഞ്ഞൊരു

ചാരവരന്മാര്‍നിശാചരാധീശനോ-

ടാരുമറിയാതെ ചെന്നു ചൊല്ലീടിനാര്‍‌.

ചാരവാക്യം കേട്ടു രാത്രിഞ്ചരാധിപന്‍

പാരം വിചാരം കലര്‍ന്നു മരുവിനാന്‍

ചിന്താവശനായ് മുഹൂര്‍ത്തമിരുന്നള-

വന്തര്‍ഗൃഹത്തിങ്കല്‍നിനു പുറപ്പെട്ടു

രാത്രിയിലാരും സഹായവും കൂടാതെ

രാത്രിഞ്ചരാധിപന്‍കലനേമീഗൃഹം

പ്രാപിച്ചളവധി വിസ്മയം പൂണ്ടവ-

നാമോദപൂര്‍ണ്ണം തൊഴുതു സന്ത്രസ്തനായ്

അര്‍ഘ്യാദികള്‍കൊണ്ടു പൂജിച്ചു ചോദിച്ചാ-

‘നര്‍ക്കോദയം വരും മുമ്പേ ലഘുതരം

ഇങ്ങെഴുന്നള്ളുവാനെന്തൊരു കാരണ-

മിങ്ങനെ മറ്റുള്ളകമ്പടി കൂടാതെ?’

ദു:ഖനിപീഡിതനാകിയ രാവണ-

നക്കാലനേമിതന്നോടു ചൊല്ലീടിനാന്‍:

‘ഇക്കാലവൈഭവമെന്തു ചൊല്ലാവതു-

മൊക്കെ നിന്നോടു ചൊല്‍‌വാനത്ര വന്നതും

ശക്തിമാനാകിയ ലക്ഷ്മണനെന്നുടെ

ശക്തിയേറ്റാശു വീണിടിനാന്‍ഭൂതലേ

പിന്നെ വിരിഞ്ചാസ്ത്രമെയ്തു മമാത്മജന്‍

മന്നവന്മാരെയും വാനരന്മാരെയും

കൊന്നു രണാങ്കണം തന്നില്‍വീഴ്ത്തീടിനാന്‍.

വെന്നിപ്പറയുമടിപ്പിച്ചിതാത്മജന്‍.

Also Read: Raksha Bandhan 2021: സഹോദരിമാർ രക്ഷാബന്ധൻ ദിനത്തിൽ രാശിയുടെ അടിസ്ഥാനത്തിൽ രാഖി കെട്ടുക, സഹോദരന്റെ ഭാഗ്യം തിളങ്ങും

ഇന്നു ജീവിപ്പിച്ചുകൊള്ളുവാന്‍മാരുത-

നന്ദനനൌഷധത്തിന്നു പോയീടിനാന്‍.

ചെന്നു വിഘ്നം വരുത്തേണമതിന്നു നീ.

നിന്നോടുപായവും ചൊല്ലാമതിന്നെടോ!

താപസനായ് ചെന്നു മാര്‍ഗ്ഗമദ്ധ്യേ പുക്കു

പാപവിനാശനമായുള്ള വാക്കുകള്‍

ചൊല്ലി മോഹിപ്പിച്ചു കാലവിളംബനം

വല്ല കണക്കിലും നീ വരുത്തീടണം.

താമസവാക്കുകള്‍കേട്ടനേരം കാല-

നേമിയും രാവണന്‍‌തന്നോടു ചൊല്ലിനാന്‍:

സാമവേദജ്ഞ! സര്‍വ്വജ്ഞ! ലങ്കേശ്വര!

സാമമാന്നുടെ വാക്കു കേള്‍ക്കേണമേ!

നിന്നെക്കുറിച്ചു മരിപ്പതിനിക്കാല-

മെന്നുള്ളിലേതും മടിയില്ല നിശ്ചയം.

