ഭരണഘടനാ നിര്‍മ്മാണസഭയിലെ വനിതാ പ്രതിനിധികള്‍

ഇന്ത്യന്‍ ഭരണ ഘടനയെപ്പറ്റി ഓര്‍ക്കുമ്പോള്‍ ആദ്യംഓര്‍മ്മ വരുന്ന പേര് ബാബാ സാഹെബ് അംബേദ്കറിന്‍റെയാണ്. ഭരണ ഘടനശില്പിയായ അദ്ദേഹത്തെ ഒഴികെ ഇന്നത്തെ തലമുറയ്ക്ക് മറ്റൊരു പേര് ഭരണ ഘടനയുമായി ബന്ധപ്പെട്ട് ഓര്‍മ്മയുണ്ടാവാന്‍ ഇടയില്ല.

Last Updated : Jan 26, 2019, 04:36 PM IST
ഭരണഘടനാ നിര്‍മ്മാണസഭയിലെ വനിതാ പ്രതിനിധികള്‍

ഇന്ത്യന്‍ ഭരണ ഘടനയെപ്പറ്റി ഓര്‍ക്കുമ്പോള്‍ ആദ്യംഓര്‍മ്മ വരുന്ന പേര് ബാബാ സാഹെബ് അംബേദ്കറിന്‍റെയാണ്. ഭരണ ഘടനശില്പിയായ അദ്ദേഹത്തെ ഒഴികെ ഇന്നത്തെ തലമുറയ്ക്ക് മറ്റൊരു പേര് ഭരണ ഘടനയുമായി ബന്ധപ്പെട്ട് ഓര്‍മ്മയുണ്ടാവാന്‍ ഇടയില്ല.

എന്നാല്‍ നമ്മുടെ ഭരണഘടനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച നിരവധി വനിതകള്‍ ഉണ്ടെന്ന കാര്യം വിസ്മരിച്ചുകൂടാ. ഭരണഘടനയ്ക്ക് രൂപമ നല്‍കിയ സഭയിലെ വനിതാ പ്രതിനിധികളുടെ എണ്ണം 15 ആയിരുന്നു.

299 അംഗ ഭരണഘടന നിര്‍മ്മാണ സഭയാണ് ഇന്ത്യന്‍ ഭരണഘടനയ്ക്ക് അന്തിമരൂപം നല്‍കുന്നത്. ആ സഭയില്‍ 15 വനിതാ പ്രതിനിധികളു൦ ഉണ്ടായിരുന്നു. 

അമ്മു സ്വാമിനാഥന്‍, ദാക്ഷായണി വേലായുധന്‍, ദുര്‍ഗാഭായ് ദേശ്മുഖ്, ആനീമസ്‌ക്രീന്‍ (മദിരാശി), ഹസ്‌നാ ജീവ്രാജ് മേത്ത (ബോംബെ), മാലതി ചൗധരി  (ഒറീസ), സുചേതാ കൃപലാനി, വിജയലക്ഷ്മി പണ്ഡിറ്റ്, പൂര്‍ണിമ ബാനര്‍ജി, കമലാ ചൗധരി, ബീഗം ഐസാസ് റസല്‍ (ഉത്തര്‍പ്രദേശ്), സരോജിനി നായിഡു (ബിഹാര്‍), രാജ്കുമാരി അമ്രീത് കൗര്‍ (പഞ്ചാബ്), രേണുക റോയ്, ലീലാ നാഗ് (ബംഗാള്‍) എന്നിവരായിരുന്നു ആ വനിതകള്‍.

ഇവരില്‍ ദാക്ഷായണിയും അമ്മു സ്വാമിനാഥനും ആനി മസ്‌ക്രീനും മലയാളികളായിരുന്നു. ഭരണഘടന നിര്‍മ്മാണ സഭയിലെ വനിതകളെക്കുറിച്ച്:

അമ്മു സ്വാമിനാഥന്‍
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു സവര്‍ണ്ണ ഹിന്ദു കുടുംബത്തിലായിരുന്നു അമ്മു സ്വാമിനാഥന്‍റെ ജനനം. 1917 വിമന്‍ ഇന്ത്യ അസോസിയേഷന്‍ എന്ന സംഘടന രൂപീകരിച്ചു. ഭരണഘടനാ നിര്‍മ്മാണസഭയില്‍ 1946 ല്‍ അംഗമായി. ഭരണഘടന പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്ത് സ്ത്രീ-പുരുഷ സമത്വം നിലവില്‍ വരുമെന്ന് അവര്‍ പ്രത്യാശിച്ചു. 1952 ല്‍ ലോക്‌സഭയിലേക്കും1954 ല്‍ രാജ്യസഭയിലേക്കും തെരഞ്ഞടുക്കപ്പെട്ടു.

