ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ നാല്‍പത്തിയേഴാമത് ചീഫ് ജസ്റ്റിസായി ശരദ് അരവിന്ദ് ബോബ്‌ഡെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
രാഷ്ട്രപാതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലികൊടുത്തു.
2021 ഏപ്രില്‍ 23 വരെയായിരിക്കും ബോബ്‌ഡെയുടെ കാലാവധി. നിലവില്‍ സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് ജസ്റ്റിസ് ബോബ്‌ഡെ.
Delhi: Justice Sharad Arvind Bobde takes oath as Chief Justice of India. pic.twitter.com/JdacpmNUi4
— ANI (@ANI) November 18, 2019
Delhi: Justice Sharad Arvind Bobde sworn-in as the 47th Chief Justice of India. pic.twitter.com/f47aS4wipv
— ANI (@ANI) November 18, 2019
അയോധ്യക്കേസ് വാദം കേട്ട ബെഞ്ചില്‍ അംഗമായിരുന്നു ജസ്റ്റിസ് ബോബ്ഡെ. അയോധ്യ, ശബരിമല തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍ ഇനിയുള്ള നിയമപോരാട്ടങ്ങള്‍ പുതിയ ചീഫ് ജസ്റ്റിസിനു കീഴിലാകും.
അയോധ്യയിലെ പുനഃപരിശോധനാ ഹര്‍ജികളും ശബരിമലയിലെ വിശാലബെഞ്ചുമെല്ലാം ഇനി ജസ്റ്റിസ് ബോബ്ഡെയുടെ നേതൃത്വത്തില്‍ പരിഗണിച്ചേക്കും.
ബിസിസിഐ കേസ്, പടക്കങ്ങൾക്കെതിരെയുള്ള ഹര്‍ജി തുടങ്ങിയ നിർണായക കേസുകള്‍ പരിഗണിച്ച ബെഞ്ചിൽ ബോബ്ഡെയും അംഗമായിരുന്നു.
ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ബോബ്‌ഡെയെ നിയമിക്കണമെന്ന് മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയാണ് കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്.
ലൈംഗികാരോപണ കേസില്‍ ജസ്റ്റിസ് ബോബ്ഡെ ഉള്‍പ്പെട്ട സമിതിയാണ് ഗൊഗോയിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്. 1956 ഏപ്രിൽ 24 ന് മഹാരാഷ്ട്രയിലെ നാഗ്‍പൂരിലാണ് എസ് എ ബോബ്ഡെയുടെ ജനനം.
നാഗ്പൂര്‍ യൂണിവേഴ്സിറ്റിയിൽ നിന്ന് പഠനം പൂര്‍ത്തിയാക്കി ബോബ്‌ഡെ 2000 മാര്‍ച്ചില്‍ മഹാരാഷ്ട്ര ഹൈക്കോടതി ജഡ്ജിയായി, 2012 ഒക്ടോബറില്‍ മധ്യപ്രദേശ് ചീഫ് ജസ്റ്റിസായി. 2013 ഏപ്രിലിലാണ് സുപ്രീം കോടതി ജഡ്ജിയായത്.
കൂടാതെ, ജസ്റ്റിസ് ഗൊഗോയ് വിരമിക്കുമ്പോള്‍ ജസ്റ്റിസ് ബോബ്‌ഡെ അധ്യക്ഷനായി കൊളീജിയം പുനഃസംഘടിപ്പിക്കും. ജസ്റ്റിസ് ആര്‍.ഭാനുമതി പുതിയ കൊളീജിയത്തില്‍ അംഗമാകും.
കൊളീജിയത്തിലെത്തുന്ന രണ്ടാമത്തെ വനിതാ ജഡ്ജിയാണ് ആര്‍.ഭാനുമതി.
നാഗ്പുരിലെ അഭിഭാഷക കുടുംബത്തില്‍ ജനിച്ച ശരത് ബോബ്ഡെയുടെ പിതാവ് അരവിന്ദ് ബോബ്ഡെ മഹാരാഷ്ട്ര അഡ്വക്കറ്റ് ജനറലായിരുന്നു.