മാരീചനെക്കണക്കെ മരിപ്പാന്‍മന-

താരിലെനിക്കേതുമില്ലൊരു ചഞ്ചലം.

മക്കളും തമ്പിമാരും മരുമക്കളും

മക്കളുടെ നല്ല മക്കളും ഭൃത്യരും

ഒക്കെ മരിച്ചു നീ ജീവിച്ചിരുന്നിട്ടു

ദു:ഖമൊഴിഞ്ഞെന്തൊരു ഫലമുള്ളതും?

എന്തു രാജ്യം കൊണ്ടും പിന്നെയൊരു ഫലം?

എന്തു ഫലം തവ ജാനകിയെക്കൊണ്ടും?

ഹന്ത! ജഡാത്മകമായ ദേഹം കൊണ്ടു-

മെന്തു ഫലം തവ ചിന്തിച്ചു കാണ്‍‌കെടോ!

സീതയെ രാമനു കൊണ്ടക്കൊടുത്തു നീ

സോദരനായ്ക്കൊണ്ടു രാജ്യവും നല്‍കുക.

കാനനം‌തന്നില്‍‌മുനിവേഷവും പൂണ്ടു

മാനസശുദ്ധിയോടും‌കൂടി നിത്യവും

പ്രത്യുഷസ്യുസ്ത്ഥായ ശുദ്ധതോയെ കുളി-

ച്ചത്യന്തഭക്തിയോടര്‍ക്കോദയം കണ്ടു

സന്ധ്യാനമസ്കാരവും ചെയ്തു ശീഘ്രമേ-

കാന്തേ സുഖാസനം പ്രാപിച്ചു തുഷ്ടനായ്

സര്‍വ്വവിഷയസംഗങ്ങളും കൈവിട്ടു

സര്‍‌വ്വേന്ദ്രിയങ്ങളും പ്രത്യാഹരിച്ചുടന്‍

ആത്മനി കണ്ടുകണ്ടാത്മാനമാത്മനാ

സ്വാത്മോദയംകൊണ്ടു സര്‍വ്വലോകങ്ങളും

സ്ഥാവരജംഗമജാതികളായുള്ള

ദേവതിര്യങ്മനുഷ്യാദി ജന്തുക്കളും

ദേഹബുദ്ധീന്ദ്രിയാദ്യങ്ങളും നിത്യന‍ാം

ദേഹി സര്‍വ്വത്തിനുമാധാരമെന്നതും

ആബ്രഹ്മസ്തംബപര്യന്തമായെന്തോന്നു

താല്പര്യമുള്‍ക്കൊണ്ടു കണ്ടതും കേട്ടതും

ഒക്കെ പ്രകൃതിയെന്നത്രേ ചൊല്ലപ്പെടും

സല്‍‌ഗുരുമായയെന്നും പറഞ്ഞീടുന്നു.

ഇക്കണ്ട ലോകവൃക്ഷത്തിന്നനേകധാ

സര്‍ഗ്ഗസ്ഥിതിവിനാശങ്ങള്‍ക്കും കാരണം

ലോഹിതശ്വേതകൃഷ്ണാദി മയങ്ങള‍ാം

ദേഹങ്ങളെ ജനിപ്പിക്കുന്നതും മായാ.

പുത്രഗണം കാമക്രോധാദികളെല്ല‍ാം

പുത്രികളും തൃഷ്ണഹിംസാദികളെടോ.

തന്റെ ഗുണങ്ങളെക്കൊണ്ടു മോഹിപ്പിച്ചു

തന്റെ വശത്താക്കുമാത്മാവിനെയവള്‍‌.

കര്‍ത്തൃത്വഭോക്തൃത്വമുഖ്യഗുണങ്ങളെ

നിത്യമാത്മാവാകുമീശ്വരന്‍‌തങ്കലേ

ആരോപണം ചെയ്തു തന്റെ വശത്താക്കി

നേരേ നിരന്തരം ക്രീഡിച്ചുകൊള്ളുന്നു.

