കര്‍ക്കിടകം പിറന്നു; ദുസ്ഥിതികൾ നീക്കി മനസ്സിനു ശക്‌തി പകരാം രാമായണപാരായണത്തിലൂടെ

  

Last Updated : Jul 18, 2018, 05:14 PM IST
കര്‍ക്കിടകം പിറന്നു; ദുസ്ഥിതികൾ നീക്കി മനസ്സിനു ശക്‌തി പകരാം രാമായണപാരായണത്തിലൂടെ

മലയാള വര്‍ഷത്തിന്‍റെ അവസാന മാസമായ കര്‍ക്കിടകത്തിനെ വൃത്തിയോടേയും, ശുദ്ധിയോടേയും കാത്തു സൂക്ഷിക്കണം. രാമശബ്ദം പരബ്രഹ്മത്തിന്‍റെ പര്യായവും, രാമനാമജപം ഹൃദയങ്ങളെ വേണ്ടവിധം ശുദ്ധീകരിക്കുകയും മനുഷ്യരെ മോക്ഷപ്രാപ്‌തിക്ക്‌ അര്‍ഹരാക്കുകയും ചെയ്യുന്നു. 

അജ്ഞാനമാകുന്ന അന്ധകാരം നീക്കി വിജ്ഞാനമാകുന്ന പ്രകാശം പരത്തണം. അതിനു വേണ്ടിയാണ്‌ രാമായണ പാരായണവും രാമായണ ശ്രവണവും കര്‍ക്കിടകത്തില്‍ നിര്‍ബന്ധമാക്കുന്നത്‌. കർക്കിടകമാസം പണ്ട് പഞ്ഞമാസമായിരുന്നു. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ജനവിഭാഗത്തിന് ഇന്നും ഒരു പക്ഷേ അങ്ങനെ ആകാം. എന്നാൽ അതിനും ഉപരിയായി ഇത് ഭഗവതി മാസം ആണ്. എല്ലാ വീടുകളിലും ഗണപതിഹോമവും ഭഗവതി സേവയും നടത്തുന്ന മാസം. എല്ലാത്തിനും ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്‌ നാലമ്പലദര്‍ശനം. 

രാമായണ മാസമായ കര്‍ക്കിടകത്തില്‍ പ്രസിദ്ധമായി നടന്നു വരുന്നതാണ്‌ നാലമ്പല തീര്‍ത്ഥാടനയാത്ര. തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട ഭരതക്ഷേത്രം, മൂഴിക്കുളം ലക്ഷ്‌മണക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌നക്ഷേത്രം എന്നീ നാലമ്പലങ്ങളില്‍ ഒരേ ദിവസം ദര്‍ശനം നടത്തുന്നത്‌ ശ്രേയസ്‌ക്കരമെന്നാണ്‌ വിശ്വാസം. അരോ വര്‍ഷവും നാലമ്പല ദര്‍ശനം നടത്തുന്ന വിശ്വാസികളുടെ എണ്ണം പതിന്‍മടങ്ങ്‌ കൂടിവരികയാണ്‌.

രാമായണ മാസാചരണം കർക്കടകത്തിലെ ദുസ്ഥിതികൾ നീക്കി മനസ്സിനു ശക്‌തി പകരാനുള്ള വഴിയാണ്. രാമകഥ ആദ്യന്തം ദുഃഖം നിറഞ്ഞതാണ്. രാമായണം വായിക്കുമ്പോൾ അതിലെ ശോകഭാവം നാം ഉൾക്കൊള്ളുകയാണ്. അവതാര പുരുഷനുപോലും വേദനകളിലൂടെ കടന്നു പോകേണ്ടിവന്നു. അതിനു മുന്നിൽ സാധാരണ മനുഷ്യരുടെ ആകുലതകൾക്ക് എന്തു പ്രസക്‌തിയാണുള്ളത്? ഈ ചിന്ത തന്നെ നമുക്ക് ആത്മീയ ബലം പകരും. കർക്കടകത്തിലെ രാമായണ പാരായണത്തിന്‍റെ ദൗത്യം ഈ ആത്മബലം ആർജിക്കാൻ മനുഷ്യനെ പ്രാപ്തനാക്കുകയെന്നതാണ്.

Trending News