ലഖ്നൗ: വിചിത്ര വോട്ടര്‍ പട്ടികയുമായി ഉത്തര്‍ പ്രദേശ്. സംസ്ഥാനത്തെ ബാലിയ ജില്ലയിലെ വോട്ടര്‍ പട്ടികയിലാണ് ആനയും, മാനും പ്രാവും ഒപ്പം സണ്ണി ലിയോണും സ്ഥാനം പിടിച്ചത്.
ബാലിയ ജില്ലയിലെ സദര്‍ തഹസീലില്‍നിന്നുമാണ് ഇത്രയധികം ക്രമക്കേടുകള്‍ കണ്ടെത്തിയിരിക്കുന്നത്. വോട്ടര്‍മാരുടെ ഫോട്ടോയുടെ സ്ഥാനത്ത് സണ്ണി ലിയോണ്‍, ആണ്‍, മാന്‍, പ്രാവ് തുടങ്ങിയരാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. അധികാരികള്‍ ക്രമക്കേട് മറയ്ക്കാനുള്ള തിരക്കിട്ട ശ്രമവും നടത്തുന്നുണ്ടെന്നാണ് സൂചന.
ക്രമക്കേടില്‍ സാധാരണക്കാര്‍ക്കൊപ്പം മുന്‍ മന്ത്രി നാരദ് റായിയും ഉണ്ട്. ഇദ്ദേഹത്തിന്‍റെ ഫോട്ടോയുടെ സ്ഥാനത്ത് ആനയാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. വിവേകാനന്ദ് കോളനിയില്‍ താമസിക്കുന്ന ഒരു സ്ത്രീയുടെ ഫോട്ടോയുടെ സ്ഥാനത്ത് സണ്ണി ലിയോണും ഇടം പിടിച്ചു. മറ്റു ചിലരുടെ ഫോട്ടോയുടെ സ്ഥാനത്ത് മാനും പ്രാവും കയറിക്കൂടി.
അതേസമയം, സൂക്ഷ്മ പരിശോധന നടത്തിയ വോട്ടര്‍ പട്ടിക ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. പക്ഷേ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഈ പട്ടിക ലഭിച്ചതോടെയാണ് വിവാദങ്ങള്‍ തുടങ്ങിയത്. സംഭവം അന്വേഷിച്ച മാധ്യമപ്രവര്‍ത്തകരോട് ഡാറ്റ എന്‍ട്രി ഓപ്പറേറ്ററാണ് ഇത് ചെയ്തതെന്നായിരുന്നു ജില്ലാ അധികൃതരുടെ വിശദീകരണം.
സംഭവുമായി ബന്ധപ്പെട്ട് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ വിഷ്ണു ദേവ് വര്‍മയെ അറസ്റ്റ് ചെയ്തതായും ബാലിയ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. വോട്ടര്‍ പട്ടിക പുതുക്കുന്നതിനുള്ള നപടികള്‍ നടന്നു വരികയാണെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
#Correction: Ballia Additional District Magistrate said, "It was found out in the probe that this was done by our operator Vishnu Dev Verma". The operator wasn't arrested as quoted earlier https://t.co/gfE0UD2ojS
— ANI UP (@ANINewsUP) August 25, 2018
വോട്ടേഴ്സ് ലിസ്റ്റിലെ ക്രമക്കേട് എന്നും തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിക്കൂട്ടിലാക്കുന്ന സമയത്താണ് ഉത്തര്‍ പ്രദേശില്‍ നിന്നും ഈ അതിവിചിത്രമായ വോട്ടര്‍ പട്ടിക പുറത്തുവരുന്നത്. എന്തായാലും വോട്ടര്‍ പട്ടിക വാര്‍ത്തയായതോടെ വലിയ വിവാദത്തിനാണ് വഴി തെളിച്ചിരിക്കുന്നത്.