ശുദ്ധനാത്മാ പരനേകനവളോടു

യുക്തനായ് വന്നു പുറത്തു കാണുന്നിതു

തന്നുടെയാത്മാവിനെത്താന്‍‌മറക്കുന്നി-

തന്വഹം മായാഗുണവിമോഹത്തിനാല്‍.

‘ബോധസ്വരൂപനായോരു ഗുരുവിനാല്‍

ബോധിതനായാല്‍നിവൃത്തേന്ദ്രിയനുമായ്

കാണുന്നിതാത്മാവിനെ സ്പഷ്ടമായ് സദാ

വേണുന്നതെല്ലാമവനു വന്നൂ തദാ.

ദൃഷ്ട്വാ പ്രകൃതിഗുണങ്ങളോടാശു വേര്‍‌

പെട്ടു ജീവമുക്തനായ് വരും ദേഹിയും.

നീയുമേവം സദാത്മാനം വിചാരിച്ചു

മായാഗുണങ്ങളില്‍നിന്നു വിമുക്തനായ്

അദ്യപ്രഭൃതി വിമുക്തനാത്മാവിതി-

ജ്ഞാത്വാ നിരസ്താശയാ ജിതകാമനായ്

ധ്യാനനിരതനായ് വാഴുകെന്നാല്‍വരു-

മാനന്ദമേതും വികല്പ്മില്ലോര്‍ക്ക നീ.

ധ്യാനിപ്പതിന്നു സമര്‍ത്ഥനല്ലെങ്കിലോ

മാനസേ പാവനേ ഭക്തിപരവശേ

നിത്യം സഗുണന‍ാം ദേവനെയാശ്രയി-

ച്ചത്യന്തശുദ്ധ്യാ സ്വബുദ്ധ്യാ നിരന്തരം

ഹൃല്‍‌പത്മകര്‍ണ്ണികാമദ്ധ്യേ സുവര്‍ണ്ണ പീ-

ഠോല്‍‌പലേ രത്നഗണാഞ്ചിതേ നിര്‍മ്മലേ

ശ്ല്ഷ്ണേ മൃദുതരേ സീതയാസംസ്ഥിതം

ലക്ഷ്മണസേവിതം ബാണധനുര്‍ദ്ധരം

വീരാസനസ്ഥം വിശാലവിലോചന-

മൈരാവതീതുല്യപീത‍ാംബരധരം

ഹാരകിരീടകേയൂര‍ാംഗദ‍ാംഗുലീ-

യോരു രത്നാഞ്ചിത കുണ്ഡലനൂപുര

ചാരുകടക കടിസൂത്ര കൌസ്തുഭ

സാരസമാല്യവനമാലികാധരം

ശ്രീവത്സവക്ഷസം രാമം രമാവരം

ശ്രീവാസുദേവം മുകുന്ദം ജനാര്‍ദ്ദനം

സര്‍വ്വഹൃദിസ്ഥിതം സര്‍വേശ്വരം പരം

സര്‍വ്വവന്ദ്യം ശരണാഗതവത്സലം

ഭക്ത്യാ പരബ്രഹ്മയുക്തനായ് ധ്യാനിക്കില്‍

മുക്തനായ് വന്നുകൂടും ഭവാന്‍നിര്‍ണ്ണയം.

തച്ചരിത്രം കേട്ടുകൊള്‍കയും ചൊല്‍കയു-

മുച്ചരിച്ചും രാമരാമേതി സന്തതം

ഇങ്ങനെ കാലം കഴിച്ചുകൊള്ളുന്നാകി-

ലെങ്ങനെ ജന്മങ്ങള്‍പിന്നെയുണ്ടാകുന്നു?

ജന്മജന്മാന്തരത്തിങ്കലുമുള്ളോരു

കല്‍മഷമൊക്കെ നശിച്ചുപോം നിശ്ചയം.

