കോഴിക്കോട്: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ വയനാട്ടിലെത്തിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയു൦ ഏറെ ആവേശത്തോടെയാണ് അണികള്‍ വരവേറ്റത്.
ബുധനാഴ്ച വൈകിട്ടോടെയാണ് രാഹുലും പ്രിയങ്കയും കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ എത്തിയത്.
പിറ്റേന്ന് രാവിലെ പത്രിക സമര്‍പ്പണവും റോഡ് ഷോയും നടത്താന്‍ തീരുമാനിച്ച ഇവര്‍ വെസ്റ്റ്ഹിൽ ഗസ്റ്റ്ഹൗസിലാണ് തങ്ങിയത്. എന്നാല്‍, നാടകീയ രംഗങ്ങളാണ് രാത്രി ഗസ്റ്റ്ഹൗസില്‍ അരങ്ങേറിയത്.
ചർച്ചകൾക്കുശേഷം രാത്രി പത്തരയോടെ രാഹുലിനൊപ്പമെത്തിയ പ്രിയങ്ക പതിനൊന്നരയോടെയാണ് മുറിയിൽ ഉറങ്ങാനെത്തിയത്.
പുലർച്ചെ രണ്ടരയോടെ തട്ടിൻമുകളിൽ നിന്ന് ശബ്ദം കേട്ടാണ് പ്രിയങ്ക ഉണർന്നത്. പ്രിയങ്ക വിവരമറിയിച്ചതോടെ പരിശോധനയ്ക്കെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ തട്ടിന്‍ മുകളിൽ മരപ്പട്ടി ഓടുന്നതാണെന്ന് വ്യക്തമായി.
മരപ്പട്ടിയെ ഓടിക്കാന്‍ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ പ്രിയങ്കയുടെ താമസം റാവീസ് കടവ് ഹോട്ടലിലേക്ക് മാറ്റാന്‍ തീരുമാനിച്ചു.
പോകാനായി എസ്.പി.ജി. മാനദണ്ഡ പ്രകാരം വാഹനവ്യൂഹം ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കാൻ സ്‌പെഷ്യൽ ബ്രാഞ്ചിന് നിർദേശവും ലഭിച്ചു.
എന്നാല്‍, ഇതിനിടെ മരപ്പട്ടി തട്ടിന്മുകളിൽ നിന്ന് മാറിപ്പോകുകയായിരുന്നു. അതോടെ, പ്രിയങ്ക ഗസ്റ്റ്ഹൗസിൽ തന്നെ തുടരാൻ തീരുമാനിച്ചു.
എല്ലാം കഴിഞ്ഞു വീണ്ടും പ്രിയങ്ക ഉറങ്ങാന്‍ പോയത് പുലർച്ചെ നാലുമണിയ്ക്കാണ്. രാത്രി ഉറക്കം നഷ്ടപ്പെട്ടെങ്കിലും രാവിലെ ആറിനുതന്നെ എഴുന്നേറ്റ് വയനാട്ടിൽ പോകാനുള്ള ഒരുക്കങ്ങൾ പ്രിയങ്ക തുടങ്ങുകയുംചെയ്തു.