ബംഗളൂരു: നോട്ട് പ്രതിസന്ധിക്കിടയിലും 500 കോടിയോളം മുടക്കി മകളുടെ വിവാഹം നടത്തിയ കർണാടക മുൻ മന്ത്രിയും ഖനി വ്യവസായിയുമായ ജനാർദന റെഡ്ഡിക്കെതിരെ ആദായനികുതി വകുപ്പ്. റെഡ്ഡിയുടെ ബെള്ളാരിയിലെ ഖനി കമ്പനിയിലും വീട്ടിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി.
ബെല്ലാരിയിലെ ഒബുലാപുരം ഖനന കമ്പനി ഓഫീസ്, ഹൈദരാബാദ്, ബംഗലൂരു എന്നിവിടങ്ങളിലെ ഓഫീസുകളിലും റെഡ്ഡിയുടെ വീട്ടിലുമാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. നിരവധി രേഖകള്‍ അന്വേഷണസംഘം പിടിച്ചെടുത്തതാണ് റിപ്പോര്‍ട്ട്.
വിവരാവകാശപ്രവർത്തകനും മുതിർന്ന അഭിഭാഷകനുമായ ടി. നരസിംഹമൂർത്തിയുടെ പരാതിയിലാണ് നടപടി. നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് ജനം പണമില്ലാതെ വലയുമ്പോള്‍ ജനാർദന റെഡ്ഡിക്ക് എവിടുന്ന് ഇത്രേയും പണം ലഭിച്ചെന്ന് കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആദായനികുതി വകുപ്പിന് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസമായിരുന്നു ബംഗളൂരു പാലസ് ഗ്രൗണ്ടില്‍ ആഡംബരമായ കല്യാണം നടന്നത്.
500 കോടി കൊണ്ട് നടത്തിയ വിവാഹാഘോഷത്തിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ വിവാഹ ചടങ്ങുകളില്‍ നിന്നും പല ബിജെപി നേതാക്കളും വിട്ടുനിന്നിരുന്നു. സിനിമ, രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ ഉള്‍പ്പടെ 50,000 പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്.