വൈരം വെടിഞ്ഞതിഭക്തിസംയുക്തനായ്

ശ്രീരാമദേവനെത്തന്നെ ഭജിക്ക നീ

ദേവം പരിപൂര്‍ണ്ണമേകം സദാ ഹൃദി-

ഭാവിതം ഭാവരൂപം പുരുഷം പരം

നാമരൂപാദിഹീനം പുരാണം ശിവം

രാമമേവം ഭജിച്ചീടു നീ സന്തതം.’

രാക്ഷസേന്ദ്രന്‍കാലനേമി പറഞ്ഞൊരു

വാക്കുകള്‍പീയൂഷതുല്യങ്ങള്‍കേള്‍ക്കയാല്‍

ക്രോധതാമ്രാക്ഷനായ് വാളുമായ് തല്‍‌ഗളം

ഛേദിപ്പതിന്നൊരുമ്പെട്ടു ചൊല്ലീടിനാന്‍:

‘നിന്നെ വെട്ടിക്കളഞ്ഞിട്ടിനിക്കാര്യങ്ങള്‍‌

പിന്നെയെല്ല‍ാം വിചാരിച്ചുകൊള്ളാമെടോ!’

കാലനേമിക്ഷണദാചരനന്നേരം

മൂലമെല്ല‍ാം വിചരിച്ചു ചൊല്ലീടിനാന്‍:

‘രാക്ഷസരാജ! ദുഷ്ടാത്മന്‍‌! മതിമതി

രൂക്ഷതാഭാവമിതുകൊണ്ടു കിം ഫലം?

നിന്നുടെ ശാസനം ഞാനനുഷ്ഠിപ്പന-

തെന്നുടെ സല്‍‌ഗതിക്കെന്നു ധരിക്ക നീ.

സത്യസ്വരൂപത്തെ വഞ്ചിപ്പതിന്നു ഞാ-

നദ്യ സമുദ്യുക്തനായേന്‍മടിയാതെ.’

എന്നു പറഞ്ഞു ഹിമാദ്രിപാര്‍ശ്വേ ഭൃശം

ചെന്നിരുന്നാന്‍മുനിവേഷമായ് തല്‍‌ക്ഷണേ

കാണായിതാശ്രമം മായാവിരചിതം

നാനാമുനിജനസേവിതമായതും

ശിഷ്യജനപരിചാരകസംയുത-

മൃഷ്യാശ്രമം കണ്ടു വായുതനയനും

ചിന്തിച്ചു നിന്നാ ‘നിവിടെയൊരാശ്രമ-

മെന്തുമൂലം? പണ്ടു കണ്ടിട്ടുമില്ല ഞാന്‍.

മാര്‍ഗ്ഗവിഭ്രംശം വരികയോ? കേവല-

മോര്‍ക്കണമെന്‍മനോവിഭ്രമമല്ലല്ലീ?

നാനാപ്രകാരവും താ‍പസനെക്കണ്ടു

പാനീയപാനവും ചെയ്തു ദാഹം തീര്‍ത്തു

കാണ‍ാം മഹൌഷധം നില്‍‌ക്കുമത്യുന്നതം

ദ്രോണാചലം രഘുപുംഗവാനുഗ്രഹാല്‍‌.’

Also Read: ആഗസ്റ്റ് മാസത്തിൽ ഈ 5 രാശിക്കാരുടെ വീടുകളിൽ സന്തോഷം പറന്നെത്തും, അറിയാം നിങ്ങൾ എത്ര ഭാഗ്യവാനാണെന്ന്

