രുചിയിലും ഗുണത്തിലും മികച്ചതാണ് പാഷൻ ഫ്രൂട്ട്. ഉഷ്ണമേഖലാ ഫലമാണ് പാഷൻ ഫ്രൂട്ട്. ബ്രസീൽ, പരാഗ്വേ, അർജന്റീന തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് ഇത് ഇന്ത്യയിലെത്തിയത്. നാരുകൾ, വിറ്റാമിനുകളായ എ, സി, ഇരുമ്പ്, പൊട്ടാസ്യം എന്നിവയുൾപ്പെടെയുള്ള പോഷകങ്ങളാൽ സമ്പന്നമായ പാഷൻ ഫ്രൂട്ടിന്റെ ആരോഗ്യ ഗുണങ്ങൾ അതിശയിപ്പിക്കുന്നതാണ്.
1. പ്രതിരോധശേഷി വർധിപ്പിക്കുന്നു: പാഷൻ ഫ്രൂട്ടിലെ വിറ്റാമിൻ സിയുടെ ഉള്ളടക്കം ഒരു ആന്റി ഓക്‌സിഡന്റായി പ്രവർത്തിക്കുന്നു. ഇത് ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കോശങ്ങളുടെ നാശത്തിനെതിരെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. ഫ്രീ റാഡിക്കലുകൾ വാർധക്യ ലക്ഷണങ്ങളും വിവിധ രോഗങ്ങളും ഉണ്ടാകുന്നതിന് കാരണമാകുന്നവയാണ്. വൈറ്റമിൻ സി പ്രതിരോധശേഷി വർധിപ്പിക്കുക മാത്രമല്ല, ഇരുമ്പിന്റെ ആഗിരണത്തെ സഹായിക്കുകയും ചെയ്യുന്നു. അണുബാധയ്‌ക്കെതിരെ പോരാടുന്നതിന് അത്യന്താപേക്ഷിതമായ ഒരു ധാതുവാണ് ഇരുമ്പ്.
2. ഡയബറ്റിസ് മാനേജ്മെന്റ്: പാഷൻ ഫ്രൂട്ട് കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഉള്ള പഴമാണ്. അതായത്, പാഷൻ ഫ്രൂട്ട് കഴിച്ചാൽ രക്തത്തിലെ പഞ്ചസാര ഉയരില്ല. അതിനാൽ പ്രമേഹ രോഗികൾക്ക് പാഷൻ ഫ്രൂട്ട് കഴിക്കുന്നത് സുരക്ഷിതമാണ്. പാഷൻ ഫ്രൂട്ടിൽ വലിയ അളവിൽ നാരുകളും അടങ്ങിയിരിക്കുന്നു. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയറുവർഗങ്ങൾ ഉൾപ്പെടെയുള്ള നാരുകളാൽ സമ്പുഷ്ടമായ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായ അളവിൽ നിലനിർത്തുന്നതിന് സഹായിക്കുന്നു. ടൈപ്പ് 2 പ്രമേഹ നിയന്ത്രണത്തിന് പാഷൻ ഫ്രൂട്ട് നല്ലതാണ്.
3. ഗർഭധാരണത്തെ പിന്തുണയ്ക്കുന്നു: പാഷൻ ഫ്രൂട്ട് ഗർഭധാരണത്തെ പിന്തുണയ്ക്കുന്നു. വിറ്റാമിൻ സി, ഫോളേറ്റ് എന്നിവ ലഭിക്കുന്നതിന് പാഷൻ ഫ്രൂട്ട് മികച്ചതാണ്. ഈ പോഷകങ്ങൾ ഗർഭകാലത്ത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കുന്നു.
4. മെച്ചപ്പെട്ട ഉറക്കം ലഭിക്കാൻ സഹായിക്കുന്നു: സെറോടോണിൻ, ട്രിപ്റ്റോഫാൻ തുടങ്ങിയ സംയുക്തങ്ങൾ അടങ്ങിയ പാഷൻ ഫ്രൂട്ട് ശരീരത്തിന്റെ വിശ്രമത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
5. ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും: ഹൃദയത്തിന് അനുകൂലമായ പൊട്ടാസ്യം ധാരാളമായി അടങ്ങിയതും സോഡിയം കുറവുള്ളതുമായ പാഷൻ ഫ്രൂട്ട് ഹൃദയത്തിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ഒരു ഫലമാണ്. വിത്തുകളിലും കാണപ്പെടുന്ന നാരുകളുള്ള ഇതിന്റെ ഉള്ളടക്കം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
6. ദഹനത്തിന് മികച്ചത്: പാഷൻ ഫ്രൂട്ട് പൾപ്പിൽ ഗണ്യമായ അളവിൽ നാരുകൾ അടങ്ങിയിരിക്കുന്നു. ഇത് മലബന്ധം തടയുന്നു, കുടലിന്റെ ആരോഗ്യം മികച്ചതായി നിലനിർത്തുന്നു. പാഷൻ ഫ്രൂട്ടിന്റെ ഗുണങ്ങൾ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...