Vishu 2021: സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും വീണ്ടുമൊരു വിഷുക്കാലം കൂടി..

വിഷുക്കണി എന്നുപറയുന്നത് സമ്പത്സമൃദ്ധമായ പ്രകൃതിയുടെ ഓർമക്കാഴ്ച തന്നെയാണ്.    

Written by - Ajitha Kumari | Last Updated : Apr 14, 2021, 06:53 AM IST
  • വീണ്ടുമൊരു വിഷുക്കാലം കൂടി
  • വിഷുക്കണി തന്നെയാണ് വിശുവിന്റെ ഏറ്റവും പ്രധാന ഘടകം.
  • \വിഷുക്കണി എന്നുപറയുന്നത് സമ്പത്സമൃദ്ധമായ പ്രകൃതിയുടെ ഓർമക്കാഴ്ച തന്നെയാണ്.
Vishu 2021: സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും വീണ്ടുമൊരു വിഷുക്കാലം കൂടി..

Vishu 2021: ഇന്ന് മേടം 1..  ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും വീണ്ടുമൊരു വിഷുക്കാലം കൂടി.  വിഷുക്കണി എന്നുപറയുന്നത് സമ്പത്സമൃദ്ധമായ പ്രകൃതിയുടെ ഓർമക്കാഴ്ച തന്നെയാണ്.  

വിഷുക്കണി തന്നെയാണ് വിശുവിന്റെ ഏറ്റവും പ്രധാന ഘടകം.  കൊവിഡ് മഹാമരിയുടെ രണ്ടാംഘട്ട വരവിലും വിഷു ആഘോഷം വേണ്ടെന്ന് വെക്കാന്‍ മലയാളി മനസ്സിന് കഴിയുന്നില്ല എന്നത് ഒരു സത്യം തന്നെയാണ്.  കാരണം വരാനിരിക്കുന്ന ഒരു കൊല്ലത്തിന്റെ മൊത്തം പ്രതീക്ഷയായാണ് മലയാളികൾ പൊൻകണിയായി ഉരുളിയിലൊരുക്കുന്നത്.  

നാടെങ്ങും മഞ്ഞയണിഞ്ഞ് കൊന്നപ്പൂക്കള്‍. ഐശ്വര്യം വിളിച്ചോതി സമൃദ്ധമായ വിളവെടുപ്പ്.  ചുട്ടുപൊള്ളുന്ന ഈ ചൂടിലും കണിക്കൊന്നകള്‍ പൂത്തുലയുന്ന വിഷുക്കാലം മലയാളിക്ക് എന്നും കാര്‍ഷിക സംസ്‌കാരത്തിന്റെ ഓര്‍മ്മ കൂടിയാണ്.  കൃഷണ വിഗ്രഹത്തിന് മുന്നില്‍ തേച്ചു മിനുക്കിയ ഓട്ടുരുളിയില്‍ കണിവെള്ളരി, ഒപ്പം മറ്റ് പഴങ്ങളും കണിക്കൊന്നയും കൂടാതെ സ്വര്‍ണ്ണം, വെള്ളി നാണയങ്ങള്‍, വാല്‍ക്കണ്ണാടി ഇതെല്ലാം ചേർത്താണ് ഓരോ വീട്ടിലും കണിയൊരുക്കുന്നത്. 

വിഷു എന്ന വാക്കിനർത്ഥം തുല്യമായത് എന്നാണ്. അതായത് രാത്രിയും പകലും തുല്യമായ ദിവസം. എല്ലാ വര്‍ഷവും ഇപ്രകാരം രണ്ട് ദിവസങ്ങളാണ് വാരാറ് അതിൽ ഒന്ന് മേടം ഒന്നാം തീയതിയും മറ്റേത് തുലാം ഒന്നാം തീയതിയും. അതായത് ഈ ദിവസങ്ങളില്‍ ഭൂമിയുടെ ഏതു ഭാഗത്തുള്ളവര്‍ക്കും ദിനവും രാത്രിയും തുല്യമായിരിക്കും എന്നാണ്.