ഇത്ഥം നിരൂപിച്ചൊരു യോജനായതം

വിസ്താരമാണ്ട മായശ്രമമശ്രമം

രംഭാപനസഖര്‍ജ്ജുരകേരാമ്രാദി

സമ്പൂര്‍ണ്ണമത്യച്ഛതോയവാപീയുതം

കാലനേമിത്രിയാമാചാരനും തത്ര

ശാലയിലൃത്വിക്സദസ്യാദികളോടും

ഇന്ദ്രയാഗം ദൃഢമാമ്മാറനുഷ്ഠിച്ചു

ചന്ദ്രചൂഡപ്രസാദം വരുത്തീടുവാന്‍

ഭക്ത്യാ ശിവപൂജയും ചെയ്തു വാഴുന്ന

നക്തഞ്ചരേന്ദ്രന‍ാം താപസശ്രേഷ്ഠനെ

വീണു നമസ്കാരവും ചെയ്തുടന്‍ജഗല്‍‌

പ്രാണതനയനുമിങ്ങനെ ചൊല്ലിനാന്‍:

‘രാമദൂതോഹം ഹനുമാനിനി മമ

നാമം പവനജനഞ്ജനാനന്ദനന്‍‌

രാമകാര്യാര്‍ത്ഥമായ് ക്ഷീര‍ാംബുരാശിക്കു

സാമോദമിന്നു പോകുന്നു തപോനിധേ!

ദേഹരക്ഷാര്‍ത്ഥമിവിടേക്കു വന്നിതു

ദാഹം പൊറാഞ്ഞു തണ്ണീര്‍കുടിച്ചീടുവാന്‍‌

എങ്ങു ജലസ്ഥലമെന്നരുള്‍‌ചെയ്യണ-

മെങ്ങുമേ പാര്‍ക്കരുതെന്നെന്‍‌മനോഗതം.’

മാരുതി ചൊന്നതു കേട്ടു നിശാചരന്‍‌

കാരുണ്യഭാവം നടിച്ചു ചൊല്ലീടിനാന്‍:

‘മാമകമായ കമണ്ഡലുസ്ഥം ജല-

മാമയം തീരുവോളം കുടിച്ചീടുക.

പക്വഫലങ്ങളും ഭക്ഷിച്ചനന്തരം

ദു:ഖം കളഞ്ഞു കുറഞ്ഞൊന്നുറങ്ങുക.

ഏതും പരിഭ്രമിക്കേണ്ട ഭവാനിനി-

ബ്ഭൂതവും ഭവ്യവും മേലില്‍‌ഭവിപ്പതും.

ദിവ്യദൃശാ കണ്ടറിഞ്ഞിരിക്കുന്നിതു

സുവ്യക്തമായതുകൊണ്ടു ചൊല്ലീടുവന്‍.

വാനരന്മാരും സുമിത്രാതനയനും

മാനവവീരനിരീക്ഷിതരാകയാല്‍‌

മോഹവും തീര്‍ന്നെഴുന്നേറ്റിതെല്ലാവരു-

മാഹവത്തിന്നൊരുമിച്ചുനിന്നീടിനാര്‍‌.’

ഇത്ഥമാകര്‍ണ്യ ചൊന്നാന്‍കപിപുംഗവ-

‘നെത്രയും കാരുണ്യശാലിയല്ലോ ഭവാന്‍.

പാരം പൊരുതു മേ ദാഹമതുകൊണ്ടു

പോരാ കമണ്ഡലുസംസ്ഥിതമ‍ാം ജലം.’

വായുതനയനേവം ചൊന്ന നേരത്തു

മായാവിരചിതനായ വടുവിനെ

തോയാകരം ചെന്നു കാട്ടിക്കൊടുക്കെന്നു

ഭൂയോ മുദാ കാലനേമിയും ചൊല്ലിനാന്‍.

‘നേത്രനിമീലനം ചെയ്തു പാനീയവും

പീത്വാ മമാന്തികം പ്രാപിക്ക സത്വരം.

എന്നാല്‍നിനക്കൌഷധം കണ്ടുകിട്ടുവാ-

നിന്നു നല്ലോരു മന്ത്രോപദേശം ചെയ്‌വന്‍‌.’

