1970 ഏപ്രില്‍ 22ന് അമേരിക്കയില്‍ തുടക്കം കുറിച്ച ലോക ഭൗമദിനാചരണത്തിന് ഇന്ന് 46 വയസ്സ് തികയുകയാണ്. 'ഭൂമിക്ക് മരങ്ങള്‍' എന്നതാണ് ഈ വര്‍ഷത്തെ ലോക ഭൗമദിന സന്ദേശം. ലോകമെമ്പാടുമായി 780 കോടി മരങ്ങള്‍ നടുക എന്ന ലക്ഷ്യമാണ് മുന്നില്‍.
രാജ്യാതിര്‍ത്തികളെ അപ്രസക്തമാക്കിക്കൊണ്ട് ലോകമൊട്ടാകെയുള്ള പരിസ്ഥിതി സ്നേഹികളുടെ ഒരു വലിയ കൂട്ടായ്മ ഇന്ന് രൂപപ്പെട്ടിട്ടുണ്ട്. ഒരു ദിവസത്തെ കേവല ആചരണത്തിനപ്പുറം ലോകമെമ്പാടും ദീര്‍ഘകാല വീക്ഷണത്തോടെ ആസൂത്രണം ചെയ്തു നടപ്പാക്കുന്ന വലിയ പരിപാടികളോ പദ്ധതികളോ ഒക്കെ ആയി ഭൗമദിന പ്രവര്‍ത്തനങ്ങള്‍ മാറിയിട്ടുണ്ട്. എന്നിരുന്നാലും മനുഷ്യന്‍റെ ഇടപെടലിനെ ആശ്രയിച്ചാണ് ഭൂമിയുടെ നിലനിൽപ്പ്. മനുഷ്യന് വേഗത്തില്‍ അതിനെ സംരക്ഷിക്കുകയോ നശിപ്പിക്കുകയോ ചെയ്യാം.
ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഭൂമിയിലെ ചൂട് നാലു ഡിഗ്രിയെങ്കിലും കൂടുമെന്നാണ് യു.എൻ പഠന സംഘത്തിന്‍റെ മുന്നറിയിപ്പ്. പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഇന്ധനങ്ങളും മറ്റും കത്തുമ്പോൾ ഉണ്ടാകുന്ന കാർബൺ അന്തരീക്ഷത്തിൽ നിറയുന്നതാണ് ക്രമാതീതമായി വർദ്ധിക്കുന്ന ചൂടിനു പിന്നിലുള്ള അടിസ്ഥാന കാരണം.
ആഗിരണം ചെയ്യുവാൻ ആവശ്യമായ വനങ്ങളും മറ്റു സസ്യാവരണങ്ങളും കുറഞ്ഞതോടെ ഈ കാർബൺ അന്തരീക്ഷത്തിൽ തന്നെ അവശേഷിക്കുന്നു. പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കാണ് ഈ പ്രതിസന്ധിക്കുള്ള ഏക പരിഹാരം.
വികസനത്തിന്‍റെ പേരിൽ നമ്മൾ തകർത്ത കുന്നുകളും, മണ്ണിട്ട് മൂടിയ പുഴകളും, വെട്ടിയെറിഞ്ഞ മരങ്ങളും തിരികെ നല്‍കുന്നത് തീജ്വാലയാളുന്ന പകലുകളും നീറി പുകയുന്ന രാവുകളുമാണെന്ന സത്യം മറക്കരുത്. നന്മയുടെ തണുത്ത നാളേക്കായി നമുക്ക് ഒരു മരം നടാം...