വിഷുവിന് സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് നേരേ മുകളില്‍ വരുന്നു. അതുപോലെ സൂര്യന്‍ മീനം രാശിയില്‍ നിന്നും മേടം രാശിയിലേക്ക് സംക്രമിക്കുന്ന ദിവസമാണ് വിഷു സംക്രാന്തി. അതിന് പിറ്റേന്നാണ് വിഷു. 

Also Read: Vishu 2021: ഇത്തവണ വിഷുക്കണി ഇങ്ങനെ ഒരുക്കാം

വിഷുവിന്റെ തലേന്ന് വീടിന്റെയും പരിസരങ്ങളിലേയും ചപ്പും ചവറുമെല്ലാം അടിച്ച്‌ വാരി കത്തിക്കുന്നത് രാവണവധം കഴിഞ്ഞ് ലങ്കാനഗരം ദഹിപ്പിക്കുന്നതിന്റെ പ്രതീകമായിട്ടാണെന്നും വിശ്വാസമുണ്ട്. 

കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ് ഓണവും വിഷുവും.  വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ വ്യത്യസ്തമാണ്. അതിൽ പ്രധാനം വിഷുക്കണി (Vishukkani) തന്നെയാണ്.  ശേഷം വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി എന്നീ ആഘോഷങ്ങളാണ്.

കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണ് വിഷുക്കണി ഒരുക്കേണ്ടത്.  വിഷുക്കണിയുടെ പ്രാധാന്യം എന്നുപറയുന്നത് ശ്രീകൃഷ്ണ വിഗ്രഹത്തിന്റെയോ ചിത്രത്തിന്റെയോ മുന്നിലാണ് കണിയൊരുക്കേണ്ടത് എന്നതാണ്. പ്രകൃതിയുടെ പ്രതീകമായ ഓട്ടുരുളിയില്‍ ഉണക്കലരി പകുതിയോളം നിറയ്ക്കുക. ശേഷം ആദ്യം സ്വര്‍ണ്ണനിറത്തിലുള്ള കണിവെള്ളരി വയ്ക്കുക. 

പിന്നീട് ചക്ക, നാളികേരം, മാങ്ങ, കദളിപ്പഴം,നാരങ്ങ, നെല്ലിക്ക എന്നിവ വയ്ക്കുക. ഗണപതിയുടെ ഇഷ്ടഭക്ഷണമാണ് ചക്കയും നാളികേരവും.  അതുപോലെ മാങ്ങ സുബ്രഹ്മണ്യനും കദളിപ്പഴം ഉണ്ണിക്കണ്ണനും പ്രിയമാണ്. ലക്ഷ്മി ദേവിയുടെ സങ്കൽപ്പത്തിനാണ് നാരങ്ങയും നെല്ലിക്കയും വയ്ക്കുന്നത്. 

ഭഗവതിയെ സങ്കല്‍പ്പിച്ച് ഓട്ടുരുളിയുടെ നടുക്ക് വാല്‍ക്കണ്ണാടി വയ്ക്കുക. അതില്‍ സ്വര്‍ണ്ണമാല വയ്ക്കുക. കാണികാണുമ്പോൾ സ്വന്തം മുഖം കൂടി കാണുന്നതിന് വേണ്ടിയാണിത്.  ശേഷം കണിക്കൊന്നപ്പൂക്കള്‍ വയ്ക്കുക. സങ്കൽപ്പമനുസരിച്ച് കണിവെള്ളരി മഹാവിഷ്ണുവിന്റെ മുഖവും, കൊന്നപ്പൂക്കള്‍ കിരീടവും വാല്‍ക്കണ്ണാടി മനസ്സുമാണെന്നുമാണ്.  