എന്നതു കേട്ടു വിശ്വാസേന മാരുതി

ചെന്നാനയച്ച വടുവിനോടും മുദാ

കണ്ണുമടച്ചു വാപീതടം പ്രാപിച്ചു

തണ്ണീര്‍കുടിപ്പാന്‍തുടങ്ങും ദശാന്തരേ

വന്നു ഭയങ്കരിയായ മകരിയു-

മുന്നതനായ മഹാകപിവീരനെ

തിന്നുകളവാനൊരുമ്പെട്ട നേരത്തു

കണ്ണും മിഴിച്ചു കപീന്ദ്രനും നോക്കിനാന്‍;

വക്ത്രം പിളര്‍ന്നു കണ്ടോരു മകരിയെ

ഹസ്തങ്ങള്‍കൊണ്ടു പിളര്‍ന്നാന്‍കപിവരന്‍

ദേഹമുപേക്ഷിച്ചു മേല്പോട്ടു പോയിതു

ദേഹിയും മിന്നല്‍‌‌പോലെ തദത്യത്ഭുതം.

ദിവ്യവിമാനദേശേ കണ്ടിതന്നേരം

ദിവ്യരൂപത്തൊടു നാരീമണിയെയും

ചേതോഹര‍ാംഗിയാമപ്സരസ്ത്രീമണി

വാതാത്മജനോടു ചൊന്നാളതുനേരം:

‘നിന്നുടെ കാരുണ്യമുണ്ടാകയാലെനി-

ക്കിന്നു വന്നൂ ശാപമോക്ഷം കപിവര!

മുന്നമൊരപ്സരസ്ത്രീ ഞാ,നൊരു മുനി-

തന്നുടെ ശാപേന രാക്ഷസിയായതും

ധന്യമാലീതി മേ നാമം മഹാമതേ!

മാന്യന‍ാം നീയിനിയൊന്നു ധരിക്കണം

അത്ര പുണ്യാശ്രമേ നീ കണ്ട താപസന്‍

നക്തഞ്ചരന്‍കാലനേമി മഹാഖലന്‍‌.

രാവണപ്രേരിതനായ് വന്നിരുന്നവന്‍‌

താവകമാര്‍ഗ്ഗവിഘ്നം വരുത്തീടുവാന്‍

താപസവേഷം ധരിച്ചിരിക്കുന്നിതു

താപസദേവഭൂദേവാദി ഹിംസകന്‍

ദുഷ്ടനെ വേഗം വധിച്ചുകളഞ്ഞിനി-

പ്പുഷ്ടമോദം ദ്രോണപര്‍വ്വതം പ്രാപിച്ചു

ദിവ്യൌഷധങ്ങളുംകൊണ്ടങ്ങു ചെന്നിനി

ക്രവ്യാദവംശമശേഷമൊടുക്കുക.

ഞാനിനി ബ്രഹ്മലോകത്തിനു പോകുന്നു

വാനരവീര! കുശലം ഭവിക്ക തേ.’

പോയാളിവണ്ണം പറഞ്ഞവള്‍‌, മാരുതി

മായാവിയ‍ാം കാലനേമിതന്നന്തികേ

ചെന്നാ‍, നവനോടു ചൊന്നാനസുരനും:

‘വന്നീടുവാനിത്ര വൈകിയതെന്തെടോ?

കാലമിനിക്കളയാതെ വരിക നീ

മൂലമന്ത്രോപദേശം ചെയ്‌വനാശു ഞാന്‍.

ദക്ഷിണയും തന്നഭിവാദ്യവും ചെയ്ക

ദക്ഷനായ് വന്നുകൂടും ഭവാന്‍നിര്‍ണ്ണയം.’

