തിരുവനന്തപുരം ആൽത്തറയിലെ വീട്ടിൽ 2019 ഫെബ്രുവരി 24 നാണ് യുവ സംവിധായിക നയന സൂര്യനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. രാവിലെ ഫോൺ വിളിച്ചിട്ട് ലഭിക്കാതെ ആയപ്പോൾ സുഹൃത്തുക്കൾ വീട്ടിലെത്തിയപ്പോഴാണ് നയനയെ മരിച്ച നിലയിൽ കാണുന്നത്. പ്രമേഹരോഗിയായിരുന്ന നയന ഷുഗർ താഴ്ന്ന് കുഴഞ്ഞു വീണ് മരിച്ചെന്നാണ് ആദ്യഘട്ടത്തിൽ പുറത്തു വന്ന വിവരം. അങ്ങനെ തന്നെയാണ് നയനയുടെ കുടുംബവും സുഹൃത്തുക്കളും വിശ്വസിച്ചത്. മൃതദേഹം കണ്ടെത്തിയ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലും ആയിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് മഹസർ റിപ്പോർട്ട് തയ്യാറാക്കുന്നതിലടക്കം പ്രാഥമിക കാര്യങ്ങളിൽ ഗുരുതര വീഴ്ച വരുത്തിയതാണ് മരിച്ച് നാല് വർഷം കഴിഞ്ഞിട്ടും നയനക്ക് നീതി കിട്ടാത്തതിന് കാരണം. പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ സുഹൃത്തുക്കളും കുടുംബവും.
മരണം നടന്ന് ദിവസങ്ങൾക്ക് ശേഷം പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചെങ്കിലും പൊലീസ് തെറ്റിധരിപ്പിച്ചു എന്ന് നയനയുടെ സഹോദരൻ മധു സീ മലയാളം ന്യൂസിനോട് പറഞ്ഞു. നയനയ്ക്ക് വിഷാദം രോഗം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ അങ്ങനെയൊരു രോഗം സഹോദരിക്ക് ഉണ്ടായിരുന്നില്ല. മരിക്കുന്നതിന് ഒരു ദിവസം മുമ്പ് അമ്മയുമായി ദീർഘനേരം സംസാരിച്ചു. നയനക്ക് ശത്രുക്കൾ ഉള്ളതായും അറിയില്ല. അസ്‌ഫിക്സിയോഫീലിയ എന്ന രോഗാവസ്ഥയാണ് ഉണ്ടായിരുന്നത് എന്നും ഈ രോഗാവസ്ഥ ഉള്ളവർ ശരീരം സ്വയം മുറിവേൽപിക്കുമെന്നും പൊലീസ് പറഞ്ഞ് വിശ്വസിപ്പിച്ചു. മറ്റ് രാജ്യങ്ങളിൽ ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും അതിനാൽ അസ്വാഭാവികത ഇല്ലെന്നും ധരിപ്പിച്ചു. സഹോദരൻ എന്ന നിലയിൽ കേൾക്കാൻ പാടില്ലാത്ത കാര്യങ്ങൾ പോലും പൊലീസ് പറഞ്ഞ് തെറ്റിധരിപ്പിച്ചു.അതുകൊണ്ട് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് ആരെയെങ്കിലും കാണിക്കാൻ മടിച്ചു. കേസിന് പോകാതിരുന്നതും അതുകൊണ്ടാണ്. പൊലീസ് തെളിവുകൾ നശിപ്പിച്ചു. നയനയുടെ മുറിയിലെ പല സാധനങ്ങളും നഷ്ടമായെന്നും മധു പറഞ്ഞു.
നയനയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് സുഹൃത്തുക്കൾ രംഗത്തുവന്നതോടെയാണ് പുനരന്വേഷണത്തിന് ഉത്തരവായത്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ആദ്യഘട്ടത്തിൽ കേസ് അന്വേഷിച്ച തിരുവനന്തപുരം മ്യൂസിയം പൊലീസിന് വീഴ്ച സംഭവിച്ചതായി സിറ്റ് പൊലീസ് കമ്മീഷണർ വൈ എച്ച് നാഗരാജുവിന്റെ റിപ്പോർട്ടിലുണ്ട്. കൂടെ താമസിച്ചിരുന്ന കൂട്ടുകാരിയിൽ നിന്ന് മൊഴിയെടുക്കുകയോ സുഹൃത്തുക്കൾ ചൂണ്ടിക്കാണിച്ച വസ്തുതകൾ അന്വേഷിക്കുകയോ ചെയ്തില്ല.
നയനയുടെ കേസ് അവസാനിപ്പിച്ച് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ മൂന്ന് കാര്യങ്ങളാണ് പ്രധാനമായും പറയുന്നത്. 1. അസ്‌ഫിക്സിയോഫീലിയ എന്ന പ്രത്യേക മാനസികാവസ്ഥ ആയിരുന്നു നയനയ്ക്ക്. 2. ബ്ലഡ് ഷുഗർ ലെവർ അപകടകരമാംവിധം താഴ്ന്നിരുന്നു. 3 വിഷാദരോഗം ഉണ്ടായിരുന്നു. എന്നാൽ ഈ മൂന്ന് കാര്യങ്ങളെയും സാധൂകരിക്കുന്ന തെളിവുകൾ ഒന്നും പൊലീസിന്റെ പക്കൽ ഉണ്ടായിരുന്നില്ല.
പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ ചില പരാർമശങ്ങൾ പരിശോധിക്കാൻ പൊലീസ് തയ്യാറായില്ലെന്നാണ് ആരോപണം. കഴുത്തിലും ശരീരഭാഗങ്ങളിലും ക്ഷതമുണ്ടെന്ന് റിപ്പോർട്ടിൽ ഉണ്ടായിട്ടും പൊലീസ് അന്വേഷിച്ചില്ല. കഴുത്തിന്റെ ഇടതുഭാഗത്ത് 31.5 സെന്റീമീറ്റർ നീളത്തിൽ ഉരഞ്ഞുണ്ടായ മുറിവും താടിയെല്ലിൽ 6.5 സെന്റിമീറ്റർ നീളത്തിൽ ഉരഞ്ഞ പാടും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. പക്ഷേ പൊലീസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ ഇവ ഉണ്ടായിരുന്നില്ല. നയന മരിച്ചുകിടന്ന മുറിയുടെ വാതിൽ അകത്തുനിന്ന് പൂട്ടിയിരുന്നു എന്ന കണ്ടെത്തലിനും സാധൂകരണമില്ല. അസ്‌ഫിക്സിയോഫീലിയ എന്ന രോഗാവസ്ഥ നയനക്ക് ഉണ്ടായിരുന്നതായി സ്ഥിരീകരണമില്ല. ആത്മഹത്യയെന്ന നിഗമനത്തിൽ എത്തുമ്പോഴും ആത്മഹത്യയ്ക്ക് സ്വീകരിച്ച മാർഗത്തെക്കുറിച്ച് പൊലീസ് വ്യക്തമാക്കുന്നില്ല. വയറിന്റെ ഇടതുഭാഗത്തും മധ്യഭാഗത്തും പാൻക്രിയാസിന്റെ മുകൾഭാഗത്തും ക്ഷതമുള്ളതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഉണ്ടെങ്കിലും അന്വേഷണവുമായി മുന്നോട്ടു പോകാൻ പൊലീസ് തയ്യാറായില്ലെന്നും കുടുംബം ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
.