ഇതിന്റെ അടുത്ത് ഓട്ടുതാലത്തില്‍ അലക്കിയ കസവ് വയ്ക്കണം. കൂടാതെ ഗ്രന്ഥം, കുങ്കുമച്ചെപ്പ്, വെറ്റിലയില്‍ നാണയത്തുട്ടും പാക്കും, കണ്മഷി  എന്നിവയും വയ്ക്കുക.  ഒപ്പം നവദാന്യങ്ങളും വയ്ക്കണം, പച്ചക്കറികളുമാകാം.  പീഠത്തില്‍ നിലവിളക്ക് വച്ച് അഞ്ചുതിരിയിട്ട് എണ്ണയൊഴിച്ചു വയ്ക്കുക. മുന്നിലായി സാമ്പ്രാണി, ഓട്ടുകിണ്ടിയില്‍ ശുദ്ധജലം, പൂക്കള്‍ ,കൊടിവിളക്ക് എന്നിവയും തയ്യാറാക്കി വയ്ക്കണം.   വിഷുദിനത്തിൽ നിലവിളക്കിന്റെ സ്വർണ്ണ വെളിച്ചത്തിൽ കണ്ണനെയും കണിയും കണ്ടുണരുമ്പോൾ ഐശ്വര്യപൂർണ്ണമായ പുതുവർഷമാണ് നമുക്ക് ലഭിക്കുന്നത്. 

Also Read: ആഗ്രഹ സഫലീകരണത്തിന് ശ്രീചക്രം നോക്കി ധ്യാനിക്കുന്നത് ഉത്തമം

കണിക്കൊന്ന പൂക്കള്‍ വിഷുക്കണിയില്‍ നിര്‍ബന്ധമാണ്.  വീട്ടിലെ പ്രായമായ സ്ത്രീ രാത്രി കണി ഒരുക്കി ഉറങ്ങാന്‍ കിടക്കും. ശേഷം പുലര്‍ച്ചെ എഴുന്നേറ്റ് കണികണ്ട്, മറ്റുള്ളവരെ കണികാണിക്കും. ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തി പുറകില്‍ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ് കണികാണിക്കുന്നത്. കുടുംബാംഗങ്ങള്‍ എല്ലാവരും കണികണ്ടാല്‍ പിന്നെ വീടിന്റെ കിഴക്കുവശത്ത് കണികൊണ്ടുചെന്ന് പ്രകൃതിയെ കണികാണിക്കണം, അതിനു ശേഷം ഫലവൃക്ഷങ്ങളേയും, വീട്ടുമൃഗങ്ങളേയും കണികാണിക്കും. 

ഇനി കുട്ടികളെ സംബന്ധിച്ചിടത്തോളം പ്രധാനം എന്ന് പറയുന്നത് കണി കണ്ടതിനുശേഷം ഗൃഹനാഥന്‍ കുടുംബാംഗങ്ങള്‍ക്ക് നല്‍കുന്ന സമ്മാനമായ വിഷുക്കൈനീട്ടം തന്നെയാണ്.  പണ്ടൊക്കെ സ്വര്‍ണ്ണം, വെള്ളി എന്നിവയില്‍ ഉണ്ടാക്കിയ നാണയങ്ങള്‍ ആയിരുന്നു വിഷുക്കൈനീട്ടമായി നൽകിയിരുന്നത്.  പ്രായമായവര്‍ പ്രായത്തില്‍ കുറവുള്ളവർക്കാണ് സാധാരണ കൈനീട്ടം നല്‍കുന്നത് എങ്കിലും ചില സ്ഥലങ്ങളില്‍ പ്രായം കുറഞ്ഞവര്‍ മുതിര്‍ന്നവര്‍ക്കും കൈനീട്ടം നല്‍കാറുണ്ട്.

സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ഈ വിഷുദിനത്തിൽ സീ ഹിന്ദുസ്ഥാൻ മലയാളം ടീം ഏവർക്കും ഐശ്വര്യപൂർണ്ണമായ ഒരു വിഷുക്കാലം ആശംസിക്കുന്നു..

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News