ജാതി വിവേചനത്തിനെതിരെ പോരാടിയ അമ്മു, നെഹ്‌റു പണ്ഡിറ്റ്ജി എന്ന് വിളിക്കപ്പെടുന്നതിലെ ജാതീയത ചൂണ്ടിക്കാട്ടി. ആ അഭിസംബോധന ആസ്വദിച്ചതില്‍ അദ്ദേഹത്തെ വിമര്‍ശിച്ചു. ശൈശവ വിവാഹത്തിന്‍റെ  ഇരയായ അമ്മു, ബാലവിവാഹം നിരോധിച്ചുള്ള നിയമം നടപ്പാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

ദാക്ഷായണി വേലായുധന്‍
1912 ജൂലൈയില്‍ കൊച്ചിയിലെ ബോള്‍ഗാട്ടിയില്‍ ജനനം. മേല്‍വസ്ത്രം ധരിച്ച ആദ്യ ദളിത് പെണ്‍കുട്ടി, രാജ്യത്തെ ബിരുദധാരിയായ ആദ്യ ദളിത് സ്ത്രീ എന്ന വിശേഷണത്തിനര്‍ഹയാണ് ദാക്ഷായണി.

എറണാകുളം മഹാരാജാസില്‍നിന്നും 1935ല്‍ ഒന്നാം ക്ലാസ്സില്‍ ബി.എസ്.സി കെമിസ്ട്രി പാസായി. 1938 ല്‍ മദ്രാസ് സെന്റ് ക്രിസ്റ്റഫര്‍ കോളേജില്‍നിന്ന് എല്‍.ടിയും. സ്‌കോളര്‍ഷിപ്പ് നേടി. വിദ്യാഭ്യാസ യോഗ്യത സവിശേഷമായി പരിഗണിച്ച് ദാക്ഷായണിയെ തൃശൂരിനടുത്ത പെരിങ്ങോട്ടുകര ഹൈസ്‌കൂളില്‍ അധ്യാപികയായി നിയമിച്ചു.

1945 ജുലൈ 31ന്, കൊച്ചി നിയമസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു. ഭരണഘടനാ നിര്‍മാണ സഭയിലേക്ക് പരിഗണിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വനിത. അന്ന് വയസ്സ് 34. അയിത്താചാരത്തിന്റെയും അനാചാരത്തിന്‍റെയും പേരില്‍ ഭരണനിര്‍മാണ സഭയില്‍ നെഹ്‌റുവിനോട് വാഗ്വാദത്തിലേര്‍പ്പെട്ട ദാക്ഷായണി അംബേദ്കറോടും തര്‍ക്കിച്ചു.

ആനി മസ്‌ക്രീന്‍
സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ അംഗമായ ആദ്യ സ്ത്രീകളിലൊരാള്‍. ആദ്യ വനിതാ നിര്‍വാഹക സമിതിയംഗം, ജനറല്‍ സെക്രട്ടറി. തുറന്ന അഭിപ്രായ പ്രകടനങ്ങള്‍ക്ക് ഗാന്ധിജിയുടെ വിമര്‍ശനം നേരിട്ട സ്വാതന്ത്ര്യ സമര സേനാനി. തിരുവിതാംകൂറിന്‍റെ ഝാന്‍സി റാണി എന്നറിയപ്പെട്ടു.

ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് 1948-52 കാലയളവില്‍ തിരു-കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലി അംഗവും പറവൂര്‍ ടി.കെ നാരായണപിള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ മന്ത്രിയുമായി. ഭരണഘടനാ നിര്‍മാണ സമിതിയില്‍ ആനി ഗൃഹപാഠം ചെയ്ത് നടത്തിയ പ്രസംഗങ്ങള്‍ വ്യത്യസ്തമായി.

