സൂര്യയുടെ ഒരു മാസ്സ് മസാല കോമഡി ചിത്രം എന്നത് ആരാധകർ വളരെ നാൾ കാത്തിരുന്ന ഒന്നാണ്. രണ്ടര വർഷത്തിന് ശേഷം തിയേറ്ററിൽ റിലീസാകുന്ന സൂര്യ ചിത്രമാണ് എതിർക്കും തുനിന്ദവൻ. ഇതിനിടെ സൂരറൈ പോട്രും ജയ് ഭീമും ഇറങ്ങിയെങ്കിലും ഒടിടിയിലാണ് ഈ ചിത്രങ്ങൾ റിലീസ് ചെയ്തത്. സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പറയേണ്ട രീതിയിൽ പറഞ്ഞുതന്നെയാണ് സൂര്യയും പാണ്ഡിരാജും ചിത്രം ഒരുക്കിയിരിക്കുന്നത്. ജയ് ഭീമിലെ പോലെ തന്നെ അഭിഭാഷകനായി തന്നെയാണ് സൂര്യ ഈ ചിത്രത്തിലും എത്തുന്നത്, എന്നാൽ ഇത് റേഞ്ച് വേറെയാ..
മുണ്ട് മടക്കിക്കുത്തി മാസ്സ് കാണിക്കുന്ന സൂര്യയാണ് ചിത്രത്തിൽ മുഴുനീളം നിൽക്കുന്നതെങ്കിലും അത് മാത്രം അല്ലാതെ സമൂഹത്തിൽ സംസാരിക്കപ്പെടേണ്ട ഒരു വിഷയം അതിന്റെ ഗൗരവത്തോടുകൂടി തന്നെ സംസാരിക്കാൻ സംവിധായകൻ പാണ്ഡിരാജിന് സാധിച്ചിട്ടുണ്ട്. സിനിമയിലെ കഥാപാത്രങ്ങളായി എത്തിയ അഭിനേതാക്കൾ അവരവരുടെ വേഷങ്ങൾ ഗംഭീരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. എടുത്ത് പറയേണ്ടത് ഡി. ഇമ്മൻ എന്ന സംഗീത സംവിധായകന്റെ പാട്ടുകളും ബിജിഎമ്മുകളുമാണ്. ഇന്റർവെൽ പോർഷനിൽ ഇമ്മൻ എന്ന സംഗീത സംവിധായകന്റെ വിളയാട്ടം തന്നെയായിരുന്നു.
ഒരു ഫാമിലി ട്രാക്കിൽ, കുറച്ച് തമാശകളുമൊക്കെയായി ലൈറ്റ് ആയി തന്നെയാണ് ചിത്രം തുടങ്ങുന്നത്. ഇടക്ക് കഥ എങ്ങോട്ടാണ് പോകുന്നതെന്നൊരു ചിന്ത പ്രേക്ഷകന് തോന്നുന്ന നിമിഷത്തിൽ തന്നെ ട്രാക്ക് മാറ്റി കൂടുതൽ എൻഗേജിങ് ആക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ഒരു തരത്തിൽ നോക്കിയാൽ സൂര്യ ആരാധകരെയും അതിലുപരി കുടുംബ പ്രേക്ഷകരെയും ഒരുപോലെ ഇഷ്ടപ്പെടുത്തുന്ന തരത്തിലാണ് ചിത്രം മുന്നോട്ട് പോകുന്നത്. സൂര്യയുടെ അമ്മയായി അഭിനയിച്ച ശരണ്യ പൊന്‍വര്‍ണന്‍, അച്ഛനായി അഭിനയിച്ച സത്യരാജ് എന്നിവരുടെ പ്രകടനം എടുത്ത് പറയേണ്ടതാണ്. നായികയായി എത്തിയ പ്രിയങ്കയും നായകന്റെ കൂടെ പാട്ടിൽ ഒതുങ്ങാതെ കഥയുടെ പ്രധാന ഭാഗമായി മാറുകയും ചെയ്യുന്നുണ്ട്.
ഒടിടിയിലെ അതെ വിജയത്തുടർച്ച തിയറ്ററിലും ആവർത്തിക്കാൻ സൂര്യയ്ക്ക് കഴിയുന്നു എന്ന തരത്തിലാണ് ചിത്രത്തിന് കിട്ടുന്ന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ആരാധകർക്ക് ആഘോഷിക്കാനും കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന ഒരു മികച്ച ചിത്രവുമാകും "എതിർക്കും തുനിന്ദവൻ".
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...