തല്‍ക്ഷണേ മുഷ്ടിയും ബദ്ധ്വാ ദൃഢതരം

രക്ഷ:പ്രവരോത്തമ‍ാംഗേ കപിവരന്‍‌

ഒന്നടിച്ചാനതുകൊണ്ടവനും തദാ

ചെന്നു പുക്കീടിനാന്‍‌ധര്‍മ്മരാജാലയം

ദിവ്യൗഷധഫലം

ക്ഷീരാര്‍ണ്ണവത്തെയും ദ്രോണാചലത്തെയും

മാരുതി കണ്ടു വണങ്ങി നോക്കും വിധൌ

ഔഷധാവാസമൃഷഭാദ്രിയും കണ്ടി-

തൌഷധമൊന്നുമേ കണ്ടതുമില്ലല്ലോ.

കാണാഞ്ഞു കോപിച്ചു പര്‍വ്വതത്തെപ്പറി-

ചേണാങ്കബിംബംകണക്കെപ്പിടിച്ചവന്‍‌

കൊണ്ടുവന്നന്‍പോടു രാഘവന്‍‌മുമ്പില്‍‌വ-

ച്ചിണ്ടല്‍‌തീര്‍ത്തീടിനാന്‍വമ്പടയ്ക്കന്നേരം

കൊണ്ടല്‍‌നേര്‍വര്‍ണ്ണനും പ്രീതിപൂണ്ടാന്‍നീല-

കണ്ഠനുമാനന്ദമായ് വന്നിതേറ്റവും

ഔഷധത്തിന്‍‌കാറ്റു തട്ടിയ നേരത്തു

ദോഷമകന്നെഴുന്നേറ്റിതെല്ലാവരും.

‘മുന്നമിരുന്നവണ്ണം‌തന്നെയാക്കണ-

മിന്നുതന്നെ ശൈലമില്ലൊരു സംശയം

അല്ലായ്കിലെങ്ങനെ രാത്രിഞ്ചരബലം

കൊല്ലുന്നിതെന്നരുള്‍ചെയ്തോരനന്തരം

കുന്നുമെടുത്തുയര്‍ന്നാന്‍കപിപുംഗവന്‍‌.

വന്നാനരനിമിഷംകൊണ്ടു പിന്നെയും

യുദ്ധേ മരിച്ച നിശാചരന്മാരുടല്‍‌

നക്തഞ്ചരേന്ദ്രനിയോഗേന രാക്ഷസര്‍‌

വാരാന്നിധിയിലിട്ടീടിനാരെന്നതു-

കാരണം ജീവിച്ചതില്ല രക്ഷോഗണം.

കര്‍ക്കടകത്തിലെ ദുസ്ഥിതികള്‍ നീക്കി മനസ്സിനു ശക്‌തി പകരാനുള്ള വഴിയാണ് രാമായണ മാസാചരണം. ആദ്യന്തം ദുഃഖം നിറഞ്ഞതാണ് രാമകഥ. അവതാര പുരുഷനുപോലും വേദനകളിലൂടെ കടന്നു പോകേണ്ടിവന്നു. അതിനു മുന്നില്‍ സാധാരണ മനുഷ്യരുടെ ആകുലതകള്‍ക്ക് എന്തു പ്രസക്‌തിയാണുള്ളതെന്ന ചിന്തയാണ് രാമായണ പാരായണത്തിലൂടെ നമുക്ക് മനസിലാക്കാൻ കഴിയുന്നത്. 

കര്‍ക്കടകത്തിലെ ദുസ്ഥിതികള്‍ നീക്കി മനസ്സിനു ശക്‌തി പകരാനുള്ള വഴിയാണ് രാമായണ മാസാചരണം. ആദ്യന്തം ദുഃഖം നിറഞ്ഞതാണ് രാമകഥ. അവതാര പുരുഷനുപോലും വേദനകളിലൂടെ കടന്നു പോകേണ്ടിവന്നു. അതിനു മുന്നില്‍ സാധാരണ മനുഷ്യരുടെ ആകുലതകള്‍ക്ക് എന്തു പ്രസക്‌തിയാണുള്ളതെന്ന ചിന്തയാണ് രാമായണ പാരായണത്തിലൂടെ നമുക്ക് മനസിലാക്കാൻ കഴിയുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News