ഒരു ദിവസത്തിന്‍റെ ആചരണത്തില്‍ ഒതുങ്ങേണ്ടതല്ല വയോജന സംരംക്ഷണം എന്നോര്‍മ്മപ്പെടുത്തി ബിന്ദു ജയകുമാറിന്‍റെ 'ബി വിത്ത് ദം,' എന്ന ഡോക്യുമെന്‍ററി ശ്രദ്ധേയമാകുന്നു. കേരളത്തിലെ വൃദ്ധസദനങ്ങളിലെ അവസ്ഥയും അന്തേവാസികളുടെ മാനസികസംഘര്‍ഷങ്ങളും വരച്ചു കാട്ടുന്ന ഡോക്യുമെന്‍ററി വൃദ്ധരായ മാതാപിതാക്കളെ സംരംക്ഷിക്കേണ്ടതിന്‍റെ പ്രധാന്യം വിളിച്ചോതുന്നതാണ്.
സര്‍ക്കാരിന് കീഴിലുള്ള വൃദ്ധസദനങ്ങളെക്കുറിച്ച് 2009-13 കാലഘട്ടത്തില്‍ ഡോ.ബിന്ദു ജയകുമാര്‍ പഠനം നടത്തിയിരുന്നു. ഗവേഷണപഠനത്തിന്‍റെ ഭാഗമായുള്ള യാത്രകളാണ് ഡോ.ബിന്ദുവിനെ ഡോക്യുമെന്‍ററി നിര്‍മ്മാണത്തില്‍ എത്തിച്ചത്.
കൂട്ടുകുടുംബത്തിൽ നിന്ന് അണുകുടുംബങ്ങളിലേക്ക് മാറിയതും നഗരവത്കരണം, ആധുനികവത്കരണം, മാറിയ ചിന്താഗതി, ആയുർദൈർഘ്യം വർധിച്ചത് തുടങ്ങിയവയെല്ലാം വൃദ്ധസദനങ്ങൾ വർധിക്കുന്നതിന് കാരണമായെന്ന് ഡോ.ബിന്ദു ചൂണ്ടിക്കാട്ടുന്നു. ഭൂരിഭാഗം വൃദ്ധരും ആകുലരാണ്. സംരക്ഷിക്കാൻ ആരുമില്ലന്ന ഭയവും കാലക്രമേണ ആരോഗ്യം ക്ഷയിക്കുമെന്ന ഭയവും ഇവരെ ഉത്കണ്ഠാകുലരാക്കുന്നു. ഒരുമിച്ച് വൃദ്ധസദനങ്ങളിലാക്കപ്പെട്ട വൃദ്ധദമ്പതികളില്‍ ആകുലത വളരെ കൂടുതലാണന്നും ഡോ.ബിന്ദു പറയുന്നു.
മാതാപിതാക്കൾക്ക് നല്ല അവസാന കാലം നൽകേണ്ടത് ഓരോരുത്തരുടേയും ബാധ്യതയാണന്ന് ഓർമ്മപ്പെടുത്തിയാണ് ഡോക്യുമെന്‍ററി അവസാനിക്കുന്നത്. ഡോക്യുമെന്‍ററിയുടെ കാലിക പ്രസക്തി മനസിലാക്കിയ മന്ത്രി കെ.ടി ജലീല്‍, ചലച്ചിത്ര താരങ്ങളായ ജയസൂര്യ, ഗോവിന്ദ് പത്മസൂര്യ, സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ എന്നിവരും ഡോക്യുമെന്‍ററിയുമായി സഹകരിച്ചു. മക്കാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറിലാണ് 25 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്‍ററിയുടെ നിര്‍മ്മാണം. മൂർക്കനാട് ഹയർ സെക്കന്‍ഡറി അധ്യാപികയാണ് ഡോ. ബിന്ദു ജയകുമാര്‍.