ബീഗം ഐസാസ് റാസുല്‍
ഭരണഘടനാ നിര്‍മ്മാണസഭയിലെ ഏക മുസ്‌ലിം വനിത. മാലേര്‍ക്കോട്ടയിലെ രാജകുടുംബത്തില്‍ ജനനം. 1937 ല്‍ യു.പി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1950 ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1952 ല്‍ രാജ്യസഭയിലെത്തി.

ദുര്‍ഗാബായ് ദേശ്മുഖ്
1909 ല്‍ രാജമുണ്ട്രിയില്‍ ജനനം. നിസഹകരണ പ്രസ്ഥാനത്തിലും ഉപ്പുസത്യാഗ്രഹത്തിലും പങ്കെടുത്തു. 1936 ല്‍ ആന്ധ്രാ മഹിളാ സഭ രൂപീകരിച്ചു. പ്ലാനിംഗ് കമ്മീഷന്‍ അംഗമായും എം.പിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഹസ്‌നാ ജീവ്രാജ് മേത്ത
1897 ല്‍ ജനനം. അഖിലേന്ത്യാ വനിതാ കോണ്‍ഫറന്‍സിന്റെ പ്രസിഡന്റായിരുന്നു. കുട്ടികള്‍ക്കായി നിരവധി പുസ്തകങ്ങളെഴുതി.

കമലാ ചൗധരി
ലക്‌നൗവിലെ സമ്പന്ന കുടുംബത്തില്‍ ജനനം. എന്നിരുന്നാലും വിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോകാന്‍ ഏറെ പ്രയാസപ്പെട്ടു. കോണ്‍ഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റായിരുന്നു.

ലീലാ റോയ്
ആസാമിലെ ഗോപാല്‍പരയില്‍ 1900 ത്തില്‍ ജനനം. ബംഗാള്‍ വുമണ്‍ സഫ്രാജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു. 1937 ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സുഭാഷ് ചന്ദ്രബോസിന്റെ വനിതാ സബ്കമ്മിറ്റിയില്‍ അംഗമായിരുന്നു.

മാലതി ചൗധരി
1904 ല്‍ ബംഗാളില്‍ ജനനം. ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തുകൊണ്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു.

പൂര്‍ണ്ണിമ ബാനര്‍ജി
അലഹാബാദ് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയായിരുന്നു. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തതിന് ജയില്‍ വാസം അനുഷ്ഠിച്ചിട്ടുണ്ട്.

രാജ്കുമാരി അമൃത്കൗര്‍
1889 ല്‍ ലക്‌നൗവില്‍ ജനനം. ഇന്ത്യയുടെ ആദ്യ ആരോഗ്യമന്ത്രി. പത്ത് വര്‍ഷം ആരോഗ്യമന്ത്രിപദത്തില്‍ തുടര്‍ന്നു. എയിംസിന്റെ സ്ഥാപക. ആരോഗ്യമേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ ശ്രദ്ധേയം.

രേണുക റായ്
അഖിലേന്ത്യാ വനിതാ കോണ്‍ഫറന്‍സിന്റെ ലീഗല്‍ സെക്രട്ടറിയായിരുന്നു. 1952-57 വരെ ബംഗാള്‍ നിയമസഭാംഗമായിരുന്നു.

സരോജിനി നായിഡു

1879 ല്‍ ജനനം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റ്. ഇന്ത്യയുടെ വാനമ്പാടി എന്ന പേരില്‍ അറിയപ്പെട്ടു. സ്വാതന്ത്ര്യസമരത്തില്‍ സ്തുത്യര്‍ഹമായ പങ്കാളിത്തം കാഴ്ചവെച്ചു. ഏറെക്കാലം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.സാഹിത്യമേഖലയ്ക്ക് നല്‍കിയ സംഭാനകള്‍ ശ്രദ്ധേയം.

സുചേത കൃപാലിനി
1908 ല്‍ ജനനം. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തില്‍ നേതൃപരമായ പങ്ക് വഹിച്ചു. 1940 കോണ്‍ഗ്രസിന്റെ വനിതാ വിഭാഗം രൂപീകരിച്ചു.

വിജയലക്ഷ്മി പണ്ഡിറ്റ്
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സഹോദരി. സ്വാതന്ത്രസമരവുമായി ബന്ധപ്പെട്ട് ഏറെക്കാലം ജയിലിലടക്കപ്പെട്ടു.
ക്യാബിനറ്റ് മന്ത്രിയായ ആദ്യ വനിത.

 

 

 

 

 

 

 

 

Trending News