ഇന്ത്യയുടെ മിസൈൽ മാൻ എന്നറിയപ്പെടുന്ന ഡോ. എപിജെ അബ്ദുൾ കലാം ശാസ്ത്രജ്ഞനായിരിക്കെ രാജ്യത്തിന്റെ പ്രതിരോധ, ഗവേഷണ മേഖലയെ ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. രാജ്യത്തിന്റെ വികസനത്തിന് വിവിധ സംഭാവനകൾ നൽകിയ, ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട രാഷ്ട്രപതിമാരിൽ ഒരാളായ ഡോ. എ.പി.ജെ. അബ്ദുൾ കലാം, രാജ്യത്തെ മികച്ച അധ്യാപകരിൽ ഒരാളായി കണക്കാക്കപ്പെടുന്നു.
രോഹിണി സാറ്റലൈറ്റിനെ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ച, ആദ്യത്തെ ഉപഗ്രഹ വിക്ഷേപണ വാഹനമായ SLV-IIIക്ക് പിന്നിൽ പ്രവർത്തിച്ചവരിൽ ഒരാളായിരുന്നു ഡോ. എപിജെ അബ്ദുൾ കലാം. ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ പിന്നിലെ പ്രധാന വ്യക്തി ആയിരുന്നു അദ്ദേഹം. അതിനുശേഷം അദ്ദേഹം ഇന്ത്യയുടെ മിസൈൽമാൻ എന്നറിയപ്പെട്ടു.
എപിജെ അബ്ദുൾ കലാം എന്ന പേരിലാണ് ഭൂരിഭാഗം ആളുകളും അദ്ദേഹത്തെ അറിയുന്നത്. എന്നാൽ, അദ്ദേഹത്തിന്റെ മുഴുവൻ പേര് അവുൽ പക്കീർ ജൈനുലാബ്ദീൻ അബ്ദുൾ കലാം എന്നാണ്.
തന്റെ പൂർവ്വികർ സമ്പന്നരായിരുന്നെങ്കിലും പിന്നീട് ബിസിനസിലുണ്ടായ വലിയ നഷ്ടത്തെത്തുടർന്ന് കുടുംബം സാമ്പത്തികമായി തകർന്നു. ഇതേ തുടർന്ന് ഡോ. കലാം തന്റെ ചെറുപ്പകാലം മുഴുവൻ ചെറിയ ജോലികൾ ചെയ്യാൻ നിർബന്ധിതനായി.
ഇന്ത്യയുടെ ആണവായുധ ശേഖരത്തിന് ഡോ.എ.പി.ജെ. അബ്ദുൾ കലാം നിരവധി സുപ്രധാന സംഭാവനകൾ നൽകി.
ഡോ. എ.പി.ജെ. അബ്ദുൾ കലാം വളരെ പ്രശസ്തനായ ഒരു ശാസ്ത്രജ്ഞനായിരുന്നുവെന്ന് എല്ലാവർക്കും അറിയാം. എന്നാൽ മുൻപ്, ഇന്ത്യൻ എയർഫോഴ്സിൽ ചേരാനുള്ള അവസരം അദ്ദേഹത്തിന് നഷ്ടമായിരുന്നുവെന്ന് പലർക്കും അറിയില്ല.