ഡല്‍ഹി ചീഫ് സെക്രട്ടറിയെ മര്‍ദ്ദിച്ച സംഭവം: മെഡിക്കൽ റിപ്പോർട്ട് പരിക്ക് സ്ഥിരീകരിക്കുന്നു

ഡൽഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിന്‍റെ മെഡികോ ലീഗൽ സര്ട്ടിഫിക്കറ്റ് (എംഎൽസി) പോലീസിന് സമർപ്പിച്ചിച്ചു. റിപ്പോര്‍ട്ടില്‍ അദ്ദേഹത്തിന്‍റെ മുഖത്ത് നിരവധി മുറിവുകള്‍ ഉള്ളതായി സൂചിപ്പിക്കുന്നു. എംഎൽസിയുടെ കോപ്പി സീ മീഡിയയ്ക്ക് ലഭിച്ചിട്ടുണ്ട്. 

Last Updated : Feb 21, 2018, 05:05 PM IST
ഡല്‍ഹി ചീഫ് സെക്രട്ടറിയെ മര്‍ദ്ദിച്ച സംഭവം: മെഡിക്കൽ റിപ്പോർട്ട് പരിക്ക് സ്ഥിരീകരിക്കുന്നു

ന്യൂഡല്‍ഹി: ഡൽഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിന്‍റെ മെഡികോ ലീഗൽ സര്ട്ടിഫിക്കറ്റ് (എംഎൽസി) പോലീസിന് സമർപ്പിച്ചിച്ചു. റിപ്പോര്‍ട്ടില്‍ അദ്ദേഹത്തിന്‍റെ മുഖത്ത് നിരവധി മുറിവുകള്‍ ഉള്ളതായി സൂചിപ്പിക്കുന്നു. എംഎൽസിയുടെ കോപ്പി സീ മീഡിയയ്ക്ക് ലഭിച്ചിട്ടുണ്ട്. 

റിപ്പോര്‍ട്ട് അനുസരിച്ച് നെറ്റിയുടെ വലതു ഭാഗത്ത് മുറിവ്, ചെവിയുടെ പിന്‍ഭാഗത്ത്‌ നീര്, ചുണ്ടുകൾക്ക് സമീപം മുറിവ്, വലതു കവിളില്‍ നീര് തുടങ്ങി മര്‍ദ്ദനം നടന്നതിന്‍റെ പ്രത്യക്ഷ തെളിവുകള്‍ കാണപ്പെടുന്നുണ്ട്. അരുണ ആസഫ് അലി സര്‍ക്കാര്‍ ആശുപത്രിയിൽ ചൊവ്വാഴ്ച രാവിലെ 9 മണിക്കാണ് ഡോക്ടർമാർ മെഡിക്കൽ പരിശോധന നടത്തിയത്.   


 
സംഭവുമായി ബന്ധപ്പെട്ട് അമാനത്തുള്ള ഖാന്‍ ജാമിയ നഗര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കൂടുതല്‍ ചോദ്യം ചെയ്യല്‍ ഉണ്ടാവുമെന്ന് സ്പെഷ്യൽ കമ്മീഷണർ ഓഫ് പോലീസർ ദേപേന്ദ്ര പഥക് പറഞ്ഞു.  

ഡൽഹി ചീഫ് സെക്രട്ടറിയുടെ ആരോപണത്തെത്തുടര്‍ന്ന് ആംആദ്മി പാര്‍ട്ടി എംഎൽഎയായ പ്രകാശ് ജർവാളിനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 

ഡല്‍ഹി ചീഫ് സെക്രട്ടറി ആക്രമിക്കപ്പെട്ട സംഭവം ഇപ്പോള്‍ ഒരു രാഷ്ട്രീയ വിഷയമായി മാറിയിരിയ്ക്കുകയാണ്. ഡല്‍ഹി മുഖ്യമന്ത്രി കെജരിവാളിന്‍റെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തി. അതേസമയം  ആം ആദ്മി നേതാവ് കെജരിവാള്‍ മാപ്പ് പറയണമെന്ന്  കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടു.

അതേസമയം, ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഡൽഹി ലഫ്റ്റനന്‍റ് ഗവർണറിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ചാണ് സംഭവം നടന്നത്. പൗരന്മാര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കലെത്തിക്കുന്ന പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായാണ് തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ വസതിയില്‍  ആലോചനാ യോഗം വിളിച്ചുചേര്‍ത്തത്. ഈ യോഗത്തില്‍ വച്ചാണ് ആപ് എംഎല്‍എമാര്‍ മര്‍ദ്ദിച്ചതെന്ന് ചീഫ് സെക്രട്ടറി ലഫ്.ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

അതേസമയം, മുഖ്യമന്ത്രിക്കും എംഎല്‍എമാര്‍ക്കും എതിരെ കേസെടുക്കണമെന്ന് സംഭവത്തില്‍ പ്രതിഷേധിച്ച ഐഎഎസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ആപ് എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കും വരെ ജോലി പുനരാരംഭിക്കില്ല എന്ന് ഡൽഹി അഡ്മിനിസ്ട്രേറ്റീവ് സബോർഡിനേറ്റ് സർവീസ് പ്രസിഡന്‍റ് ഡി എൻ സിംഗ് പറഞ്ഞു.

 

 

 

Trending News